X

അനില്‍ കുംബ്ലെ പുറത്തേക്ക്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനു വേണ്ടിയുള്ള തെരച്ചില്‍ ബി.സി.സി.ഐ ആരംഭിച്ചു. ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയോടെ അനില്‍ കുംബ്ലെയുടെ കരാര്‍ കാലാവധി തീരുന്നതിനാലാണ് പരിശീലക സ്ഥാനത്തേക്കുള്ള അപേക്ഷ ക്ഷണിച്ചത്. നിലവിലെ കോച്ച് എന്ന നിലയില്‍ കുംബ്ലെയും പരിഗണനയിലുണ്ടാവും. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ് ലക്ഷ്മണ്‍ എന്നിവരടങ്ങുന്ന ഉപദേശക സമിതിയാണ് അപേക്ഷകള്‍ പരിശോധിച്ച് പുതിയ കോച്ചിനെ തെരഞ്ഞെടുക്കുക. കളിക്കാരുടെയും തന്റെയും വേതനത്തില്‍ വന്‍തോതില്‍ വര്‍ധന ആവശ്യപ്പെട്ട അനില്‍ കുംബ്ലെയ്ക്ക് ഇനി ഒരു ഊഴം കൂടി നല്‍കുന്നതില്‍ ബി.സി.സി.ഐക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന.
ഇന്ത്യ കണ്ട ഏറ്റവും മികച്ച ബൗളറായ അനില്‍ കുംബ്ലെ 2016 ജൂണ്‍ 23-നാണ് കോച്ചായി നിയമിതനായത്. അതുവരെ പരിശീലക പരിചയമൊന്നുമില്ലാതിരുന്ന കുംബ്ലെക്കു വേണ്ടി ബി.സി.സി.ഐ നിബന്ധനകളില്‍ ഇളവ് ചെയ്യുകയായിരുന്നു. കുംബ്ലെക്കു കീഴില്‍ വെസ്റ്റ് ഇന്‍ഡീസ്, ന്യൂസിലാന്റ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ഓസ്‌ട്രേലിയ എന്നീ ടീമുകള്‍ക്കെതിരായ ടെസ്റ്റ് പരമ്പരകള്‍ ഇന്ത്യ ജയിച്ചു. ന്യൂസിലാന്റിനും ഇംഗ്ലണ്ടിനുമെതിരായ പരിമിത ഓവര്‍ മത്സരങ്ങളിലും ഈ കാലയളവില്‍ ഇന്ത്യ ആധിപത്യം പുലര്‍ത്തി.
ഇന്ത്യന്‍ കളിക്കാരുടെ ഗ്രേഡിംഗ് സമ്പ്രദായത്തില്‍ മാറ്റം വരുത്തണമെന്നും പ്രതിഫലം വര്‍ധിപ്പിക്കണമെന്നുമുള്ള കുംബ്ലെയുടെ ആവശ്യം ബി.സി.സി.ഐ ഉന്നതരെ ചൊടിപ്പിച്ചു എന്നാണ് സൂചന. പ്രതിഫല വര്‍ധനവ് ആവശ്യപ്പെട്ട് ക്യാപ്ടന്‍ വിരാട് കോഹ്്‌ലി അടക്കമുള്ള കളിക്കാരും രംഗത്തു വന്നിരുന്നു.
ചാമ്പ്യന്‍സ് ട്രോഫിക്കു ശേഷം ഇന്ത്യന്‍ ടീം വെസ്റ്റ് ഇന്‍ഡീസ് പര്യടനം നടത്തുന്നുണ്ട്. ഒരു ഏകദിനവും ട്വന്റി 20 മത്സരവുമാണ് ടീം അവിടെ കളിക്കുക.

chandrika: