അഗര്‍ത്തല: ബീഫ് വിഷയത്തില്‍ ത്രിപുരയില്‍ നിലപാട് മയപ്പെടുത്തി ബി.ജെ.പി. ത്രിപുരയില്‍ ബീഫ് നിരോധനം അസാധ്യമായ കാര്യമാണെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബീഫ് സ്ഥിരം ഭക്ഷണമായതിനാല്‍ നിരോധനം സാധ്യമാവില്ലെന്ന് ബിജെപി നേതാവ് സുനില്‍ ദിയോധര്‍ പറഞ്ഞു.
ഭൂരിപക്ഷം ജനങ്ങളും ബീഫിന് എതിരാണെങ്കില്‍ മാത്രമേ നിരോധനം സാധ്യമാകുകയുള്ളൂ. എന്നാല്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ ബീഫാണ് പ്രധാന ഭക്ഷണമായി കാണുന്നത്. ഇവിടെ ഹിന്ദു മതസ്ഥരും ബീഫ് കഴിക്കുന്നുണ്ട്. അതിനാല്‍ നിരോധനത്തിനെതിരെ ഹിന്ദു വിഭാഗക്കാര്‍ വരെ തടസ്സം നില്‍ക്കുമെന്ന് സുനില്‍ ദിയോധര്‍ പറഞ്ഞു.
നേരത്തെ രാജ്യ വ്യാപകമായി ബീഫ് നിരോധിക്കാന്‍ ശ്രമം ആരംഭിച്ചപ്പോള്‍ മേഘാലയയിലും മറ്റും ബി.ജെ.പി നേതാക്കള്‍ പാര്‍ട്ടി വിട്ടിരുന്നു. കൂടാതെ നിലവിലെ മേഘാലയ മുഖ്യമന്ത്രിയും എന്‍.പി.പി നേതാവുമായ കോണ്‍റാഡ് സാങ്മയും പ്രധാനമന്ത്രിക്ക് ഇതുസംബന്ധിച്ച് കത്തെഴുതിയിരുന്നു.
ഇതൊക്കെ കണക്കിലെടുത്താണ് ത്രിപുരയില്‍ ബീഫ് നിരോധനം സാധ്യമാകില്ലെന്ന് അറിയിച്ച് ബിജെപി നിലപാട് മയപ്പെടുത്തിയത്.