ചരിത്രത്തിലേക്ക് ബാറ്റേന്തി കേരളം

നീണ്ട 68 വര്‍ഷത്തെ കാത്തിരിപ്പിനും 352 മത്സരങ്ങളിലെ പോരാട്ടത്തിനും ശേഷം കേരളം ആദ്യമായി രഞ്ജി ട്രോഫിയുടെ ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ്. ഗുജറാത്തിനെതിരെ അവരുടെ തട്ടകത്തില്‍ നടന്ന സെമി ഫൈനല്‍ പോരാട്ടത്തില്‍ നിര്‍ണായകമായ രണ്ട് റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് കേരളത്തെ ചരിത്രത്തിന്റെ ഭാഗമാക്കിയത്. രണ്ടാം ഇന്നിംഗ്‌സില്‍ നാലു വിക്കറ്റ് നഷ്ട ത്തില്‍ 114 റണ്‍സെടുത്ത് നില്‍ക്കെ ഗുജറാത്ത് സമനിലക്ക് സമ്മതിക്കുകയായിരുന്നു. കലാശപ്പോരാട്ടത്തില്‍ വിദര്‍ഭയെ കീഴ്‌പ്പെടുത്തിയാലും ഇല്ലെങ്കിലും ഇന്ത്യന്‍ ആഭ്യന്ത ക്രിക്കറ്റിന്റെ സിംഹാസനത്തില്‍ മലയാള നാട് സ്വന്തം പേര് തുന്നിച്ചേര്‍ത്തുകഴിഞ്ഞിരിക്കുകയാണ്. പഴയ തിരുവി താംകൂര്‍ കൊച്ചി ടീം കേരള ക്രിക്കറ്റ് ടീം ആയശേഷം 1957 ലാണ് കേരളം ആദ്യമായി രഞ്ജി ട്രോഫി ടൂര്‍ണമെന്റില്‍ മത്സരിക്കാനിറങ്ങുന്നത്. ആദ്യ സീസണില്‍ മദ്രാസിനും മൈസൂരുവിനും ആന്ധ്രക്കും ഹൈദരാബാദിനുമെതിരായ എല്ലാ മത്സരങ്ങളും തോറ്റായിരുന്നു കേരളത്തിന്റെ രഞ്ജി അരങ്ങേറ്റം. രഞ്ജിയില്‍ ശ്രദ്ധേയമായ പ്രകടനം നടത്താന്‍ കേരളം പിന്നെയും കാത്തിരിക്കേണ്ടിവന്നത് നാലു പതിറ്റാണ്ടോളമാണ്.

1994- 95ല്‍ കെ.എന്‍ അനന്തപദ്മനാഭന്റെ നേതൃത്വത്തിലിറങ്ങിയ കേരളം ദക്ഷിണമേഖലാ വിജയികളായി പ്രി ക്വാര്‍ട്ടറിലെത്തിയാണ് മികവ് കാട്ടിയത്. 1996-97 സീസണില്‍ ദ ക്ഷിണ മേഖലാ ജേതാക്കളായി സുപ്പര്‍ ലീഗിലേക്ക് യോ ഗ്യത നേടി. 2002-03ല്‍ പ്ലേറ്റ് ലീഗ് ഫൈനലിലെത്തിയ ടീം 200708 സീസണില്‍ പ്ലേറ്റ് ലീഗ് സെമിഫൈനലിലെത്തി. 2017-18 സീസണിലാണ് അതിനുശേഷം മികച്ച പ്രകടനം നടത്തിയത്. ഗ്രൂപ്പ് ബിയില്‍ രണ്ടാമതെത്തി ആദ്യമായി രഞ്ജി ക്വാര്‍ട്ടറിലെത്തി. 2018-19 സീസണില്‍ ആദ്യമായി രഞ്ജി സെമിയിലെത്തി ദേശീയ തലത്തിലും ശ്രദ്ധേയരായി. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി രഞ്ജിയില്‍ കാര്യമായ നേട്ടം കൊയ്യാതിരുന്ന കേരളം ഇത്തവണ ഒരടികൂ ടി കടന്ന് ചരിത്രത്തിലാദ്യമായി ഫൈനല്‍ ഉറപ്പിച്ചിരിക്കുന്നു. നാടകീയം എന്ന പ്രയോഗത്തെ അന്വര്‍ഥമാക്കിയാണ് ക്വാര്‍ട്ടര്‍ ഫൈനലും സെമിഫൈനലും കേരളം സ്വന്തമാക്കിയത്. ട്വന്റി ട്വന്റിയെ വെല്ലുന്ന ആവേശത്തിലായിരുന്നു ഇരുപോരാട്ടങ്ങളും. ക്വാര്‍ട്ടര്‍ ഫൈനലില്‍ പത്താം വിക്കറ്റില്‍ റെക്കോര്‍ഡ് കൂട്ടുകെട്ടുമായി സല്‍മാന്‍ നിസാറും ബേസില്‍ തമ്പിയും ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ്പാണ് ജമ്മു കശ്മീരിനെതിരെ ഒരു റണ്‍സിന്റെ നിര്‍ണായക ഒന്നാം ഇന്നിംഗ്‌സ് ലീഡുമായി സെമി ബര്‍ത്തുറപ്പിച്ചതെങ്കില്‍ സെമിയില്‍ ഗുജറാത്തിനെ രണ്ട് റണ്‍സിന്റെ ലീഡിന് മറികടന്നാണ് ഫൈനലിലെത്തിയത്.

