ശൗചാലയങ്ങളെക്കുറിച്ച് ബോളിവുഡ് നടി വിദ്യാബാലന്‍ അഭിനയിച്ച കേന്ദ്രസര്‍ക്കാരിന്റെ പരസ്യം വളരെയധികം ശ്രദ്ധയാകര്‍ഷിച്ചതായിരുന്നു. ശൗചാലയമില്ലാത്തതിന്റെ പേരില്‍ വിവാഹം മുടങ്ങിയെന്നത് വരെ ആ പരസ്യത്തിന്റെ ഇംപാക്റ്റായിരുന്നു. ഇതിന്റെയൊക്കെ ചുവടുപറ്റി ഉത്തരേന്ത്യയില്‍ നിന്നിതാ പുതിയൊരു വാര്‍ത്ത. അവിടെ ശൗചാലയങ്ങളില്ലാത്ത വീടുകളില്‍ നിക്കാഹ് നടത്തിക്കൊടുക്കില്ലെന്നാണ് മൗലവിമാര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വ്യക്തി ജീവിതത്തില്‍ ശരീരത്തിനും മനസ്സിനും ഉണ്ടായിരിക്കേണ്ട ശുചിത്വമാണ് ശൗചാലയം നിര്‍ബന്ധമാക്കിയതിന് പിന്നിലുള്ള വസ്തുത.
ശൗചാലയമില്ലാത്ത വീടുകളിലെ വിവാഹം തുടങ്ങി യാതൊരു തരത്തിലുള്ള ചടങ്ങുകളും നടത്തിക്കൊടുക്കില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ് ഉത്തരേന്ത്യയിലെ മതപുരോഹിതന്‍മാര്‍. ഹരിയാന, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. നിക്കാഹ് നടത്തിക്കൊടുക്കണമെങ്കില്‍ നിര്‍ബന്ധമായും വീടുകളില്‍ ശൗചാലയം ഉണ്ടായിരിക്കണം. അല്ലാത്തപക്ഷം ചടങ്ങുകള്‍ നടത്തിക്കൊടുക്കുകയില്ലെന്ന് ജമീയത്ത് ഉലമ ഐ ഹിന്ദ് ജനറല്‍ സെക്രട്ടറി മൗലാനാ മഹ്മൂദ് എ മദനി പറയുന്നു.
ആന്തരികവും ബാഹ്യവുമായ ശുചീകരണങ്ങളാണ് ഉള്ളതെന്നും ശാരീരിക ശുചിത്വം കൈവരിച്ചാല്‍ മാത്രമേ ആന്തരിക ശുചിത്വം കൈവരുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. വൈകാതെ മറ്റ് സംസ്ഥാനങ്ങളിലേക്കും ഈ നിബന്ധന വ്യാപിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.