കൊല്ലം: കൊല്ലം കടയ്ക്കലില്‍ സി.പി.എം ബ്രാഞ്ച് കമ്മിറ്റിയംഗത്തിന്റെ കൊലപാതകം രാഷ്ട്രീയ പ്രേരിതമാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന തള്ളി കൊല്ലപ്പെട്ട ബഷീറിന്റെ സഹോദരി. കച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് മരിച്ച ബഷീറിന്റെ സഹോദരി പറഞ്ഞു. അതേസമയം, കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് കൊലപാകത്തിന് പിന്നിലെന്ന സി.പി.എം ആരോാപണത്തിനെതിരെ ജില്ലാ കോണ്‍ഗ്രസ് ഡി.ജി.പിക്ക് പരാതി നല്‍കി.
ബഷീറിന്റേത് രാഷ്ട്രീയ കൊലപാതകമെന്നാണ് സിപിഎം ആരോപണം. പ്രതി ഷാജഹാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും അവര്‍ പറയുന്നു. ചിതറ പഞ്ചായത്തില്‍ സി.പി.എം ആഹ്വാനം ചെയ്ത ഹര്‍ത്താലും നടക്കുകയാണ്. എന്നാല്‍ രാഷ്ട്രീയ കൊലപാതകമെന്ന സി.പി.എമ്മിന്റെ ആരോപണം പൂര്‍ണ്ണമായും തള്ളിയിരിക്കുകയാണ് കൊല്ലപ്പെട്ട ബഷീറിന്റെ സഹോദരി അഭിസാ ബീവി.
നേരത്തെ ഇരട്ടപ്പേര് വിളിച്ചതുമായി ബന്ധപ്പെട്ട് ഇവര്‍ക്കിടയില്‍ തര്‍ക്കമുണ്ടായിരുന്നു. ഇന്നലെ വൈകീട്ട് മരച്ചീനി കച്ചവടവുമായി ബന്ധപ്പെട്ട് വാക്കേറ്റമുണ്ടായി. വൈകുന്നേരം മുന്നര മണിയോടെ ബഷീറിന്റെ വീട്ടിലെത്തിയ ഷാജഹാന്‍ ബഷീറിനെ കുത്തി കൊപ്പെടുത്തി. ബഷീറിന്റെ ദേഹത്ത് ഒന്‍പത് മുറിവുകളാണ് ഉള്ളത്. നെഞ്ചില്‍ ഏറ്റ രണ്ട് കുത്തുകളാണ് മരണത്തിന് കാരണം. കൊലപാതകത്തില്‍ വ്യാജ പ്രചാരണം നടത്തി രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്നും ഷാജഹാന് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.