X
    Categories: indiaNews

ബീഫ് കഴിക്കുന്നത് പുരാതന ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗം; കണ്ടെത്തലുമായി പഠനം

ന്യൂഡല്‍ഹി: സിന്ധൂ നദീതട സംസ്‌കാരത്തില്‍ മനുഷ്യര്‍ ബീഫ് അടക്കമുള്ള ഇറച്ചി വിഭവങ്ങള്‍ ധാരാളമായി ഉപയോഗിച്ചിരുന്നു എന്ന് പഠനം. ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ ഏഴിടങ്ങളില്‍ നടത്തിയ ഗവേഷണത്തിലാണ് 4600 വര്‍ഷങ്ങള്‍ക്ക് മുമ്പു തന്നെ ഇന്ത്യയില്‍ ഇറച്ചി വ്യാപകമായി ഭക്ഷണാവശ്യങ്ങള്‍ക്ക് ഉപയോഗിക്കപ്പെട്ടിരുന്നു എന്ന് കണ്ടെത്തിയത്. ഇതുസംബന്ധിച്ച പഠനം ജേര്‍ണല്‍ ഓഫ് ആര്‍ക്കിയോളജിക്കല്‍ സയന്‍സില്‍ പ്രസിദ്ധീകരിക്കപ്പെട്ടു.

യൂണിവേഴ്‌സിറ്റി ഓഫ് കാംബ്രിജിലെയും ബനാറസ് ഹിന്ദു സര്‍വകലാശാലയിലെയും ഗവേഷകരമാണ് പഠന സംഘത്തിലുണ്ടായിരുന്നത്. പ്രദേശത്തു നിന്ന് കണ്ടെത്തിയ പാത്രങ്ങളിലാണ് സംഘം ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഗവേഷണം നടത്തിയത്.

സിന്ധൂ നദീതട സംസ്‌കാര പ്രദേശത്തു നിന്ന് കണ്ടെത്തിയ മൃഗയെല്ലുകളില്‍ 50-60 ശതമാനം ഗാര്‍ഹികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കന്നുകാലികളുടേതാണ്. ഇന്‍ഡസ് ജനസംഖ്യയില്‍ ബീഫ് ഉപയോഗം കൂടുതല്‍ ആയിരുന്നു എന്ന നിഗമനത്തില്‍ എത്തിച്ചേരാവുന്ന കണ്ടെത്തലാണ് ഇതെന്ന് ഗവേഷണം പറയുന്നു.

കാംബ്രിഡ്ജ് സര്‍വകലാശാലാ ആര്‍ക്കിയോളജി വിഭാഗത്തിലെ ഡോ. അക്ഷയ്ത സൂര്യനാരായണ്‍ ആണ് പഠനത്തിന് നേതൃത്വം നല്‍കിയത്. ദക്ഷിണേഷ്യയിലെ പുരാതന പാത്രങ്ങളില്‍ ഇത്തരത്തിലുള്ള ഗവേഷണങ്ങള്‍ നടന്നത് തീരെ കുറവാണെന്ന് അവര്‍ പറഞ്ഞു.

വെളിച്ചം വീശുന്ന പഠനങ്ങള്‍

ആധുനിക പാകിസ്താന്‍, ഇന്ത്യയിലെ വടക്കുകിഴക്ക്, പടിഞ്ഞാറ്, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ പടര്‍ന്നു കിടക്കുന്നതായിരുന്നു സിന്ധൂ നദീതട സംസ്‌കാരം. നിലവില്‍ യുപിയിലെയും ഹരിയാനയിലും ഏഴിടങ്ങളിലായിരുന്നു ഗവേഷണം. ഇവിടെ നിന്ന് 172 പാത്രക്കഷ്ണങ്ങളാണ് കണ്ടെടുത്തത്.

അക്ഷയ്ത സൂര്യനാരായണ്‍ ഹിസാറില്‍ ഗവേഷണത്തിനിടെ

‘ദക്ഷിണേഷ്യയിലെ ചരിത്രസ്ഥലങ്ങളില്‍ നിന്ന് ആര്‍ക്കിയോളജി ഖനനത്തിനിടെ കണ്ടെത്തിയ പാത്രങ്ങള്‍ (സെറാമികുകള്‍) മികച്ച കരകൗശലസൃഷ്ടികളാണ്. ബി.സി 2600-1900ത്തിന് ഇടയില്‍ അഞ്ച് സിന്ധൂ നദീതട സംസ്‌കാരങ്ങള്‍ വലിയ നഗരങ്ങളായി രൂപപ്പെട്ടിട്ടുണ്ട്. അക്കാലത്ത് എന്താണ് പാകം ചെയ്തിരുന്നത് എന്നായിരുന്നു ഗവേഷണം. ഭക്ഷണാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഭക്ഷണത്തെ തിരിച്ചറിയാനായിരുന്നു ശ്രമം. കന്നു കാലികള്‍ ധാരാളമായി അവിടെയുണ്ടായിരുന്നു. നാഗരികയില്‍ ഉടനീളം ബീഫ്/ മട്ടണ്‍ ഉപയോഗവും ഉണ്ടായിരുന്നു.

അക്ഷയ്ത സൂര്യനാരായണ്‍
ഗവേഷക

സിന്ധൂനദീ തട സംസ്‌കാരം

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്ത്, ഇന്നത്തെ ഇന്ത്യയിലും പാകിസ്താനിലുമായി സിന്ധുനദീതടങ്ങളില്‍ ബി.സി. 3300 മുതല്‍ ബി.സി. 1700 വരെ നിലവിലുണ്ടായിരുന്ന ഒരു വെങ്കലയുഗ സംസ്‌കാരമാണ് സിന്ധൂനദീതടസംസ്‌കാരം.

ലോകത്തിലെ ഏറ്റവും ബൃഹത്തായ ആദ്യകാല സംസ്‌കാരങ്ങളിലൊന്നാണിത്. ഈ ജനവാസകേന്ദ്രങ്ങള്‍ എന്തുകൊണ്ട്, എങ്ങനെ നശിക്കാനിടയായി എന്നത് സംശയാതീതമായി തെളിയിക്കാന്‍ ഇന്നും ചരിത്രകാരന്മാര്‍ക്ക് കഴിഞ്ഞിട്ടില്ല. 1922-23 കാലയളവില്‍ ഇന്ത്യന്‍ പുരാവസ്തു വകുപ്പ് നടത്തിയ ഉത്ഖനനങ്ങളെ തുടര്‍ന്നാണ് ഈ സംസ്‌കാരത്തെക്കുറിച്ച് ലോകം അറിയുന്നത്. ലോകത്തില്‍ ഉണ്ടായിട്ടുള്ള മറ്റു പ്രാചീന സംസ്‌കാരങ്ങളെപ്പോലെ ഇതും നദീതടങ്ങളിലാണ് വികാസം പ്രാപിച്ചത്.

Test User: