മദ്യലഭ്യതയും ഉപയോഗവും വര്‍ധിപ്പിക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങളുമായി മുന്നോട്ടുപോകുന്ന ഇടതുമുന്നണി സര്‍ക്കാര്‍, സംസ്ഥാനത്തെ ഹോട്ടലുകള്‍ക്ക് സ്വന്തമായി ബിയര്‍ നിര്‍മിച്ച് വില്‍ക്കാനും അനുമതി നല്‍കാന്‍ ഒരുങ്ങുന്നു. ഇതു സംബന്ധിച്ച ശിപാര്‍ശ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് സര്‍ക്കാറിന് ഉടന്‍ നല്‍കും.
ബിയറുണ്ടാക്കി വില്‍ക്കാനാകുന്ന മൈക്രോ ബ്രൂവറികള്‍ അനുവദിക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ എക്‌സൈസ് കമ്മീഷണറെ ചുമതലപ്പെടുത്തിയിരുന്നു. കൂടുതല്‍ പേര്‍ക്ക് തൊഴിലവസരം ലഭ്യമാക്കാന്‍ മൈക്രോ ബൂവറികള്‍ക്ക് അനുമതി നല്‍കുന്നതിലൂടെ കഴിയുമെന്നാണ് എക്‌സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ട് പഠിച്ചശേഷം സര്‍ക്കാറാണ് ഇനി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്.
സ്വന്തമായി ബിയര്‍ നിര്‍മിച്ചു വില്‍ക്കാന്‍ സാധിക്കുന്ന മൈക്രോ ബ്രൂവറികളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പബ്ബുകളും തുടങ്ങാനുള്ള അനുമതി തേടി പത്ത് ബാറുകളാണ് എക്‌സൈസിനെ സമീപിച്ചത്. ഇക്കാര്യം എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് സര്‍ക്കാറിനെ അറിയിച്ചു. രാജ്യത്ത് ബംഗളൂരു പോലുള്ള നഗരങ്ങളില്‍ ഹോട്ടലുകള്‍ക്ക് സ്വന്തമായി ബിയര്‍ നിര്‍മിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് കമ്മീഷണര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേത്തുടര്‍ന്നാണ് സംസ്ഥാനത്തും ഇതിന്റെ സാധ്യത പരിശോധിക്കാന്‍ സര്‍ക്കാര്‍ കമ്മിഷണറോട് ആവശ്യപ്പെട്ടത്.
ബംഗളൂരുവിലെ ഹോട്ടലുകളുടെ പ്രവര്‍ത്തനം വിലയിരുത്തിയാണ് ഋഷിരാജ് സിങ് റിപ്പോര്‍ട്ട് തയാറാക്കിയത്. കൂടുതല്‍ പേര്‍ക്ക് തൊഴിലവസരം ലഭ്യമാക്കാന്‍ പുതിയ പദ്ധതിയിലൂടെ സാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, അനുമതി ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ അതുകൂടി പരിശോധിച്ചശേഷമെ അന്തിമതീരുമാനമെടുക്കൂവെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.
നിലവില്‍ സ്വകാര്യ കമ്പനികള്‍ ഉല്‍പാദിപ്പിക്കുന്ന ബിയറാണ് വന്‍കിട ഹോട്ടലുകള്‍ വില്‍ക്കുന്നത്. കര്‍ണാടകയിലെപ്പോലെ ഡീ അഡിക്ഷന്‍ സെന്ററുകള്‍ തുടങ്ങണമെന്ന നിര്‍ദേശവും റിപ്പോര്‍ട്ടിലുണ്ട്. എക്‌സൈസ് വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിന് രണ്ടുദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് കൈമാറും.
എന്നാല്‍, കേരളത്തില്‍ പദ്ധതി നടപ്പാക്കുന്നതിനെതിരെ ശക്തമായ എതിര്‍പ്പുമായി രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്. ജനദ്രോഹപരമായ മദ്യനയമാണ് കേരള സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും ഇത് കൂടുതല്‍ വിപുലമാക്കാനുള്ള കാര്യങ്ങളാണ് എക്സൈസ് കമ്മീഷണര്‍ ചെയ്യുന്നതെന്നും മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ പ്രതികരിച്ചു. ഈ നീക്കം കേരളത്തെ വലിയ ദുരന്തത്തിലാക്കും. മദ്യത്തിന്റെ പേരില്‍ സംസ്ഥാനത്ത് നടക്കുന്ന ആക്രമണങ്ങള്‍ മുഖവിലയ്ക്കെടുക്കാതെ കേരളത്തെ മദ്യത്തില്‍ മുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ സര്‍ക്കാറിന്റെ അന്ത്യം മദ്യത്തില്‍ ആയിരിക്കുമെന്നതില്‍ ഒരു സംശയവുമില്ലെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.