X

എസ്.എന്‍.ഡി.പിയിലെ സ്ഥാനങ്ങള്‍ തുഷാര്‍ രാജിവെക്കണം: ബി.ഡി.ജെ.എസ്(ഡി)

തിരുവനന്തപുരം:തെരഞ്ഞെടുപ്പില്‍ തുഷാര്‍ വെളളാപ്പളളി മത്സരിക്കുന്നുണ്ടെങ്കില്‍ എസ്. എന്‍.ഡി.പി.യിലെ സ്ഥാനമാനങ്ങള്‍ രാജിവെയ്ക്കണമെന്ന് ബി.ഡി.ജെ.എസ് (ഡെമോക്രാറ്റിക്). സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഭയന്നാണു സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കാതെ തുഷാര്‍ ഒളിച്ച് കളിക്കുന്നതെന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസിനെ പരാജയപ്പെടുത്താന്‍ എന്തുവഴിയും തേടുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തുഷാറിന്റെ കച്ചവടക്കാരായ പങ്കാളികള്‍ക്ക് മാത്രമാണ് ബി.ഡി.ജെ.എസ് കൊണ്ട് നേട്ടമുണ്ടായത്. കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടെ ജനകീയമായ പ്രശ്നങ്ങളില്‍ ഇടപെടുകയോ സമരങ്ങളോ നടത്തിയിട്ടില്ല. ജനാധിപത്യരീതികളെ അവഗണിച്ച്കൊണ്ട് ഒരു സ്വകാര്യ കമ്പനി പോലെയാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനം. സമ്പത്തിനും സ്ഥാനങ്ങള്‍ക്കും വേണ്ടി തുഷാര്‍ പാര്‍ട്ടിയെ ഇല്ലാതാക്കി.
ബി.ഡി.ജെ.എസ് ബന്ധം എന്‍.ഡി.എ.യ്ക്ക് ദോഷമുണ്ടാക്കും. കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ അമിത്ഷായുമായി നടത്തിയ രഹസ്യ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ തുഷാര്‍ വെള്ളാപ്പള്ളി വെളിപ്പെടുത്തണം. തെരഞ്ഞെടുപ്പില്‍ ആര്‍ക്കു പിന്തുണ നല്‍കണമെന്നു അടുത്തമാസം പത്തിനു ചേരുന്ന നേതൃയോഗം തീരുമാനിക്കുമെന്നും ബി.ഡി.ജെ. എസ്(ഡി) സംസ്ഥാന അധ്യക്ഷന്‍ ചൂഴാല്‍ നിര്‍മ്മലന്‍, ജനറല്‍ കണ്‍വീനര്‍ താന്നിമൂട് സുധീന്ദ്രന്‍ എന്നിവര്‍ അറിയിച്ചു.
അടുത്തിടെയാണ് പാര്‍ട്ടിയില്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ ഏകാധിപത്യമാണെന്നാരോപിച്ച് ഒരു വിഭാഗം ബി.ഡി.ജെ.എസ് വിട്ട് ബി.ഡി.ജെ.എസ് ഡെമോക്രോറ്റിക് രൂപീകരിച്ചത്.

web desk 1: