X

രാജ്യസഭാ സീറ്റിനായി എല്‍ഡിഎഫില്‍ പോര് തുടരുന്നു; വിട്ടുവീഴ്ചയ്ക്കില്ലാതെ സിപിഐയും കേരള കോണ്‍ഗ്രസും

ഇടതുമുന്നണിയിലെ രാജ്യസഭാ സീറ്റ് തര്‍ക്കം പരിഹരിക്കുന്നതിന് സിപിഎമ്മും സിപിഐയും തമ്മില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ തീരുമാനമാകാതെ പിരിഞ്ഞു. രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ചക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. രണ്ട് രാജ്യസഭാ സീറ്റിനായി 5 കക്ഷികള്‍ പിടിമുറുക്കിയതോടെയാണ് ഇടതുമുന്നണിയില്‍ സീറ്റ് തര്‍ക്കം കനത്ത പ്രതിസന്ധി സൃഷ്ടിക്കുന്നത്.

രാവിലെ എകെജി സെന്ററില്‍ എത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദനെ കണ്ട സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ചക്കില്ലെന്ന് അസന്നിഗ്ധമായി വ്യക്തമാക്കി. എന്നാല്‍ കേരള കോണ്‍ഗ്രസ് എമ്മിനു വേണ്ടി വാദിച്ച സിപിഎം മുന്നണിയുടെ കെട്ടുറപ്പിനായി സഹകരിക്കണമെന്ന നിര്‍ദ്ദേശമാണ് മുന്നോട്ടുവച്ചത്. തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട സീറ്റ് ആണെന്നും യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറാല്ലെന്നും പിന്നീട് മാധ്യമങ്ങളെ കണ്ട ബിനോയി വിശ്വം വ്യക്തമാക്കി.

ജോസ് കെ. മാണിയുമായി സംസാരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി രാജ്യസഭാ സീറ്റിനു പകരമായി മറ്റു ചില സ്ഥാനങ്ങള്‍ വാഗ്ദാനം ചെയ്തു. സിപിഎമ്മിന്റെ അനുനയ നീക്കങ്ങള്‍ക്ക് വഴങ്ങാതെ എമ്മും രാജ്യസഭാ സീറ്റിനായി ഉറച്ചു നില്‍ക്കുകയാണ്. ആര്‍ജെഡി യും, എന്‍സിപിയും സീറ്റിനായി അവകാശവാദം ഉന്നയിച്ചെങ്കിലും ഇവരുമായി ഉഭയകക്ഷി ചര്‍ച്ച ഉണ്ടാകില്ല എന്ന സൂചനയാണ് ഉയരുന്നത്.

ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ വിജയിച്ചില്ലെങ്കില്‍ തിങ്കളാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനമെടുത്ത് വൈകിട്ട് ഇടതുമുന്നണിയോഗത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കും. സിപിഎം തീരുമാനം അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമിച്ചാല്‍ ഇടതുമുന്നണി യോഗത്തില്‍ രൂക്ഷമായ വാദപ്രതിവാദങ്ങള്‍ ഉയരും.

webdesk13: