X
    Categories: News

ബി.ജെ.പി നേതാവിന്റെ പ്രതിമയുള്ള സ്റ്റേഡിയത്തിൽ എന്റെ പേര് വേണ്ട: ബിഷൻ സിങ് ബേദി

ഡൽഹി ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തിൽ തന്റെ പേരിലുള്ള കാണികളുടെ സ്റ്റാൻഡ് നീക്കം ചെയ്യണമെന്ന ആവശ്യവുമായി ഇതിഹാസ സ്പിന്നർ ബിഷൻ സിങ് ബേദി. അന്തരിച്ച ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അരുൺ ജെയ്റ്റ്‌ലിയുടെ പ്രതിമ സ്റ്റേഡിയത്തിൽ സ്ഥാപിക്കുന്നതിൽ പ്രതിഷേധിച്ചാണ് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സ്പിന്നർമാരിലൊരാളായ ബേദി ഡൽഹി ക്രിക്കറ്റ് അസോസിയേഷന് കത്തയച്ചത്. തന്റെ പേരിലുള്ള സ്റ്റാൻഡ് മാറ്റിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഫിറോസ് ഷാ കോട്‌ലയിൽ ജെയ്റ്റ്‌ലിയുടെ പ്രതിമ സ്ഥാപിക്കുന്നതിനെതിരെ നേരത്തെ ബേദി ഡി.ഡി.സി.എക്ക് കത്തയച്ചിരുന്നു. എന്നാൽ ഇതിന് മറുപടി നൽകാൻ അവർ തയ്യാറായില്ല. ഇതിനെ തുടർന്നാണ് തന്റെ പേരിലുള്ള സ്റ്റാൻഡ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് രണ്ടാമത്തെ കത്തും അയച്ചിരിക്കുന്നത്.

‘ഈ രാജ്യത്തെ ആളുകൾക്ക് അവരുടെ പേര് എന്തിനോടെല്ലാം ചേർന്നിരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഇപ്പോഴും ഉണ്ടെന്നാണ് ഞാൻ കരുതുന്നത്. ദയവായി എന്നെ നിയമനടപടിക്ക് പ്രേരിപ്പിക്കരുത്. രാഷ്ട്രീയക്കാരെ കായികവേദികളിൽ കുടിയിരുത്തുന്നതിനെതിരായ എന്റെ കത്ത് പൊതുജനങ്ങൾക്കിടയിൽ ചർച്ചയ്ക്ക് കാരണമായി. എന്നാൽ, നിങ്ങൾ ഒരക്ഷരം മറുപടി നൽകിയില്ല. കുടുംബപ്പേരു കൊണ്ടുമാത്രം അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നതിന്റെ കുറ്റബോധമാണ് നിങ്ങളുടെ മൗനത്തിന് കാരണമെന്ന് ഞാൻ വിശ്വസിക്കുന്നു.’

ഡി.ഡി.സി.എ പ്രസിഡണ്ടും അരുൺ ജെയ്റ്റ്‌ലിയുടെ മകനുമായ രോഹൻ ജെയ്റ്റ്‌ലിക്കയച്ച കത്തിൽ ബേദി പറയുന്നു.

തിങ്കളാഴ്ചയാണ് കോട്‌ലയിലെ ജെയ്റ്റ്‌ലി പ്രതിമ ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി അനാഛാദനംചെയ്യുന്നത്.  കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ എന്നിവർ സന്നിഹിതരാവും.

ഫിറോസ് ഷാ കോട്ല ഗ്രൌണ്ട്

ബി.ജെ.പി മന്ത്രിസഭയിൽ അംഗമായിരുന്ന ജെയ്റ്റ്‌ലിയുടെ പ്രതിമയുള്ള സ്റ്റേഡിയത്തിൽ തന്റെ പേര് പരാമർശിക്കപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും ക്രിക്കറ്റർമാരെ അവഗണിക്കുന്ന പാരമ്പര്യമാണ് ഡി.ഡി.സി.എക്കുള്ളതെന്നും ബേദി പറഞ്ഞു.

‘ഒരു ദിവസം, അല്ല ഒരു നിമിഷം പോലും ക്രിക്കറ്റിന്റെ മൂല്യങ്ങളെ തകർത്ത ഒരു വ്യക്തിയുടെ പ്രതിമയുള്ള സ്റ്റേഡിയത്തിൽ എന്റെ പേര് ഉണ്ടായിരിക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്നില്ല. അരുൺ ജെയ്റ്റ്‌ലിയുടെ പ്രതിമ നാണമില്ലാതെ ഉയർന്നുപൊങ്ങിയ ഒരിടത്ത് എന്റെ പേര് വേണ്ട…’ ബേദി പറഞ്ഞു.

അറുപതുകളിലും എഴുപതുകളിലും ഇന്ത്യൻ ടീമിന്റെ പ്രധാന സ്പിന്നറായിരുന്ന ബേദി 22 ടെസ്റ്റുകളിൽ രാജ്യത്തെ നയിച്ചിട്ടുണ്ട്. 1975 ലോകകപ്പിൽ ഈസ്റ്റ് ആഫ്രിക്കക്കെതിരെ ബേദി എറിഞ്ഞ 12 ഓവറുകളിൽ എട്ടും മെയ്ഡനായിരുന്നു. ആറ് റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുക്കുകയും ചെയ്തു. 60 ഓവർ ഏകദിന മത്സരത്തിൽ ഏറ്റവും ഇക്കണോമിയുള്ള ബൗളർ എന്ന റെക്കോർഡ് ഇതോടെ ബേദിയുടെ പേരിലാണ്.

 

chandrika: