ലിസ്ബണ്‍: എതിരില്ലാത്ത മൂന്നു ഗോളിന് ലിയോണിനെ തകര്‍ത്ത് ബയേണ്‍ മ്യൂണിക് ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍. ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കാണ് ബയേണിന്റെ ജയം. സെര്‍ജ് നാബ്രി രണ്ടും ലെവന്റോസ്‌കി ഒരു ഗോളും നേടി. ഫൈനലില്‍ ഫ്രഞ്ച് ക്ലബായ പി.എസ്.ജിയാണ് ബയേണിന്റെ എതിരാളികള്‍.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ബാഴ്‌സലോണയെ തകര്‍ത്ത ബയേണ്‍ തുടക്കം മുതല്‍ തന്നെ കളിയിലെ ആധിപത്യം ഏറ്റെടുത്തു. 18, 33 മിനിറ്റുകളിലായിരുന്നു നാബ്രിയുടെ ഗോളുകള്‍. 88-ാം മിനിറ്റില്‍ സൂപ്പര്‍ താരം ലവന്‍ഡോസ്‌കിയാണ് മൂന്നാം ഗോള്‍ നേടിയത്. ചാമ്പ്യന്‍സ് ലീഗില്‍ താരത്തിന്‍റെ 15-ാം ഗോള്‍ ആയിരുന്നു ഇത്.
അപാര ഫോമില്‍ കളിക്കുന്ന ബയേണ്‍ തോല്‍വിയറിയാതെയാണ് ഫൈനലിലെത്തിയത്. കഴിഞ്ഞ പത്തുകളികളില്‍ നിന്നു മാത്രം 42 ഗോളാണ് അവര്‍ അടിച്ചു കൂട്ടിയിട്ടുള്ളത്. തങ്ങളുടെ ആദ്യ ഫൈനലിലാണ് നെയ്മറും എംബാപ്പെയും ഡി മരിയയും ഉള്‍പ്പെട്ട പി.എസ്.ജി എത്തുന്നത്. ഇരുപത്തിനാലാം തിയതിയാണ് കലാശപ്പോരാട്ടം