X

ബി.ഡി.ജെ.എസ് എന്‍ഡിഎ വിടുന്നു; നിലപാട് വ്യക്തമാക്കി തുഷാര്‍ വെള്ളാപ്പള്ളി

ആലപ്പുഴ: ബി.ഡി.ജെ.എസ് എന്‍ഡിഎ മുന്നണിയില്‍ നിന്ന് പുറത്തേക്കെന്ന സൂചന നല്‍കി ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ആലപ്പുഴയില്‍ പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് തുഷാര്‍ നിലപാട് വ്യക്തമാക്കിയത്. ജീവിതകാലം മുഴുവന്‍ ഒരു മുന്നണിയില്‍ തുടരാമെന്ന് ആര്‍ക്കും വാക്കു നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായം ഇരുമ്പുലക്ക പോലെയല്ല എന്ന് എല്ലാവരും മനസ്സിലാക്കണം. എന്‍ഡിഎയില്‍ ചേര്‍ന്നതോടെ ബിഡിജെഎസിന്റെ അടിത്തട്ട് ശക്തിപ്പെടുത്തുന്നതില്‍ നിന്ന് സംഘടന പുറകോട്ട് പോയെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
നേരത്തെ എന്‍ഡിഎ മുന്നണിയില്‍ അതൃപ്തി രേഖപ്പെടുത്തി ബിഡിജെഎസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ നടത്തിയ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ ബിഡിജെഎസ് ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു. ബിജെപിക്ക് സവര്‍ണാധിപത്യ നിലപാടാണെന്നും ഘടകകക്ഷികളെ നിരന്തരമായി അവഗണിക്കുകയാണെന്നും ആരോപിച്ചാണ് എന്‍ഡിഎക്കെതിരെ ബിഡിജെഎസ് നേതൃത്വം അതൃപ്തി രേഖപ്പെടുത്തിയത്.
ബിഡിജെഎസിനോട് ബിജെപി മാന്യത കാണിച്ചില്ലെന്നും അതിനാല്‍ എന്‍ഡിഎ വിടണമെന്നും എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശനും അഭിപ്രായപ്പെട്ടിരുന്നു. സര്‍ ചക്രവര്‍ത്തിയുടെ കാലത്തേക്കാള്‍ മോശമായ ഭരണകര്‍ത്താക്കളാണ് ബിജെപിക്കുള്ളതെന്നും ആദര്‍ശ രാഷ്ട്രീയം മരിച്ചുപോയതായും അദ്ദേഹം കുറ്റപ്പെടുത്തി.

chandrika: