X

അസമില്‍ ബീഫ് നിരോധിച്ചു

സമ്പൂര്‍ണ ബീഫ് നിരോധനവുമായി അസം. ഇന്ന് മുതല്‍ പൂര്‍ണ്ണ നിരോധനം നിലവില്‍ വരും. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടേതാണ് പ്രഖ്യാപനം. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പൊതുസ്ഥലങ്ങളിലും ബീഫ് പാടില്ലെന്നാണ് ഉത്തരവ്. നേരത്തെ ക്ഷേത്രങ്ങള്‍ക്ക് സമീപം ഉണ്ടായിരുന്ന ബീഫ് നിരോധനം പൊതു സ്ഥലങ്ങളില്‍ മുഴുവന്‍ നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു. മന്ത്രിസഭാ യോഗത്തിലെടുത്ത തീരുമാനത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

അസം മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ വന്ന അസം മന്ത്രി പിജുഷ് ഹസരികയുടെ പ്രസ്താവന വിവാദമാകുന്നുമുണ്ട്. ബീഫ് നിരോധിക്കാനുള്ള തീരുമാനത്തെ അസം കോണ്‍ഗ്രസ് ഒന്നുകില്‍ പിന്തുണയ്ക്കണമെന്നും അല്ലെങ്കില്‍ അവര്‍ പാകിസ്താനിലേക്ക് പോകണമെന്നുമാണ് പിജുഷിന്റെ ട്വീറ്റ്. സമ്പൂര്‍ണ ബീഫ് നിരോധനം തങ്ങളുടെ ആലോചനയിലുണ്ടെന്ന് ശനിയാഴ്ച മാധ്യമങ്ങളോട് സംസാരിക്കവേ ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞിരുന്നു. മുസ്ലീം ഭൂരിപക്ഷ പ്രദേശമായ സാംഗുരിയില്‍ ഉപതെരഞ്ഞെടുപ്പ് സമയത്ത് ബിജെപി ബീഫ് വിതരണം ചെയ്‌തെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഹിന്ദു, ജൈന, സിഖ് പുണ്യ സ്ഥലങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ക്കും സമീപത്ത് പശുക്കളെ കശാപ്പുചെയ്യുന്നതും ബീഫ് വില്‍ക്കുന്നതും 2021ലെ അസം കന്നുകാലി സംരക്ഷണ നിയമപ്രകാരം നിരോധിച്ചിരുന്നു. മന്ത്രിസഭാ പുനസംഘടനയും ഉടനുണ്ടാകുമെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം ഇന്ന് ഹിമന്ത ബിശ്വ ശര്‍മ പ്രഖ്യാപിച്ചു.

webdesk14: