മധ്യപ്രദേശില്‍ മാധ്യമപ്രവര്‍ത്തകനുള്‍പ്പെടെയുള്ളവരെ മര്‍ദിച്ചതിന് ബി.ജെ.പി നേതാവായ പൊതുജനാരോഗ്യ-കുടുംബക്ഷേമ സഹമന്ത്രിയുടെ മകനെതിരെ കേസ്. മന്ത്രിയായ നരേന്ദ്ര ശിവാജി പട്ടേലിന്റെ മകനായ അഭിഗ്യനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
പൊതു സ്ഥലത്ത് വെച്ച് മാധ്യമപ്രവര്‍ത്തകന്‍, ദമ്പതികള്‍, റെസ്റ്റോറന്റ് ജീവനക്കാരന്‍ എന്നിവരെ മര്‍ദിച്ചതിനാണ് കേസ്. ഇരകളായവര്‍ സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയപ്പോള്‍ ഇയാള്‍ വീണ്ടും ഇവരെ ആക്രമിച്ചതായാണ് റിപ്പോര്‍ട്ട്.
സംഭവത്തില്‍ നാല് പൊലീസ് ഉദ്യോഗസ്ഥരെയും രണ്ട് അധികാരികളെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. അഭിഗ്യനെ പൊലീസ് മര്‍ദിച്ചുവെന്ന ആരോപണത്തിന് പിന്നാലെയായിരുന്നു സസ്‌പെന്‍ഷന്‍.
റിപ്പോര്‍ട്ട് പ്രകാരം ഞായറാഴ്ച ഭോപാലിലെ ഒരു പ്രമുഖ പ്രദേശത്തായിരുന്നു സംഭവം. ദമ്പതികള്‍ ഹോട്ടലിന് പുറത്ത് നില്‍ക്കുന്ന സമയത്ത് കാറിലെത്തിയ ഒരു സംഘം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു പ്രാദേശിക മാധ്യമപ്രവര്‍ത്തകനായ വിബേക് സിങ്ങിനെ ആക്രമിക്കുകയായിരുന്നു. ഇത് കണ്ട് ആക്രമികള്‍ തടയാനെത്തിയ ദമ്പതികളെ സംഘം അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നു. ഇത് കണ്ടെത്തിയ റെസ്റ്റോറന്റ് ജീവനക്കാരനെയും സംഘം മര്‍ദിക്കുകയായിരുന്നു.
ശേഷം പരിതാ നല്‍കാന്‍ ഷാഹ്പുര പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ സംഘം വീണ്ടും സ്റ്റേഷനിലെത്തി തങ്ങളെ മര്‍ദിക്കുകയായിരുന്നുവെന്നും ഇതോടെയാണ് പൊലീസ് ഇടപെട്ടതെന്നും പരാതിക്കാര്‍ പറയുന്നു.