മാലഗ: സ്പാനിഷ് ലീഗില്‍ ദുര്‍ബലരായ മാലഗയോട് തോല്‍വി വഴങ്ങിയത് കിരീടം നിലനിര്‍ത്താനുള്ള ബാര്‍സലോണയുടെ പ്രതീക്ഷകള്‍ക്ക് വന്‍ തിരിച്ചടിയായി. റയല്‍ മാഡ്രിഡിനെ അത്‌ലറ്റികോ മാഡ്രിഡ് സമനിലയില്‍ തളച്ചതിനു ശേഷം എവേ ഗ്രൗണ്ടിലിറങ്ങിയ ബാര്‍സ എതിരില്ലാത്ത രണ്ടു ഗോളിനാണ് മുട്ടുമടക്കിയത്. തോല്‍വിക്കു പുറമെ സൂപ്പര്‍ താരം നെയ്മര്‍ ചുവപ്പുകാര്‍ഡ് കണ്ടത് ലൂയിസ് എന്റക്വെയുടെ ടീമിന് ആഘാതമായി.
ആദ്യ പകുതിയില്‍ മുന്‍ ബാര്‍സ തരാം സാന്‍ഡ്രോ റമീറസും 90-ാം മിനുട്ടില്‍ ജൊനാതന്‍ മെനന്റസുമാണ് ബാര്‍സോണയുടെ വലയില്‍ പന്തെത്തിച്ചത്. പ്രത്യാക്രമണത്തില്‍ നിന്നുള്ള ഇരുഗോളുകളും സ്പാനിഷ് ചാമ്പ്യന്മാരുടെ പ്രതിരോധത്തിലെ ദൗര്‍ബല്യം തുറന്നു കാട്ടുന്നതായി.
റയല്‍ മാഡ്രിഡും അത്‌ലറ്റികോ മാഡ്രിഡും തമ്മിലുള്ള സ്പാനിഷ് ഡര്‍ബി 1-1 ല്‍ അവസാനിച്ചതോടെ, മലാഗയെ തോല്‍പ്പിച്ചാല്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തെത്താം എന്ന കണക്കുകൂട്ടലോടെയാണ് ബാര്‍സ ലാ റോസലിദയില്‍ ഇറങ്ങിയത്. 2003-നു ശേഷം അവിടെ തോറ്റിട്ടില്ലെങ്കിലും ആദ്യപാദത്തില്‍ ബാര്‍സയെ നൗകാംപില്‍ സമനിലയില്‍ തളച്ച മാലഗയില്‍ നിന്ന് ശക്തമായ പോരാട്ടം പ്രതീക്ഷിച്ചിരുന്നു.
16-ാം മിനുട്ടില്‍ ജോര്‍ദി ആല്‍ബ അന്തരീക്ഷത്തിലൂടെ നല്‍കിയ ലോങ് ബോള്‍ നെഞ്ചില്‍ നിയന്ത്രിച്ച ലൂയിസ് സുവാരസ് ബാര്‍സയെ മുന്നിലെത്തിച്ചെന്ന് കരുതിയെങ്കിലും ഗോള്‍കീപ്പര്‍ കാര്‍ലോസ് കമേനിയുടെ കണക്കുകൂട്ടല്‍ ഗോള്‍ നിഷേധിച്ചു. ഗോള്‍ ഏരിയയില്‍ നിന്ന് പന്ത് അടിച്ചകറ്റുന്നതില്‍ ബാര്‍സ കീപ്പര്‍ മാര്‍ക് ആന്ദ്രെ ടെര്‍സ്റ്റെയ്ഗന്‍ വരുത്തിയ പിഴവില്‍ നിന്ന് മാലഗക്ക് സുവര്‍ണാവസരം ലഭിച്ചെങ്കിലും 30 വാര അകലെ നിന്ന് ആളൊഴിഞ്ഞ പോസ്റ്റ് ലക്ഷ്യം വെക്കുന്നതില്‍ റേച്ചിയോക്ക് പിഴച്ചത് സന്ദര്‍ശകരുടെ ഭാഗ്യമായി.
ഗോള്‍ കണ്ടെത്താന്‍ വേണ്ടി പ്രതിരോധം മറന്ന് എതിര്‍ഹാഫില്‍ തമ്പടിച്ചതാണ് അര മണിക്കൂര്‍ പിന്നിട്ടയുടനെ ബാര്‍സക്ക് തിരിച്ചടിയായത്. സ്വന്തം ബോക്‌സിനു സമീപത്തു നിന്ന് യുവാന്‍ കാര്‍ലോസ് നീട്ടിനല്‍കിയ പന്ത് ഓഫ്‌സൈഡ് കെണി പൊട്ടിച്ച് ഓടിപ്പിടിച്ചെടുത്ത സാന്‍ഡ്രോ റാമിറസ് ടെര്‍സ്റ്റെയ്ഗന്റെ ഇടതുവശം ചേര്‍ന്ന് നിലംപറ്റെയുള്ള ഷോട്ടിലൂടെ വലകുലുക്കി.
65-ാം മിനുട്ടില്‍ അനാവശ്യമായ ഫൗളില്‍ ഡീഗോ യോറന്റെയെ വീഴ്ത്തിയതിന് നെയ്മര്‍ രണ്ടാം മഞ്ഞക്കാര്‍ഡും ചുവപ്പും കണ്ടതോടെ ബാര്‍സ പത്തുപേരായി ചുരുങ്ങി. 27-ാം മിനുട്ടില്‍ എതിര്‍ടീമിന്റെ ഫ്രീകിക്ക് പൊസിഷനു മുന്നിലിരുന്ന് ബൂട്ട് കെട്ടിയതിനാണ് റഫറി ജീസസ് ഗില്‍ ബ്രസീല്‍ താരത്തിന് ആദ്യ മഞ്ഞക്കാര്‍ഡ് കാണിച്ചത്. ലാലിഗയിലെ ആദ്യ ചുവപ്പുകാര്‍ഡ് കണ്ട നെയ്മര്‍ അതൃപ്തി പ്രകടിപ്പിച്ചാണ് മൈതാനം വിട്ടത്.
70-ാം മിനുട്ടില്‍ റഫറിയുടെ കരുണ കൊണ്ടുമാത്രം ബാര്‍സ ഒരു ഗോളില്‍ നിന്ന് രക്ഷപ്പെട്ടു. 19-കാരന്‍ പെനാരന്‍ഡ ലോങ്‌ബോള്‍ ചെസ്റ്റ് ചെയ്ത് വലകുലുക്കിയെങ്കിലും ലൈന്‍സ്മാന്‍ ഓഫ്‌സൈഡ് വിളിച്ചു. പാസ് തുടങ്ങുമ്പോള്‍ വെനിസ്വെലന്‍ താരം ഓഫ്‌സൈഡ് പൊസിഷനില്‍ ആയിരുന്നില്ലെന്ന് റീപ്ലേകളില്‍ വ്യക്തമായി. ലൂയിസ് സുവാരസ് ബോക്‌സിന്റെ അതിര്‍ത്തിക്കുള്ളില്‍ ഫൗള്‍ ചെയ്യപ്പെട്ടെങ്കിലും പെനാല്‍ട്ടി അനുവദിക്കാതെ റഫറി ഫ്രീകിക്ക് നല്‍കിയത് ബാര്‍സക്ക് തിരിച്ചടിയായി.
സമനില ഗോള്‍ കണ്ടെത്തുന്നതിനായി ബാര്‍സ എതിര്‍ ഗോള്‍മുഖത്തിനു ചുറ്റും വട്ടമിടുന്നതിനിടെ കളിയുടെ വിധിയെഴുതി മാലഗയുടെ രണ്ടാം ഗോള്‍ വന്നു. സ്വന്തം ഹാഫില്‍ നിന്് തുടങ്ങിയ നീക്കത്തിനൊടുവില്‍ ഗോള്‍കീപ്പര്‍ക്കു തൊട്ടുമുന്നില്‍ വെച്ച് പാബ്ലോ ഫൊര്‍നാല്‍സ് നല്‍കിയ പാസില്‍ നിന്ന് ജോണി മെനാന്റസ് അനായാസം വലകുലുക്കുകയായിരുന്നു.
ബാര്‍സയേക്കാള്‍ ഒരു മത്സരം കുറവ് കളിച്ച റയല്‍ മൂന്ന് പോയിന്റെ ലീഡോടെ (72 പോയിന്റ്) ലീഗില്‍ വ്യക്തമായി ലീഡ് ചെയ്യുകയാണ്. ഈ മാസം 24-ന് സാന്റിയാഗോ ബര്‍ണേബുവില്‍ നടക്കുന്ന എല്‍ ക്ലാസിക്കോ ബാര്‍സ നേടിയാലും മറ്റ് മത്സരങ്ങളില്‍ ജയം ഉറപ്പാക്കാന്‍ കഴിഞ്ഞാല്‍ റയലിന് കിരീടത്തില്‍ മുത്തമിടാം.
ലീഗിലെ മറ്റൊരു മത്സരത്തില്‍ വലന്‍സിയ ഒന്നിനെതിരെ മൂന്നു ഗോളിന് ഗ്രാനഡയെ വീഴ്ത്തി. ഇറ്റാലിയന്‍ താരം സിമോനെ സാസയുടെ ഇരട്ട ഗോളുകളാണ് വലന്‍സിയയുടെ ജയമുറപ്പിച്ചത്.