തിരുവനന്തപുരം: എന്‍.ഡി.എയില്‍ നിന്ന് പുറത്തു പോകുന്നതിന്റെ സൂചനകള്‍ നല്‍കി ബി.ഡി.ജെ.എസ്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ജനരക്ഷായാത്ര ഉള്‍പ്പെടെ ബി.ജെ.പി സംഘടിപ്പിക്കുന്ന പരിപാടികള്‍ ബഹിഷ്‌കരിക്കാനാണ് ബി.ഡി.ജെ.എസ് തീരുമാനം. വേങ്ങര തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ വിഷയങ്ങളില്‍ ബി.ഡി.ജെ.എസിന്റെ ബഹിഷ്‌കരണം ബി.ജെ.പിക്ക് തിരിച്ചടിയാകും.
തെരഞ്ഞെടുപ്പ് സമയത്ത് ഇരുവിഭാഗവും തമ്മിലുണ്ടാക്കിയ ധാരണകളും വാഗ്ദാനങ്ങളും ഇതുവരെയും പാലിക്കപ്പെട്ടിട്ടില്ലെന്നതാണ് ബി.ജെ.പിക്കെതിരായ ബി.ഡി.ജെ.എസ് അമര്‍ഷത്തിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ഇനിയും തങ്ങളെ കബളിപ്പിച്ച് വോട്ടിങ് ശതമാനം കൂട്ടാന്‍ ബി.ജെ.പിക്കാവില്ലെന്ന നിലപാടിലാണ് ബി.ഡി.ജെ.എസ് നേതൃത്വം. ഇതിന്റെ ഭാഗമായാണ് ബി.ജെ.പി സംഘടിപ്പിക്കുന്ന പരിപാടികളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചത്.
വേ്ങ്ങര ഉപതെരഞ്ഞെടുപില്‍ ബി.ഡി.ജെ.എസ് സഹകരിക്കേണ്ടതില്ലെന്ന് പാര്‍ട്ടിയോഗത്തില്‍ തീരുമാനമായി. കൂടാതെ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അല്‍ഫോന്‍സ് കണ്ണന്താനത്തിന് വിവിധ ഇടങ്ങളില്‍ നല്‍കുന്ന സ്വീകരണയോഗങ്ങളും ബി.ഡി.ജെ.എസ് ബഹിഷ്‌കരിക്കും. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട സമ്മര്‍ദ്ദ തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ബി.ഡി.ജെ.എസ് സംസ്ഥാന ഭാരവാഹികളുടെ യോഗവും വിളിച്ചുചേര്‍ത്തിട്ടുണ്ട്. കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിച്ചപ്പോള്‍ ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷന്‍ കൂടിയായ തുഷാര്‍ വെള്ളാപ്പള്ളിക്ക് മന്ത്രി സ്ഥാനം ലഭിക്കുമെന്നാണ് ബി.ഡി.ജെ.എസ് കരുതിയത്. എന്നാല്‍ കണ്ണന്താനത്തിന് സീറ്റ് നല്‍കിയതോടെ മുന്നണി ബന്ധത്തിനെതിരെ പരസ്യ പ്രസ്താവനയുമായി നേതാക്കള്‍ രംഗത്തുവരികയായിരുന്നു.