X
    Categories: keralaNews

കോവിഡ് പേടിമൂലം ആളുകളെത്തുന്നില്ല; ഓഫറുകള്‍ പ്രഖ്യാപിച്ച് ബാര്‍ബര്‍മാര്‍

കൊച്ചി: കോവിഡിനെ തുടര്‍ന്ന് മുടിവെട്ടാന്‍ ആളുകളെത്തുന്നത് വന്‍ തോതില്‍ കുറഞ്ഞതോടെ ആളെ പിടിക്കാന്‍ പരസ്യം ചെയ്ത് ബാര്‍ബര്‍ ഷോപ്പ് ഉടമകള്‍. കൊച്ചി കത്രിക്കടവിലുള്ള ഒരു ബാര്‍ബര്‍ ഷോപ്പ് ഉടമയുടെ പരസ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വ്യത്യസ്തമായ ഓഫറാണ് ഇദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്.

14 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യമായി മുടിവെട്ടിക്കൊടുക്കുമെന്നാണ് ഓഫര്‍. പ്രായമുള്ളവര്‍ക്ക് സാമ്പത്തിക പ്രയാസമുണ്ടെങ്കില്‍ അവര്‍ക്കും സൗജന്യമായി മുടിവെട്ടിക്കൊടുക്കും. തനിക്ക് മൂന്ന് ബാര്‍ബര്‍ ഷോപ്പുകളുണ്ട്. ഇവിടെയെല്ലാം ഈ ഓഫര്‍ ലഭ്യമാണെന്ന് കടയുടമ ഗോപി പറഞ്ഞു.

കോവിഡ് പകരുമെന്ന ഭയം മൂലം ബാര്‍ബര്‍ ഷോപ്പുകളില്‍ ആളുകളെത്തുന്നത് വലിയ തോതില്‍ കുറഞ്ഞതോടെ സംസ്ഥാനത്തിന്റെ പല ഭാഗത്തും ബാര്‍ബര്‍ ഷോപ്പ് ഉടമകള്‍ ഇത്തരം ഓഫറുകള്‍ മുന്നോട്ട് വെക്കുന്നുണ്ട്. മുടിവെട്ടാനും ഷേവിങ്ങിനും മാത്രമാണ് ഇപ്പോള്‍ അനുമതിയുള്ളത്. ഇതിനും ആളുകളെത്താത്ത അവസ്ഥയാണ്. പലരും വീട്ടില്‍ വെച്ച് സ്വയം മുടിവെട്ടുകയാണ്. കൂടുതലായി വരുമാനമുള്ള ബ്യൂട്ടി പാര്‍ലര്‍ വര്‍ക്കുകള്‍ക്ക് അനുമതിയില്ല. ഇത് ബാര്‍ബര്‍ ഷോപ്പ് ഉടമകളുടെ വരുമാനത്തില്‍ വന്‍ ഇടിവാണ് ഉണ്ടാക്കിയത്. കോവിഡ് പകരുമെന്ന ഭയമുള്ളതിനാല്‍ മുടിയുടെ ഭംഗി കൂട്ടാന്‍ ഫ്രീക്കന്‍മാരും എത്തുന്നില്ല. ഇതൊക്കെയാണ് ഓഫറുകള്‍ വെച്ച് ആളുകളെ കടയിലെത്തിക്കാന്‍ ബാര്‍ബര്‍മാരെ പ്രേരിപ്പിക്കുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: