ആലപ്പുഴ: നിര്‍ത്തിയിട്ട വാഹനങ്ങളില്‍ നിന്ന് ബാറ്ററി മോഷ്ടിക്കുന്നവര്‍ ആലപ്പുഴയില്‍ പിടിയില്‍. അനന്തകൃഷ്ണന്‍, ബെന്‍ഹറ എന്നിവരാണ് പിടിയിലായത്. 18 വയസാണ് ഇരുവരുടെയും പ്രായം. നഗരപരിധിയില്‍ നിന്ന് മാത്രം 15 ബാറ്ററികള്‍ മോഷ്ടിച്ചതായി പ്രതികള്‍ പൊലീസിന് മൊഴി നല്‍കി. ആഡംബരമായി ജീവിക്കാനാണ് മോഷണം സ്ഥിരമാക്കിയതെന്നും അവര്‍ പൊലീസിനോട് പറഞ്ഞു.
പുലര്‍ച്ചെ നാലു മണിക്കും ആറിനും ഇടയിലാണ് മോഷണം നടത്തുന്നത്. വാഹനവുമായി നഗരപരിധിയില്‍ ഇറങ്ങുന്ന അനന്തകൃഷ്ണനും ബെന്‍ഹറും ആളില്ലാത്ത വണ്ടികള്‍ക്ക് മുന്നില്‍ വാഹനം നിര്‍ത്തും. സൂത്രത്തില്‍ ബാറ്ററികള്‍ അപഹരിക്കും. ആലപ്പുഴ നോര്‍ത്ത് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ തലവടിയില്‍ നിര്‍ത്തിയിട്ട വാഹനത്തിന്റെ ബാറ്ററി മോഷണം പോയെന്ന പരാതി കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. സമാനമായി മണ്ണഞ്ചേരി സ്‌റ്റേഷന്‍ പരിധിയിലും മോഷണം നടന്നു. പരാതി കൂടിയതിനെ തുടര്‍ന്ന് നഗര പരിധിയിലെ 17 സിസിടിവി ക്യാമറകള്‍ നോര്‍ത്ത് പൊലീസ് പരിശോധിച്ചപ്പോഴാണ് മോഷണം വ്യക്തമായത്.
ഇന്നലെ വൈകിട്ട് തണ്ണീര്‍മുക്കം റോഡില്‍ വാഹന പരിശോധനയ്ക്കിടെയാണ് ഇരുവരും പിടിയിലായത്. മോഷ്ടിച്ച ബാറ്ററി വില്‍ക്കാന്‍ പോകുമ്പോള്‍ പൊലീസിന്റെ പിടിവീഴുകയായിരുന്നു. ആലപ്പുഴ നോര്‍ത്ത് എസ്‌ഐ ടോള്‍സണ്‍, സിപിഒമാരായ വിഷ്ണു എന്‍.എസ്., ബിനുമോന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.