X

ബഷീർ ദൈവത്തിൽ നിന്ന് അനശ്വരതയുടെ താക്കോൽ ഏറ്റുവാങ്ങിയ എഴുത്തുകാരൻ : എം.കെ.സാനു

എഴുത്തുകാരൻ്റെ സൃഷ്ടി ഉന്മാദത്തിൽ നിന്ന് ഉണ്ടാകുന്നതാണ് എന്ന് പ്ലേറ്റോ പറഞ്ഞത് ബഷീറിൻ്റെ കാര്യത്തിൽ തികച്ചും ശരിയാണെന്നും, അനശ്വരതയുടെ താക്കോൽ ദൈവത്തിൽ നിന്ന് ഏറ്റുവാങ്ങിയ എഴുത്തുകാരനാണ് ബഷീറെന്നും പ്രൊഫ. എം.കെ. സാനു. മാനസിക അസ്വാസ്ഥ്യത്തിൻ്റെ മധ്യത്തിലാണ് ബഷീർ ‘പത്തുമ്മായുടെ ആട്’ എഴുതിയത്, പിന്നീടത് മാറ്റിയെഴുതിയിട്ടുമില്ല – സാനു മാസ്റ്റർ കൂട്ടിച്ചേർത്തു.

“ബഷീർ: വർത്തമാനത്തിൻ്റെ ഭാവി” എന്ന ബഷീർ പഠന ഗ്രന്ഥത്തിൻ്റെ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു, ഗ്രന്ഥത്തിൻ്റെ ചീഫ് എഡിറ്റർ കൂടിയായ സാനു മാസ്റ്റർ. ‘പാത്തുമ്മായുടെ ആടി’ലെ കഥാപാത്രങ്ങളായ ഖദീജ, സൈദു മുഹമ്മദ് എന്നിവർ ഗ്രന്ഥം ഏറ്റുവാങ്ങി. 600-ലേറ പേജുകളുള്ളതും എഴുപത്തിയഞ്ചിലധികം എഴുത്തുകാരുടെ ഓർമകളും പഠനങ്ങളും ഉൾക്കൊള്ളുന്നതുമായ ഗ്രന്ഥം ആശയം ബുക്സ് ആണ് പ്രസിദ്ധീകരിച്ചത്.

മുഖ്യ പ്രഭാഷണം നടത്തിയ മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജേക്കബ്, ഭാഷാപിതാവായ തുഞ്ചത്ത് എഴുത്തച്ചനും കുഞ്ചൻ നമ്പ്യാർക്കും സമശീർഷനായ എഴുത്തുകാരനാണ് ബഷീർ എന്ന് പറഞ്ഞു. അങ്ങനെ വേറൊരാൾ മലയാള സാഹിത്യത്തിൽ ഉണ്ടായിട്ടില്ല. ബഷീറിനുള്ള ഉചിതമായ ഉപഹാരമാണ് ‘വർത്തമാനത്തിൻ്റെ ഭാവി’ എന്നദ്ദേഹം ചൂണ്ടിക്കാണിച്ചു. എ.ഐ.സി.സി. ന്യൂനപക്ഷ വകുപ്പ് ദേശീയ ഉപാധ്യക്ഷൻ ഇഖ്ബാൽ വലിയവീട്ടിൽ അധ്യക്ഷത വഹിച്ചു. സതീശ് ചന്ദ്രൻ, ഡോ. ബി.ആർ. അജിത്, ജോഷി ജോർജ്, പി.ജി. ഷാജിമോൻ, അഡ്വ. നസീബ ഷുക്കൂർ സംസാരിച്ചു. എഡിറ്റർ വി.വി.എ. ശുക്കൂർ സ്വാഗതം പറഞ്ഞു.

Chandrika Web: