X
    Categories: Video Stories

ജുനൈദിന്റെ കൊലപാതകത്തെക്കുറിച്ച് ബി.ബി.സി: ‘ഇന്ത്യ ആള്‍ക്കൂട്ട ഭരണത്തിലേക്ക് തരംതാഴുകയാണ്’

പെരുന്നാള്‍ ഷോപ്പിങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന 15-കാരന്‍ ജുനൈദിനെ ട്രെയിനില്‍ കൊലപ്പെടുത്തിയ സംഭവത്തെക്കുറിച്ച് ബ്രിട്ടീഷ് മാധ്യമമായ ബി.ബി.സിയില്‍ റിപ്പോര്‍ട്ട്. പശുവിന്റെ പേരില്‍ വര്‍ധിച്ചു വരുന്ന അക്രമ സംഭവങ്ങള്‍ ഇന്ത്യയെ ആള്‍ക്കൂട്ട ആധിപത്യത്തിന്റെ രാജ്യമാക്കി മാറ്റുകയാണെന്ന് നിരീക്ഷിക്കുന്ന ലേഖനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. മുഹമ്മദ് അഖ്‌ലാഖും പെഹ്‌ലു ഖാനുമടക്കം പശുവിന്റെ പേരില്‍ കൊല്ലപ്പെട്ടവരെ പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത് ബി.ബി.സിയുടെ ഇന്ത്യന്‍ പ്രതിനിധിയായ സൗതിക് ബിശ്വാസ് ആണ്.

ബി.ബി.സി റിപ്പോര്‍ട്ടിലെ ശ്രദ്ധേയ പരാമര്‍ശങ്ങള്‍

  • ‘നരേന്ദ്ര മോദിയുടെ ഹിന്ദു ദേശീയതാ ബി.ജെ.പിയുടെ കീഴില്‍ പശു ധ്രുവീകരണ മൃഗമായി മാറിയിരിക്കുന്നു. മതങ്ങള്‍ തമ്മിലുള്ള വിഭജനം വ്യാപിക്കുകയാണ്. പശുവിന്റെ വില്‍പ്പനക്കും കശാപ്പിനും ഏര്‍പ്പെടുത്തിയ നിരോധനം ആശയക്കുഴപ്പവും അക്രമവും വര്‍ധിപ്പിക്കുന്നു’
  • ശിക്ഷാ ഭീതിയില്ലാതെ പ്രവര്‍ത്തിക്കുന്ന പശു സംരക്ഷണ ഗ്രൂപ്പുകള്‍, കന്നുകാലികളെ കൊണ്ടുപോയതിന് ആളുകളെ കൊല്ലുന്നു. ബീഫ് സൂക്ഷിക്കുന്നതിന്റെ പേരില്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഹിന്ദു ആള്‍ക്കൂട്ടം മുസ്ലിംകളെ കൊലപ്പെടുത്തുന്നു.
  • മോദിയുടെ കണ്‍വെട്ടത്ത് ഇന്ത്യ ആള്‍ക്കൂട്ട ആധിപത്യത്തിലേക്ക് നീങ്ങുകയാണോ എന്ന് പലരും അത്ഭുതപ്പെടുന്നു. കൊലപാതകങ്ങളെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ നിശ്ശബ്ദതയെ അവര്‍ ചോദ്യം ചെയ്യുന്നു.
  • ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്ന കാര്യത്തില്‍ നിയമ വ്യവസ്ഥ തകരുകയാണ്.
  • ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ പ്രവാഹം ഹിന്ദുമതത്തിനും മോദിയുടെ ഗവണ്‍മെന്റിനും ചീത്തപ്പേരുണ്ടാക്കുന്നു.
  • നീതിന്യായം നടപ്പാക്കുന്നതിന്റെ ഉത്തരവാദിത്തമുള്ള ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ രാജീവ് മെഹ്‌റിഷി, ഇത്തരം സംഭവങ്ങള്‍ മാധ്യമങ്ങള്‍ അമിതമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു എന്നാണ് ആരോപിക്കുന്നത്.
  • മതവുമായി ബന്ധപ്പെട്ട കലാപങ്ങളുടെ ചരിത്രം ഇന്ത്യയില്‍ പുതിയതല്ലെങ്കിലും അഴിഞ്ഞാട്ടക്കാരായ ആള്‍ക്കൂട്ടത്തെ അടിച്ചമര്‍ത്തുന്നതില്‍ മോദി ഗവണ്‍മെന്റിന് താല്‍പര്യമില്ല.
  • കരുത്തനായ നേതാവ് നേതൃത്വം നല്‍കുന്ന ഒരു ഭൂരിപക്ഷ ഗവണ്‍മെന്റ് വെറുപ്പിന്റെ കുറ്റകൃത്യങ്ങളെ അപലപിക്കാന്‍ തയാറാവുന്നില്ല. ജനങ്ങളില്‍ വലിയൊരു വിഭാഗവും ഈ കുറ്റകൃത്യങ്ങളെപ്പറ്റി നിശ്ശബ്ദരോ പിന്തുണക്കുകയോ ആണ് ചെയ്യുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: