ന്യൂഡല്‍ഹി: ഏതു സമയത്തും ഗുജറാത്തിലും രാജസ്ഥാനിലും തെരഞ്ഞെടുപ്പിന് സജ്ജമായിരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനങ്ങളിലെ പാര്‍ട്ടി എം.പിമാരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കാനും തെരഞ്ഞെടുപ്പാണെന്ന മട്ടില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും അദ്ദേഹം ഉപദേശിച്ചു. ഇന്നലെ രാവിലെ പ്രാതലിനാണ് മോദി എം.പിമാരെ സെവന്‍ ജന്‍കല്യാണ്‍ മാര്‍ഗിലേക്ക് ക്ഷണിച്ചത്. ഇരുസംസ്ഥാനങ്ങള്‍ക്കു പുറമേ, ഗോവ, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ്, ദാമന്‍ദിയു എന്നിവിടങ്ങളില്‍ നിന്നുള്ള എം.പിമാരെയും ക്ഷണിച്ചിരുന്നു.
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും എം.പിമാരുമായി സംസാരിച്ചു. മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി, പാര്‍ലമെന്ററി കാര്യ മന്ത്രി അനന്ത്കുമാര്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഗുജറാത്തില്‍ നിന്നുള്ള എം.പി കൂടിയാണ് അദ്വാനി. യോഗത്തില്‍ മുതിര്‍ന്ന മന്ത്രിമാര്‍ക്ക് സംസ്ഥാനങ്ങളുടെ ചുമതലകള്‍ വീതിച്ചു നല്‍കി.
ഗുജറാത്തിലും രാജസ്ഥാനിലും ബി.ജെ.പിയാണ് അധികാരത്തിലിരിക്കുന്നത്. ഗുജറാത്തില്‍ 19 വര്‍ഷമായി പാര്‍ട്ടിയാണ് അധികാരത്തിലുള്ളത്. സംസ്ഥാനത്തെ 182 സീറ്റില്‍ 123 സീറ്റും പാര്‍ട്ടിയുടെ കൈവശമാണ് ഉള്ളത്. ഇത്തവണ 150 സീറ്റ് പിടിച്ചടക്കുകയാണ് ലക്ഷ്യം. ഇതിനായി മിഷന്‍ 150 എന്ന പേരില്‍ പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്.
സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ദേശീയ കമ്മീഷന്‍ രൂപീകരിക്കാനുള്ള കേന്ദ്രതീരുമാനത്തെ കുറിച്ചാണ് അമിത് ഷാ സംസാരിച്ചത്. മിക്ക എം.പിമാരും തീരുമാനത്തെ സ്വാഗതം ചെയ്തു.
- 8 years ago
chandrika
Categories:
Video Stories