X

ബി.സി.സി.ഐക്ക് സുപ്രീം കോടതിയില്‍ വീണ്ടും കനത്ത തിരച്ചടി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്‌ (ബി.സി.സി.ഐ) സുപ്രീം കോടതിയില്‍ വീണ്ടും വന്‍ തിരിച്ചടി. ലോധ കമ്മിറ്റി ശുപാര്‍ശയില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയില്‍ പുന:പരിശോധന ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയില്‍ വീണ്ടും കനത്ത തിരിച്ചടി നേരിട്ടത്.

ബി.സി.സി.ഐ സമര്‍പ്പിച്ച പുനപരിശോധനാ ഹര്‍ജി പൂര്‍ണമായും കോടതി തള്ളി. ഭരണസമിതിയില്‍ നവീകരണം വേണമെന്ന വിധിയില്‍ പുനപരിശോധന ആവശ്യപ്പെട്ട ഹര്‍ജി ഇന്ന് കോടതി ചേംബറിലാണ് പരിഗണിച്ചത്.

ജസ്റ്റിസ് ആര്‍.എം ലോധയുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ നാലില്‍ മൂന്ന് സംസ്ഥാന അസോസിയേഷനുകളും സമ്മതിക്കുന്നില്ലെന്നും ബി.സി.സി.ഐയുടെ ഭരണസമിതിയില്‍ നവീകരണം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുള്ള സുപ്രീം കോടതിയുടെ വിധി നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും  കാണിച്ചാണ് ബി.സി.സി.ഐ സുപ്രീം കോടതിയില്‍ പുന:പരിശോധനാ ഹര്‍ജി സമര്‍പ്പിച്ചത്.
എന്നാല്‍ സുപ്രീം കോടതി പുന:പരിശോധനാ ഹര്‍ജി തന്നെ തള്ളിയത് ബി.സി.സി.ഐക്ക് കനത്ത പ്രഹരമാണ് നല്‍കുന്നത്‌.  ഇതോടെ ബി.സി.സി.ഐക്ക് ലോധ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ പൂര്‍ണമായി നടപ്പിലാക്കേണ്ടി വരും.

ഒരാള്‍ ഒരു പദവി, ഒരു സംസ്ഥാനത്ത് ഒരു അസോസിയേഷന് മാത്രം വോട്ടവകാശം, ബി.സി.സി.ഐ. ഭാരവാഹിയായിരിക്കെ മറ്റ് അസോസിയേഷന്‍ ഭാരവാഹിത്വം പാടില്ല, മന്ത്രിമാര്‍ക്കോ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കോ ബി.സി.സി.ഐ പദവി പാടില്ല, ബി.സി.സി.ഐയെ വിവരാവകാശ നിയമത്തിന് കീഴില്‍ കൊണ്ടുവരണം,  എഴുപത് വയസ്സിന് മുകളിലുള്ളലര്‍ ബി.സി.സി.ഐയുടെ ഭരണസമിതിയിലുണ്ടാകരുത്, ബി.സി.സി.ഐ.യ്ക്കും ഐ.പി.എല്ലിനും വെവ്വേറെ ഭരണസമിതികള്‍ വേണം,  എന്നിങ്ങനെയായിരുന്നു ലോധ കമ്മിറ്റി മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍.

ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസ് മാറണമെന്ന ബി.സി.സി.ഐയുടെ ആവശ്യവും സുപ്രീം കോടതി പരിഗണിച്ചില്ല. നേരത്തെ സംസ്ഥാന അസോസിയേഷനുകള്‍ക്ക് ഫണ്ട് വിതരണം ചെയ്യുന്നതില്‍ നിന്നും ബി.സി.സി.ഐയെ സുപ്രീം കോടതി തടഞ്ഞിരുന്നു

Web Desk: