X

ബീ അമ്മാന്‍ എന്ന ധീര മാതാവ്‌

സ്വാതന്ത്ര്യസമര സേനാനികളും ഖിലാഫത്ത് സമരത്തില്‍ മഹാത്മാ ഗാന്ധിയുടെ ഉറ്റ സഹപ്രവര്‍ത്തകരുമായ അലി സഹോദരന്മാര്‍ സുപരിചിതരാണ്. മൗലാനാ മുഹമ്മദാലിയും മൗലാനാ ഷൗക്കത് അലിയും. എന്നാല്‍ അവരുടെ ഉമ്മ ‘ബീ അമ്മാന്‍’ എന്നറിയപ്പെട്ട അബാദി ബാനോ ബീഗവും സ്വാതന്ത്ര്യ സമരപോരാട്ടത്തിലെ വെള്ളിനക്ഷത്രമായിരുന്നു. ചെറുപ്രായത്തില്‍ തന്നെ വിധവയായ അബാദിയ്ക്ക് അഞ്ച് മക്കള്‍. വിദ്യാഭ്യാസമോ സമ്പത്തോ ഇല്ലാതിരുന്ന അബാദിയ്ക്ക് ഒരു ദൃഡനിശ്ചയമുണ്ടായിരുന്നു. തന്റെ മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കണം. സ്വന്തം ആഭരണങ്ങള്‍ വിറ്റാണ് അവര്‍ മക്കളെ സ്‌കൂളിലയച്ചത്. അവരില്‍ മുഹമ്മദലിയുടെ വിദ്യാഭ്യാസമാകട്ടെ ഓക്‌സ്‌ഫോഡ് വരെ എത്തി.

കുടുംബത്തെ പോറ്റേണ്ട അത്യധ്വാനത്തിനിടെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാനും ബി അമ്മനു കഴിഞ്ഞുവെന്നത് വിസ്മയകരമാണ്. നിസഹകരണഖിലാഫത്ത് സമരത്തില്‍ മഹാത്മാ ഗാന്ധിക്കൊപ്പം അവരും യോഗങ്ങളില്‍ പ്രസംഗിച്ചു. 1917 ല്‍ ആനി ബസന്റിന്റെയും തന്റെ മക്കളായ മുഹമ്മദാലിയുടെയും ഷൗക്കത്താലിയുടെയും അറസ്റ്റില്‍ പ്രതിഷേധിച്ച് 67 ാം വയസില്‍ നാടാകെ അവര്‍ സഞ്ചരിച്ച് പ്രസംഗിച്ചു. സ്ത്രികളെ സംഘടിപ്പിക്കാന്‍ ഗാന്ധി അവരെ പ്രത്യേകം ചുമതലപ്പെടുത്തി. സരോജിനി നായിഡു, സരളാദേവി ചൗധരാണി, ബാസന്തി ദേവി, ബീഗം ഹസ്രത്ത് മൊഹാനി എന്നിനി വനിതയ്‌ക്കൊപ്പം അവര്‍ നേതൃത്വത്തിലേക്ക് വന്നു. 1921 ല്‍ കോണ്‍ഗ്രസിന്റെ അലഹബാദ് സമ്മേളനത്തില്‍ അബാദി ആള്‍ ഇന്ത്യാ ലേഡീസ് കോണ്‍ഫറന്‍സ് അധ്യക്ഷയായി. തിലക് സ്വരാജ് ഫണ്ട് സമാഹരണത്തില്‍ അവര്‍ മുന്നിട്ടുനിന്നു. 1922 ല്‍ അറസ്റ്റിലായ ഗാന്ധിജി ആലി സഹോദരന്മാര്‍ക്ക് സന്ദേശമയച്ചു. ‘ഞങ്ങള്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്ന് ബി അമ്മനോട് പറയുക’. സ്വാന്ത്ര്യത്തിന്റെയും ഖദറിന്റെയും മൂല്യം മനസിലാക്കിയ മാതാവെന്ന് അവരെപ്പറ്റി ഗാന്ധി പ്രകീര്‍ത്തിച്ചു. വിദേശവസ്ത്രബഹിഷ്‌കരണത്തില്‍ അബാദി മുന്നണിയിലുണ്ടായിരുന്നു. സമരത്തിനായി നാടാകെ സഞ്ചരിച്ച് അവര്‍ സംഭാവനകള്‍ സമാഹരിച്ചു.

ഒരിക്കല്‍ ദേശ വിരുദ്ധക്കുറ്റം ചുമത്തി ബീ അമ്മനെതിരെ നിയമനടപടി സ്വീകരിക്കാന്‍ ശ്രമിച്ച ബ്രിട്ടിഷ് സര്‍ക്കാര്‍ അവരെ അറസ്റ്റ് ചെയ്യാന്‍ ധൈര്യപ്പെട്ടില്ല. 1924 ല്‍ 74 ാം വയസില്‍ നിര്യാതയാകും വരെ അബാദി ബാനോ ദേശീയപ്രസ്ഥാനത്തില്‍ അടിയുറച്ചുനിന്നു. പാകിസ്ഥാന്‍ 1990 ല്‍ അവരുടെ പേരില്‍ സ്റ്റാമ്പ് ഇറക്കിയിട്ടുണ്ട്.

Test User: