ഛത്തീസ്ഗഡ്: പശുക്കളെ പട്ടിണിക്കിട്ട് കൊന്ന ബി.ജെ.പി നേതാവിന് നേരെ കരിമഷി പ്രയോഗം. ദുര്‍ഗ് ജില്ലയിലെ രാജ്പൂരില്‍ പശുക്കളെ പട്ടിണിക്കിട്ടും രോഗങ്ങള്‍ക്ക് മരുന്ന് നല്‍കാതെയും കൊന്നതിന് അറസ്റ്റിലായ ബിജെപി നേതാവിന് നേരെ കറുത്ത മഷി പ്രയോഗം നടത്തി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ബിജെപി നേതാവ് ഹരീഷ് വര്‍മയെ കറുത്ത മഷിയില്‍ കുളിപ്പിച്ചത്. കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുവരുന്നതിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഹരീഷിനെ വഴിയില്‍ തടഞ്ഞ് മര്‍ദിക്കുകയും തല വഴി കറുത്ത മഷി ഒഴിക്കുകയും ചെയ്തത്.
പശുവിന്റെ പേരില്‍ മനുഷ്യരെ തല്ലികൊല്ലുന്ന സംഘപരിവാര്‍ ഭീകരത രാജ്യത്ത് ചര്‍ച്ച ചെയ്യപ്പെട്ട് കൊണ്ടിരിക്കവെയാണ് 200 ഓളം പശുക്കളെ പട്ടിണിക്കിട്ടും രോഗങ്ങള്‍ക്ക് മരുന്ന് നല്‍കാതെയും ബി.ജെ.പി നേതാവ് കൊന്നു കളഞ്ഞു എന്ന വാര്‍ത്ത പുറത്ത് വന്നത്. കഴിഞ്ഞ ഏഴു വര്‍ഷമായി ഗോശാല നടത്തുന്നയാളാണ് ഹരീഷ്. സര്‍ക്കാര്‍ സഹായവും ഇതിന് ലഭിക്കുന്നുണ്ട്. എന്നാല്‍ പശുക്കളെ പട്ടിണിക്കിട്ട് ഇയാള്‍ കൊല്ലുകയാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ചത്ത പശുക്കളെ കണ്ടെത്തുകയും ചെയ്തു. പശുക്കളെ വളര്‍ത്തിയിരുന്ന ഇടം പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥര്‍, 30 ഓളം പശുക്കള്‍ മാത്രമാണ് പട്ടിണി മൂലം ചത്തതെന്നാണ് സാക്ഷ്യപ്പെടുത്തുന്നത്. എന്നാല്‍ പട്ടിണി കാരണം 200 ലേറെ പശുക്കള്‍ ഇവിടെ ചത്തെന്നും ഗോശാലക്ക് അടുത്ത് കുഴിവെട്ടി അതിലിട്ടു മൂടുകയാണ് ചെയ്തിരുന്നതെന്നും ഗ്രാമവാസികള്‍ പറയുന്നു. മൃഗങ്ങളോടുള്ള ക്രൂരത ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഹരീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ജാമുല്‍ മുന്‍സിപ്പാലിറ്റി ഉപാധ്യക്ഷനാണ് ഹരീഷ്.