ഡോ. എം.കെ മുനീര്‍
ഫാഷിസം അതിന്റെ എല്ലാ രൂപ ഭാവത്തോടെയും ഇന്ത്യയില്‍ ഉറഞ്ഞുതുള്ളുകയാണ്. എങ്ങോട്ടാണ് നമ്മുടെ യാത്ര…? ഒരു ഡോക്യുമെന്ററിയെ പോലും അസഹിഷ്ണുതയോടെ നോക്കുന്ന ഭരണകൂടത്തിന് കീഴില്‍ നമ്മുടെ മഹിത ജനാധിപത്യത്തിന്റെ ഭാവി എന്താണ്… ഇന്ത്യന്‍ പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്ന ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നിടങ്ങളിലെല്ലാം ഭരണകൂടവും അനുയായികളും പ്രദര്‍ശനം തടയുന്നതിനായി ഏത് നെറികേടും ചെയ്തുകൊണ്ടിരിക്കുകയാണ്.
ഇന്ത്യയിലെ ഏറ്റവും ഉന്നത കലാലയമായ ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ പ്രദര്‍ശനം തടയുന്നതിനായി വൈദ്യുതിബന്ധം വിച്ഛേദിക്കുകയും തുടര്‍ന്ന് ഡോക്യുമെന്ററി മൊബൈല്‍ ഫോണില്‍ കണ്ടു പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുകയും ചെയ്തിരിക്കുന്നു. ഇത്തരം അപ്രഖ്യാപിത അടിയന്തരാവസ്ഥകള്‍ ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യത്തിന് തീരാകളങ്കമാണ്. വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ കേള്‍ക്കുക എന്ന ജനാധിപത്യ മര്യാദ ബി.ജെ.പി ഭരണാധികാരികള്‍ പാലിക്കേണ്ടതുണ്ട്. അല്ലാതെ വിമര്‍ശനങ്ങളുടെ പേരില്‍ രാജ്യത്തെ കലാപങ്ങളിലേക്ക് മനപൂര്‍വം തള്ളിവിടുന്നത് ആര്‍ക്കും അംഗീകരിക്കാന്‍ കഴിയില്ല.
ഗുജറാത്തില്‍ നടന്ന വര്‍ഗീയ കലാപത്തെ ഞെട്ടലോടെയാണ് രാജ്യം കാതോര്‍ത്തത്. അതിന്റെ വിങ്ങലും വേദനയും മനസ്സില്‍നിന്ന് ഒരു കാലത്തും മാഞ്ഞു പോകാത്തവിധം വേട്ടയാടുന്നുണ്ട്. ഇപ്പോള്‍ പ്രധാനമന്ത്രിയെക്കുറിച്ച് അത്യന്തം ഭയപ്പാടുകള്‍ സൃഷ്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററിയിലൂടെ ബി.ബി.സി പുറത്ത്‌വിട്ടിരിക്കുന്നത്. തീര്‍ത്തും ഫാക്റ്റ് ഫൈന്‍ഡിംഗ് ആയ ഒരു ഡോക്യുമെന്റേഷനാണ് ബി.ബി.സി തയ്യാറാക്കിയിരിക്കുന്നത്.
കലാപത്തിന്റെ നേര്‍സാക്ഷികള്‍, ഇരകളോടൊപ്പം നിന്നവര്‍, കലാപത്തിന്റെ കെടുതികള്‍ അനുഭവിച്ചവര്‍, അതിന് സാക്ഷ്യംവഹിച്ച ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെയെല്ലാം അഭിമുഖം നടത്തിയാണ് ബി.ബി.സി ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്. അതു കാണുമ്പോള്‍ അന്നത്തെ സംഭവ വികാസങ്ങള്‍ ഹൃദയത്തിലേക്ക് വീണ്ടും അലയടിക്കുകയാണ്. കലാപകാലത്തെ ഗുജറാത്ത് സംസ്ഥാന മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്രമോദിയുടെ ധാര്‍ഷ്ട്യം അദ്ദേഹം അന്ന് നടത്തിയ ഓരോ അഭിമുഖം കാണുമ്പോഴും ബോധ്യമാകും. ഇതിനെയെല്ലാം വളരെ പുച്ഛത്തോടെയാണ് മോദി സമീപിച്ചതെന്ന് അദ്ദേഹത്തിന്റെ ശരീരഭാഷകളില്‍നിന്നും വ്യക്തമാകും. മോദിയുടെ ഇത്തരം ചെയ്തികളില്‍ ഫാഷിസ്റ്റ് അനുയായികള്‍ അദ്ദേഹത്തിന്റെ പിന്നില്‍ ആവേശത്തോടെ അണിനിരക്കുന്നതും കാണാവുന്നതാണ്. നരേന്ദ്രമോദി ഇപ്പോള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. തന്നെ അഭിമുഖം നടത്തിയവരോട് അദ്ദേഹം അന്നു മുതല്‍ക്കേ കാണിച്ച ഏകാധിപതിയുടെ ശരീരഭാഷയും ശബ്ദവും ഇപ്പോഴും അദ്ദേഹം തുടരുകയാണ്. അത്തരമൊരു വ്യക്തി ഇന്ത്യയുടെ പ്രധാനമന്ത്രിയായി തുടരുന്നു എന്നത് എത്രമാത്രം അപകടകരമാണ് എന്ന് വിളിച്ചുപറയുന്നതാണ് ബി.ബി.സിയുടെ വെളിപ്പെടുത്തല്‍.
ഇതോടെ മതേതര ജനാധിപത്യ മൂല്യങ്ങളില്‍ അടിയുറച്ചുനില്‍ക്കുകയും എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി നിശബ്ദമായി നില്‍ക്കുകയും ചെയ്തിരുന്നവരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ഇപ്പോള്‍ രാജ്യത്താകമാനം ദര്‍ശിക്കാന്‍ കഴിയും. അത് അങ്ങേയറ്റം പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. എന്നാല്‍ ഇതിനെല്ലാമിടയിലും കുളം കലക്കി മീന്‍പിടിക്കാന്‍ സി.പി.എം ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. ഞങ്ങള്‍ മാത്രമാണ് ജനാധിപത്യ ചേരിയോട് പ്രതിബദ്ധതയുള്ളവരെന്ന് സ്ഥാപിക്കാന്‍ മറ്റൊരു തരം ഏകാധിപത്യ മനോഭാവത്തോടെയാണ് കേരള മുഖ്യമന്ത്രി പിണറായിയും സംഘവും നിലകൊള്ളുന്നത്. ബി.ബി.സി ഡോക്യുമെന്ററിയുടെ പ്രദര്‍ശന വിവാദങ്ങളുടെ മറവില്‍ കോണ്‍ഗ്രസിനേയും മുസ്‌ലിം ലീഗിനെയും കുത്തിനോവിക്കാന്‍ മറക്കാത്ത സി.പി.എമ്മിനോടും അവരുടെ ഊരയില്‍ കൂരകെട്ടി പാര്‍ക്കുന്നവരോടും സഹതപിക്കുവാനേ തല്‍ക്കാലം നിര്‍വാഹമുള്ളൂ.
ലോകം മുഴുവന്‍ ബി.ബി.സി ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തുനിന്ന സമയത്താണ് ചിലര്‍ ആദ്യ ഭാഗത്ത് കോണ്‍ഗ്രസിനെതിരെ വല്ലതും ഉണ്ടോ എന്ന് ഇഴകീറി പരിശോധന നടത്തിയത്. ഇവരുടെയൊക്കെ മനോവൈകൃതത്തിന് ഈ നാട്ടില്‍ ചികിത്സ തല്‍ക്കാലം ലഭ്യമല്ല. ഇന്ത്യയില്‍ ജനാധിപത്യചേരിയുടെ മുന്നണിപ്പോരാളികളായി എക്കാലത്തും പ്രവര്‍ത്തിച്ചത് കോണ്‍ഗ്രസ് മുന്നണിയാണെന്ന പരമയാഥാര്‍ത്ഥ്യം എല്ലാവര്‍ക്കുമറിയാം.
രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര തന്നെ ഒരു ഓര്‍മപ്പെടുത്തലാണ്. ആര്‍.എസ്.എസുമായി സഹവസിക്കേണ്ടവര്‍ക്കെല്ലാം കോണ്‍ഗ്രസ് വിട്ടുപോകാം. അവശേഷിക്കുന്നവരെകൊണ്ട് ജനാധിപത്യ ചേരിയെ പുനരുജ്ജീവിപ്പിക്കാന്‍ കഴിയുമെന്ന ഉറച്ച സ്വരമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും നേതാക്കളോടുമായി രാഹുല്‍ ഗാന്ധി നടത്തിയത്.
അത്രമേല്‍ ശുദ്ധീകരിച്ച ജനാധിപത്യ പ്രസ്ഥാനമായി കോണ്‍ഗ്രസ് മാറിക്കഴിഞ്ഞിരിക്കുകയാണ്. അതുപോലെ മതേതര ചേരിയില്‍ എന്നും അടിയുറച്ചു നിലകൊണ്ട മുസ്‌ലിംലീഗ് എക്കാലത്തും ഫാഷിസ്റ്റ് വിരുദ്ധ ചേരിയില്‍ നിലകൊള്ളുന്ന പ്രസ്ഥാനമാണ്. പുള്ളിപ്പുലിയുടെ പുള്ളി മാറിയാലും ആര്‍.എസ്.എസിന്റെ വര്‍ഗീയത മാറില്ലെന്ന് എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പേ ഈ ലോകത്തോടു വിളിച്ചുപറഞ്ഞത് എന്റെ പിതാവ് ആണെങ്കില്‍ ഇടതുപക്ഷക്കാര്‍ ഞങ്ങള്‍ക്ക് സംഘ്പരിവാര്‍ വിരോധം പഠിപ്പിച്ചു സമയം കളയേണ്ട. കേരള ഗവര്‍ണറുമായി നിങ്ങള്‍ വീണ്ടും ഭായി ഭായി ആയ ഈ സമയത്ത് പ്രത്യേകിച്ചും നിങ്ങള്‍ക്കതിന് യാതൊരു അര്‍ഹതയുമില്ല.
ബി.ജെ.പിക്കെതിരായ സന്ധിയില്ലാസമരത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനോടൊപ്പം ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗും മുന്നണിപ്പോരാളികളായി എക്കാലത്തും ഉണ്ടാവുക തന്നെ ചെയ്യും. ജനാധിപത്യ ഇന്ത്യയുടെ സംരക്ഷണം ആഗ്രഹിക്കുന്നവര്‍ക്കെല്ലാം അതില്‍ അണിചേരാം. അതുവഴി മാത്രമാണ് രാജ്യം ഇന്നോളം വിജയപഥം താണ്ടിയിട്ടുള്ളത്. അതെല്ലാവര്‍ക്കും പാഠമാകണം.