ന്യൂഡല്‍ഹി: ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററിയുടെ പ്രദര്‍ശനം തടഞ്ഞത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയില്‍ സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചു.മാധ്യമപ്രവര്‍ത്തകന്‍ എന്‍. റാം, അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര എന്നിവരുടെ സംയുക്ത ഹരജിയും അഡ്വ. എം.എല്‍ ശര്‍മ സമര്‍പ്പിച്ച ഹരജിയും പരിഗണിച്ചാണ് കോടതി നടപടി.
ഡോക്യുമെന്ററിയുടെ ലിങ്ക് പ്രചരിപ്പിക്കുന്നത് നിരോധിച്ചതിന്റെ യഥാര്‍ഥ രേഖകള്‍ അടുത്ത വാദം കേള്‍ക്കുന്ന ദിവസം കോടതിയില്‍ ഹാജരാക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.ഐ.ടി നിയമം 2021 പ്രകാരമുള്ള അടിയന്തര വ്യവസ്ഥകള്‍ ഉപയോഗിച്ചാണ് ജനുവരി 21-ന് ബി.ബി.സി ഡോക്യുമെന്ററി ‘ഇന്ത്യ: ദ മോദി ക്വസ്റ്റിയന്‍’ ലിങ്കുകള്‍ പങ്കിടുന്നതും യൂട്യൂബ് വീഡിയോകളും ട്വിറ്റര്‍ പോസ്റ്റുകളും കേന്ദ്രസര്‍ക്കാര്‍ തടഞ്ഞത്.