നിപ പ്രതിരോധ പഠന നടപടികളുമായി ബന്ധപ്പെട്ട് മൃഗ സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ വവ്വാലുകളുടെയും മൃഗങ്ങളുടെയും സാമ്പിൾ ശേഖരിക്കുന്നത് തുടരും. നിപ രോഗ ബാധിത പ്രദേശമായ കുറ്റ്യാടിയിലെ തൊട്ടിൽപ്പാലത്ത് നിന്നും പൈക്കളങ്ങാടിയിൽ നിന്നുമാണ് സാമ്പിളുകൾ ശേഖരിക്കുക.
കേന്ദ്രത്തിൽ നിന്നും എത്തിയ വിദഗ്ദ്ധ സംഘവും, വനം വകുപ്പും, പാലോട് കേരള അഗ്രികൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസും , ജില്ലാ മൃഗസംരക്ഷണ വകുപ്പും പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കുന്നതിനായി യോഗം ചേർന്നു.
വളർത്തു മൃഗങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കുന്നതോടൊപ്പം തന്നെ വന അതിർത്തിയോടു ചേർന്നതും രോഗബാധിത പ്രദേശങ്ങളിലുളളതുമായ വവ്വാലുകളിൽ നിന്നും സാമ്പിളുകൾ ശേഖരിക്കാൻ യോഗം തീരുമാനിച്ചു. വന്യജീവികളുടെ അസ്വാഭാവിക മരണം റിപ്പോർട്ട് ചെയ്താൽ വന വകുപ്പും ജില്ലാ മൃഗ സംരക്ഷണ വകുപ്പും ചേർന്ന് പോസ്റ്റ്മോർട്ടം , സാമ്പിൾ ശേഖരണം, ശാസ്ത്രീയമായി ശവ സംസ്കരണം എന്നിവ നടത്താനും തീരുമാനിച്ചു.
കഴിഞ്ഞ ദിവസം നിപ ബാധിത പ്രദേശങ്ങളിൽ നിന്നും 10 സാമ്പിളുകളും ഈന്ത് , അടക്ക എന്നിവയും പരിശോധനയ്ക്കായി മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ചിരുന്നു.