X

ബാഴ്‌സയുടെ തലപ്പത്ത് യോഗ്യതയില്ലാത്തവര്‍: നെയ്മര്‍

പാരീസ്: മുന്‍ ക്ലബ്ബായ ബാഴ്‌സലോണയ്‌ക്കെതിരെ രൂക്ഷവിമര്‍ശവുമായി നെയ്മര്‍. ബാഴ്‌സയുടെ ഡയറക്ടര്‍ സ്ഥാനത്തിരിക്കുന്നവര്‍ അതിന് യോഗ്യരല്ല, ബാഴ്‌സ കൂടുതല്‍ അര്‍ഹിക്കുന്നുണ്ട്, ലോകത്തിന് മുഴുവന്‍ ഇതറിയാമെന്നുമാണ് നെയ്മറുടെ പ്രതികരണം.
ടുളൂസക്കെതിരായ മത്സരത്തിനു ശേഷമാണ് ബാഴ്‌സ ഡയറക്ടര്‍മാര്‍ക്കെതിരെ നെയ്മര്‍ രൂക്ഷമായി പ്രതികരിച്ചത്. ബാഴ്‌സയില്‍ ചെലവിട്ട നാലു സീസണും സന്തോഷം നിറഞ്ഞതാണ്. എന്നാല്‍ ഡയറക്ടര്‍മാരുമായുളള ബന്ധം നല്ലതായിരുന്നില്ല. മറ്റൊരു ടീമില്‍ നിന്നുകൊണ്ട് കൂടുതല്‍ പറയാന്‍ പരിമിതിയുണ്ടെന്നും അവിടെ എന്താണ് നടക്കുന്നതെന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

തന്റെ കൂടുമാറ്റത്തില്‍ പഴയ സഹപ്രവര്‍ത്തകര്‍ക്ക് അതിയായ ദുഖമുണ്ട്, ബാഴ്‌സയില്‍ നിരവധി സുഹൃത്തുക്കളുളളതിനാല്‍ തനിക്കും സങ്കടമുണ്ട്. ബാഴ്‌സ കരുത്ത് വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. താന്‍ ബാഴ്‌സയില്‍ നിന്ന് സന്തോഷകരമായ വിടവാങ്ങള്‍ പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാല്‍ ബാഴ്‌സ ബോര്‍ഡിലെ ഒരാള്‍ പോലും തന്നോട് സംസാരിക്കാന്‍ വന്നില്ലെന്നും നെയ്മര്‍ പറയുന്നു. തനിക്ക് ചില കാര്യങ്ങള്‍ അവരുമായി പങ്കുവെക്കണെന്ന് ഉണ്ടായിരുന്നെന്നും നെയ്മര്‍ കൂട്ടിച്ചേര്‍ത്തു.
ബാഴ്‌സയില്‍ നിന്നും പിഎസ്ജിയിലേക്ക് മാറിയതിനു ശേഷം ആദ്യമായാണ് നെയ്മറുടെ പ്രതികരണം. നേരത്തെ നെയ്മറിനെതിരെ ബാഴ്‌സ പ്രസിഡന്റ് രംഗത്ത് വന്നിരുന്നു, ഒരാളും ബാഴ്‌സയേക്കാള്‍ വലുതല്ലെന്നും കൂറുള്ള കളിക്കാരെ മാത്രം ബാഴ്‌സയ്ക്ക് മതിയെന്നുമായിരുന്നു ബാഴ്‌സ പ്രസിഡന്റ് ജോസഫ് മരിയ ബാര്‍തമ്യൂ പ്രതികരിച്ചത്.

നെയ്മര്‍ പിഎസ്ജിയിലേക്ക് പോകുമെന്ന് അറിയാമായിരുന്നെന്നും അതിനാലാണ് കൈമാറ്റ തുകയ്ക്കായി വന്‍ തുക വെച്ചതെന്നും ബാഴ്‌സ പ്രസിഡന്റ് പറഞ്ഞിരുന്നു. 222 മില്യണ്‍ യൂറോയെന്ന റെക്കോര്‍ഡ് തുകയ്ക്കാണ് നെയ്മര്‍ ബാഴ്‌സലോണയില്‍ നിന്ന് പിഎസ്ജിയിലേക്ക് കൂറുമാറിയത്. ബാഴ്‌സ ആരാധകരുടെ കനത്ത പ്രതിഷേധം അവഗണിച്ചായിരുന്നു നെയ്മറുടെ വിടവാങ്ങല്‍.

അതേ സമയം കരാര്‍ ലംഘനമാരോപിച്ച് പി.എസ്.ജിയുടെ ബ്രസീലിയന്‍ താരം നെയ്മറിനെതിരെ ബാഴ്‌സലോണ 8.5 മില്യന്‍ യൂറോ നഷ്ടപരിഹാരമാരോപിച്ച് കേസ് നല്‍കാനൊരുങ്ങുന്നു. തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായാണ് ബാഴ്‌സ ഇത്തരമൊരു തീരുമാനമെടുക്കുന്നതെന്നും 2021 വരെ നെയ്മര്‍ ക്ലബ്ബുമായി കരാറിലൊപ്പിട്ട് മാസങ്ങള്‍ക്കു ശേഷം അത് ലംഘിക്കുകയാണ് ചെയ്തതെന്നും ബാഴ്‌സലോണ പ്രസ്താവനയിലൂടെ അറിയിച്ചു.

chandrika: