X

നോണ്‍സ്റ്റോപ് ലിയോ; ബാര്‍സ കുതിക്കുന്നു, റയല്‍ വീണു

ബില്‍ബാവോ: സ്പാനിഷ് ലാലിഗ ഫുട്‌ബോളില്‍ ബാര്‍സലോണയുടെ അപരാജിത കുതിപ്പ് തുടരുന്നു. ലയണല്‍ മെസ്സി സീസണിലെ 12-ാം ഗോള്‍ നേടിയ മത്സരത്തില്‍ അത്‌ലറ്റിക് ബില്‍ബാവോയെയാണ് ബാര്‍സ മുട്ടുകുത്തിച്ചത്. ബില്‍ബാവോയില്‍ കളിക്കാരനും കോച്ചുമായിരുന്ന ഏണസ്റ്റോ വല്‍വെര്‍ദെക്ക്, ബാര്‍സയുടെ പരിശീലക പദവി ഏറ്റതിനു ശേഷം പഴയ തട്ടകത്തിലേക്കുള്ള ആദ്യത്തെ യാത്ര വിജയത്തിന്റേതായി.
അതേസമയം, നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് ജിറോണയുടെ തട്ടകത്തില്‍ തിരിച്ചടി നേരിട്ടു. കാറ്റലോണിയന്‍ പ്രദേശത്തെ ക്ലബ്ബായ ജിറോണ ഒന്നിനെതിരെ രണ്ടു ഗോളിന് റയലിനെ വീഴ്ത്തി. ആദ്യപകുതിയില്‍ റയല്‍ ഇസ്‌കോയിലൂടെ മുന്നിലെത്തിയെങ്കിലും ക്രിസ്റ്റ്യന്‍ സ്റ്റുവാനി, പോര്‍ട്ടു എന്നിവരുടെ ഗോളുകളില്‍ ജിറോണ അട്ടിമറി ജയം നേടി.

കനത്ത വെല്ലുവിളി നേരിട്ട ശേഷമാണ് സീസണിലെ ഒമ്പതാം വിജയം മാമെസ് ബാരിയ സ്റ്റേഡിയത്തില്‍ ബാര്‍സ സ്വന്തമാക്കിയത്. 36-ാം മിനുട്ടില്‍ ജോര്‍ദി ആല്‍ബക്കൊപ്പം നടത്തിയ ഭാവനാപൂര്‍ണമായ നീക്കം മെസ്സി സമര്‍ത്ഥമായി ഗോളിലെത്തിക്കുകയായിരുന്നു. അതിവേഗ നീക്കങ്ങള്‍ക്ക് പേരുകേട്ട ബില്‍ബാവോ സമനില ഗോളിനായി അവസാന നിമിഷം വരെ പൊരുതിയെങ്കിലും ഇഞ്ചുറി ടൈമില്‍ പൗളിഞ്ഞോ പട്ടിക പൂര്‍ത്തിയാക്കി.

തുടക്കം മുതല്‍ ശക്തമായ സമ്മര്‍ദം ചെലുത്തിയ അത്‌ലറ്റികോക്കു വേണ്ടി അരിറ്റ്‌സ് അഡുരിസ് ഒന്നിലധികം തവണ ഗോളിനടുത്തെത്തിയെങ്കിലും ക്രോസ്ബാറും ബാര്‍സ കീപ്പര്‍ മാര്‍ക് ആന്ദെര്‍ ടെര്‍സ്റ്റെയ്ഗനും വിഘാതമായി. മറുവശത്ത് ഗോളെന്നുറച്ച ഒരു അവസരം മെസ്സി ബാറിലേക്ക് തട്ടിയിട്ട് പാഴാക്കുകയും ചെയ്തു. ഏതു വശത്തും ഗോള്‍ പിറന്നേക്കാമെന്ന് തോന്നിച്ച ഘട്ടത്തില്‍ അത്‌ലറ്റിക് പ്രതിരോധത്തിനിടയിലൂടെ ബോക്‌സിന്റെ ഇടതുഭാഗത്തേക്ക് ജോര്‍ദി ആല്‍ബക്ക് നല്‍കിയ പന്ത് തിരിച്ചുവാങ്ങിയാണ് മെസ്സി വലകുലുക്കിയത്. ഗോള്‍ലൈനിന്റെ തൊട്ടടുത്തു നിന്ന് ആല്‍ബ നല്‍കിയ കട്ട്ബാക്ക് പാസ് മെസ്സി ക്ഷണത്തില്‍ വഴി തിരിച്ചുവിട്ടപ്പോള്‍ അത്‌ലറ്റിക് പ്രതിരോധവും അതുവരെ മികച്ച പ്രകടനവുമായി നിന്ന ഗോള്‍കീപ്പര്‍ കെപ അരിസബലാഗയും നിസ്സഹായരായി.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ റൗള്‍ ഗാര്‍ഷ്യയുടെ ഹെഡ്ഡര്‍ ബാറില്‍ തട്ടി മടങ്ങിയത് അത്‌ലറ്റിക്കിന്റെ ദൗര്‍ഭാഗ്യമായപ്പോള്‍ ഡിഫന്റര്‍ ഉനായ് നൂനസിന്റെ പ്രതിരോധം ബാര്‍സയെ ഗോള്‍ വര്‍ധിപ്പിക്കുന്നതില്‍ നിന്നു വിലക്കി. ക്ലോസ് റേഞ്ചില്‍ നിന്നുള്ള അഡുരിസിന്റെ ഹെഡ്ഡര്‍ ടെര്‍സ്‌റ്റെഗന്‍ തട്ടിയകറ്റുകയും ചെയ്തു. അവസാന ഘട്ടങ്ങളില്‍ അത്‌ലറ്റിക് സര്‍വം മറന്ന് ആക്രമണത്തിന് തുനിഞ്ഞത് ബാര്‍സയുടെ രണ്ടാം ഗോളിനുള്ള വഴിമരുന്നായി. മെസ്സി തുടങ്ങി വെച്ച പ്രത്യാക്രമണം പൗളിഞ്ഞോ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

കരുത്തരായ അത്‌ലറ്റികോ മാഡ്രിഡിനെ വിയ്യാറയല്‍ 1-1 സമനിലയില്‍ തളച്ചു. 61-ാം മിനുട്ടില്‍ എയ്ഞ്ചല്‍ കൊറിയ അത്‌ലറ്റികോയെ മുന്നിലെത്തിച്ചെങ്കിലും 81-ാം മിനുട്ടില്‍ കാര്‍ലോസ് ബാക്ക വിയ്യാറിന് സമനില നല്‍കുകയായിരുന്നു. അഞ്ച് മത്സരങ്ങള്‍ക്കിടെ ലീഗില്‍ അത്‌ലറ്റികോയുടെ മൂന്നാമത്തെ സമനിലയാണിത്.

ഡിപോര്‍ട്ടിവോ അലാവസിനെ അവരുടെ ഗ്രൗണ്ടില്‍ വീഴ്ത്തിയ വലന്‍സിയ സീസണിലെ പത്താം മത്സരത്തിലും അപരാജിതമായി തുടര്‍ന്നു. സിമോണെ സാസ, റോഡ്രിഗോ എന്നിവരാണ് വലന്‍സിയക്കു വേണ്ടി ലക്ഷ്യം കണ്ടത്. വിസ്സം ബെന്‍ യെദ്ദര്‍, പാബ്ലോ സറാബിയ എന്നിവരുടെ ഗോളുകളില്‍ സെവിയ്യ ലിഗാനീസിനെ 2-1 ന് തോല്‍പ്പിച്ചു. ഇതേ സ്‌കോറിന് ഗെറ്റാഫെ റയല്‍ സോഷ്യദാദിനെയും വീഴ്ത്തി.

10 റൗണ്ട് മത്സരം പിന്നിട്ടപ്പോള്‍ 28 പോയിന്റുമായി ബാര്‍സലോണയാണ് ലാലിഗയില്‍ ലീഡ് ചെയ്യുന്നത്. രണ്ടാം സ്ഥാനത്തുള്ള വലന്‍സിയക്ക് 24 പോയിന്റുണ്ട്.

chandrika: