മ്യുണിച്ച്: ഇത് തന്നെയാണ് ഫുട്‌ബോള്‍. ജര്‍മന്‍ ബുണ്ടസ് ലീഗിലിതാ ചാമ്പ്യന്മാരായ ബയേണ്‍ മ്യുണിച്ചിന് തിരികെ വരാന്‍ വാതില്‍ തുറന്നിരിക്കുന്നു. ഇന്നലെ നടന്ന മല്‍സരത്തില്‍ നിലവിലെ ഒന്നാം സ്ഥാനക്കാരായ ബൊറുഷ്യ ഡോര്‍ട്ടുമണ്ടിനെ വി.എഫ്.എല്‍ ബോഷം സമനിലയില്‍ തളച്ചതോടെ ഇന്ന് നടക്കുന്ന മല്‍സരത്തില്‍ ഹെര്‍ത്താ ബെര്‍ലിനെ തോല്‍പ്പിച്ചാല്‍ ബയേണിന് നഷ്ടമായ ഒന്നാം സ്ഥാനം തിരികെ പിടിക്കാം.
30 മല്‍സരങ്ങളില്‍ നിന്ന് 61 പോയിന്റാണ് നിലവില്‍ ബൊറുഷ്യക്കാരുടെ സമ്പാദ്യം. 29 മല്‍സരങ്ങളില്‍ നിന്ന് 59 ല്‍ നില്‍ക്കുന്ന ബയേണ്‍ രണ്ടാമതും. ഇന്നത്തെ മല്‍സരത്തില്‍ ബയേണിന് ആശ്വാസമായുള്ളത് അവര്‍ നേരിടുന്നത് ഏറ്റവും അവസാന സ്ഥാനത്തുള്ള ഹെര്‍ത്തെയാണെന്നതാണ്. 29 മല്‍സരങ്ങളില്‍ നിന്ന് ആകെ 22 പോയിന്റാണ് അവരുടെ സമ്പാദ്യം. അവരെ തോല്‍പ്പിക്കുക പ്രയാസമല്ലെങ്കിലും ബയേണ്‍ പ്രകടിപ്പിക്കുന്ന അസ്ഥിരതയില്‍ ഒന്നും പറയാന്‍ കഴിയാത്ത അവസ്ഥയാണ്. ബൊറൂഷ്യക്കാര്‍ ഇന്നലെ നേരിട്ടത് പതിനഞ്ചാം സ്ഥാനത്തുള്ള പ്രതിയോഗികളെയായിരുന്നു. തുടക്കത്തില്‍ തന്നെ ബൊറൂഷ്യ പിറകില്‍ പോയി. പക്ഷേ കരീം അദിയാമിയയുടെ ഗോളാണ് ടീമിനെ തുണച്ചത്.