X
    Categories: MoreViews

ബഷീര്‍ഹട്ടില്‍ കലാപം പടര്‍ത്താന്‍ ഭോജ്പുരി സിനിമയിലെ മാനഭംഗ ശ്രമം ഉപയോഗിച്ച് ബി.ജെ.പി

കൊല്‍ക്കത്ത: നോര്‍ത്ത് 24 പര്‍ഗാന ജില്ലയിലെ ബഷീര്‍ഹട്ടിലും ബദുരിയയിലും ഉടലെടുത്ത വര്‍ഗീയ സംഘര്‍ഷത്തിന്റെ തീവ്രത വര്‍ധിപ്പിക്കാന്‍ ബി.ജെ.പി ഉപയോഗിച്ചത് വ്യാജചിത്രം. ഭോജ്പുരി സിനിമയില്‍ നിന്നും സ്ത്രീയെ അപമാനിക്കുന്ന രീതിയിലുള്ള ചിത്രമാണ് ഹരിയാനയില്‍ നിന്നുള്ള ബി.ജെ.പി നേതാവായ വിജേത മാലിക് പ്രചരിപ്പിച്ചത്.
രൂപ്‌നഗറില്‍ നിന്നുള്ള ഭബ്‌തോഷ് ചാറ്റര്‍ജി എന്നയാളാണ് കലാപത്തിലെ രംഗമെന്ന രീതിയില്‍ ചിത്രം ആദ്യമായി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ പിന്നീട് ഇതേ ചിത്രം (ചാറ്റര്‍ജിയുടെ പോസ്റ്റല്ല) വിജേത ഷെയര്‍ ചെയ്യുകയായിരുന്നു. ബംഗാളിലെ ഹിന്ദുക്കള്‍ക്ക് ആകുലപ്പെടാന്‍ ഏറെയുണ്ട്, സംസ്ഥാനത്തെ ഹിന്ദുക്കുളുടെ അവസ്ഥ ദൗര്‍ഭാഗ്യകരമാണ്, എന്തു കൊണ്ടാണ് അവര്‍ ഇങ്ങനെ എല്ലായപ്പോഴും ഉന്നമിടപ്പെടുന്നത് എന്ന കമന്റും ഹിന്ദിയില്‍ ചിത്രത്തിനൊപ്പം ചേര്‍ത്തിയിരുന്നു.
എന്നാല്‍ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായ ഉടനെ തന്നെ വാര്‍ത്താ ചാനലുകളും മറ്റും ഈ ചിത്രം 2014ല്‍ റിലീസ് ചെയ്ത ഭോജ്പുരി സിനിമയായ ഔറത് കിലോനാ നഹി എന്നതിലെ ആണെന്ന് കണ്ടെത്തി.
സംസ്ഥാനത്തുണ്ടായ വര്‍ഗീയ കലാപത്തിന് ഉത്തരവാദികള്‍ ബിജെപിയും, ആര്‍എസ്എസുമാണ് നേരത്തെ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആരോപിച്ചിരുന്നു. ഭോജ്പൂരി സിനിമയിലെ ദൃശ്യത്തിന് പുറമെ ബംഗ്ലാദേശില്‍ സംഘര്‍ഷത്തിനിടെയുള്ള ദൃശ്യങ്ങളും പ്രചരിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായി മമത ആരോപിച്ചിരുന്നു.
പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തിയ ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്നാണ് ബംഗ്ലാദേശിനോട് ചേര്‍ന്ന ബഷീര്‍ഹട്ടിലും ബദുരിയയിലും സാമുദായിക സംഘര്‍ഷത്തിന് തുടക്കം കുറിച്ചത്. സംഭവത്തില്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കലാപത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് സെക്രട്ടറിയേറ്റില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കി. കല്‍ക്കട്ട ഹൈക്കോടതിയിലെ റിട്ട. ജസ്റ്റിസിനാണ് അന്വേഷണ ചുമതല.

chandrika: