ന്യൂഡല്‍ഹി: ഡല്‍ഹി ജഹാംഗിംര്‍പുരിയില്‍ 14 വയസ്സുകാരന്‍ നടത്തിയ വെടിവെപ്പില്‍ യുവാവിന് പരിക്ക്. കണ്ണില്‍ വെടിയുണ്ട തുളച്ചു കയറിയ നിലയില്‍ ജാവേദ്(36) എന്നയാളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ പ്രായപൂര്‍ത്തി എത്താത്ത നാലുപേരെ അറസ്റ്റു ചെയ്തതായി പൊലീസ് പറഞ്ഞു. അക്രമത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പിന്നീട് പുറത്തു വന്നു.
വീടിനോടു ചേര്‍ന്ന പാര്‍ക്കിനു സമീപം കടത്തിണ്ണയില്‍ ഇരിക്കുന്നതിനിടെയാണ് സമീപത്തുകൂടി നടന്നുപോകുകയായിരുന്ന പ്രായപൂര്‍ത്തി എത്താത്ത നാലംഗ സംഘത്തില്‍ ഒരാള്‍ ജാവേദിനു നേരെ ആക്രമണം നടത്തിയത്. പാന്റ്‌സിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന തോക്കെടുത്ത് ജാവേദിന്റെ മുഖത്തിനു നേരെ ക്ലോസ് റേഞ്ചില്‍ വെടിയുതിര്‍ക്കുകയായിരുന്നു. വലതു കണ്ണിലാണ് വെടിയുണ്ട തുളച്ചുകയറിയത്. തൊട്ടു പിന്നാലെ നാലുപേരും സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുന്നതും സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
സമീപത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ നിലവളി കേട്ട് ഓടിയെത്തിയവരാണ് ജാവേദിനെ ആശുപത്രിയില്‍ എത്തിച്ചത്. ആക്രമണം നടത്തിയ ആളെ തനിക്ക് അറിയാമെന്ന് ജാവേദ് മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് ഇയാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വെടിവെപ്പ് നടത്തിയ 14കാരനേയും കൂടെയുണ്ടായിരുന്ന മറ്റു മൂന്നുപേരേയും കസ്റ്റഡിയില്‍ എടുത്തത്. അറസ്റ്റിലായ നാലുപേരില്‍ ഒരാളുടെ പിതാവിനെ ഏഴു മാസം മുമ്പ് ജാവേദ് മര്‍ദ്ദിച്ചിരുന്നുവെന്നും ഇതിനു പ്രതികാരമായാണ് വെടിവച്ചതെന്നുമാണ് സംഘം മൊഴി നല്‍കിയതെന്ന് ഡപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ഉഷ രംഗനാനി പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും കുട്ടികളുടെ കൈവശം തോക്ക് എങ്ങനെ വന്നു എന്നതു പരിശോധിക്കുമെന്നും ഡപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.