അലാവുദ്ദിന്റെ അല്‍ഭുതവിളക്കുകൊണ്ടല്ല കേരളക്രിക്കറ്റിന്റെ ഉജ്ജ്വല നേട്ടമെന്നതിന് സമീപകാല പ്രകടനങ്ങള്‍ സാക്ഷിയാണ്. ഒരു മികവുറ്റ സംഘമായി ടീമിനെ വികസിപ്പിച്ചെടുക്കുന്നതില്‍ രണ്ടുപരിശീലകരുടെ പങ്ക് വിസ്മരിക്കാനാവില്ല. നിലവിലെ കോച്ച് മുന്‍ ഇന്ത്യന്‍ താരം അമേയ് ഖുറാസിയയും ഓസ്‌ട്രേലിയക്കാരനായ ഡേവ് വാട്ട്‌മോറുമാണത്. ആദ്യമായി രഞ്ജിഫൈനലിലെത്തിയപ്പോള്‍ വാട്ട്‌മോറായിരുന്നു പരിശീലകന്‍. അനന്യസാധാരണമായി മികവു പുറത്തെടുത്ത കേരള ടീമില്‍ എടുത്തുപറയേണ്ട രണ്ടുപേരുകളാണ് കാസര്‍കോട്ടുകാരനായ മുഹമ്മദ് അസ്ഹറുദ്ദീന്റേതും കണ്ണൂര്‍ക്കാരനായ സല്‍മാന്‍ നിസാറിന്റേതും. നേരിടുന്ന ആദ്യ പന്തില്‍ത്തന്നെ ബൗണ്ടറി കണ്ടെത്താന്‍ ശ്രമിക്കുന്നതാണ് മുഹമ്മദ് അസ്ഹറുദ്ദീന്റെ സ്വതസിദ്ധമായ ശൈലിയെങ്കില്‍ സെമിഫൈനലില്‍ ക്ഷമയും നിശ്ചയ ദാര്‍ഢ്യവും കൈമുതലാക്കി ടീം ആവശ്യപ്പെടുന്ന പ്രകടമാണ് അദ്ദേഹം കാഴ്ചവെച്ചത്. കേരള ക്രിക്കറ്റിന് കാലങ്ങളോളം താലോലിക്കാന്‍ വകനല്‍കുന്ന സെഞ്ചുറിയാണ് അദ്ദേഹം നേടിയത്. ഏകദിന ക്രിക്കറ്റില്‍ ഒരു ടീമിന് പരമാവധി കളിക്കാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ പന്തുകള്‍ ചെലവഴിക്കേണ്ടിവന്നു ഗുജറാത്തിന്, മുഹമ്മദ് അസ്ഹറു ദ്ദീനെ പിടിച്ചുകെട്ടാന്‍.

ഗുജറാത്തിനെ 455 റണ്‍സില്‍ എറിഞ്ഞിട്ട് നിര്‍ണായകമായ രണ്ടു റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് കേരളം നേടുമ്പോള്‍ അതിലൊരു പങ്ക് സല്‍മാന്‍ ഹെല്‍മറ്റിനുമുണ്ട്. ഒമ്പത് വിക്കറ്റ് നഷ്ടപ്പെട്ടിരിക്കെ 48 പന്തുകള്‍ നേരിട്ട് 10 റണ്‍സുമായി കേരളത്തിനും ഒന്നാമിന്നിങ്‌സ് ലീഡിനും ഇടയില്‍ തടസമായി നിന്നിരുന്ന നാഗ്വസ്വല്ലയെ പുറത്താക്കുന്നതില്‍ നിര്‍ണായകമായത് ഷോര്‍ട്ട് ലെഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന സല്‍മാനും അദ്ദേഹത്തിന്റെ ഹെല്‍മറ്റുമായിരുന്നു. നേരത്തേ ഒന്നാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ അസ്ഹറുദ്ദീന് ഉറച്ച പിന്തുണയുമായി ക്രീസില്‍ നിലയുറപ്പിച്ചും സല്‍മാനായിരുന്നു. ക്വാര്‍ട്ടര്‍ മത്സരത്തില്‍ നിര്‍ണായകമായ ഒരു റണ്ണിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡോ ടെ കേരളം സെമിയിലെത്തിയതിനു പിന്നിലും സല്‍മാന്‍ ഒറ്റയാള്‍ പോരാട്ടമായിരുന്നു. ഏതായാലും രഞ്ജി സെമി ഫൈനല്‍ മത്സരം നേരിട്ട് വിക്ഷിച്ച ഇന്ത്യന്‍ സെലക്ടര്‍മാരുടെ കണ്ണില്‍ കേരളത്തിന്റെ പലതാരങ്ങളും ഉടക്കിയിട്ടു ണ്ടാകുമെന്നുറപ്പാണ്. ടിനു യോഹന്നാനും ശ്രീശാന്തിനും സഞ്ജു സാംസണുമെല്ലാം ഒത്ത പിന്‍മുറക്കാര്‍ ഈ രഞ്ജി പോരാട്ടം കേരളത്തിന് സമ്മാനിക്കുമെന്ന് നമുക്ക് പ്ര ത്യാശിക്കാം.

webdesk13:
whatsapp
line