നിയമസഭയിലെ നയപ്രഖ്യാപനവുമായി ബന്ധപ്പെട്ട് ബരണഘടനാ പ്രതിസന്ധിയുടെ വക്കോളമെത്തുന്ന രീതിയില്‍ ഗവര്‍ണര്‍ സര്‍ക്കാറിനെ മുള്‍മുനയില്‍ നിര്‍ത്തിയതും അദ്ദേഹത്തിന്റെ തിട്ടൂരത്തിന് മുന്നില്‍ മുട്ടിലിഴയുന്ന സര്‍ക്കാറും സംസ്ഥാനത്തെ നാണിപ്പിച്ചുകൊണ്ടിരിക്കുന്ന സാഹചര്യങ്ങള്‍ക്കാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കേരളം സാക്ഷ്യം വഹിച്ചത്. ഒരാഴ്ച്ചമുമ്പ് മന്ത്രിസഭ അംഗീകരിച്ച് രാജ്ഭവനിലേക്ക് അയച്ച നയപ്രഖ്യാപനത്തിന് വ്യാഴായ്ച്ച രാവിലെയായിട്ടും അംഗീകാരം ലഭിക്കാതിരുന്നതോടെ സര്‍ക്കാര്‍ വൃത്തങ്ങള്‍ രാജ്ഭവനുമായി ബന്ധപ്പെട്ടപ്പോഴാണ് ഗവര്‍ണര്‍ ഒപ്പിടില്ലെന്ന കാര്യം അറിയുന്നത്. ഇതറിഞ്ഞതോടെ പാര്‍ട്ടി സെക്രട്ടറിയേറ്റ് യോഗത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓടിക്കിതച്ചെത്തുകയും 20 മിനുട്ടോളം തന്റെ മുമ്പില്‍ താണുകേണിട്ടും ഗവര്‍ണര്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുകയുമായിരുന്നു. ഒടുവില്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ട, തീര്‍ത്തും അന്യായമായ ആവശ്യം അംഗീകരിച്ചുകൊണ്ട് പഞ്ചപുച്ചമടക്കിയാണ് സര്‍ക്കാര്‍ ഗവര്‍ണറെക്കൊണ്ട് ഒരുവിധത്തില്‍ നയപ്രഖ്യാപനത്തിന് അംഗീകാരം വാങ്ങിയെടുത്തത്.
ഇതാദ്യമായല്ല ഗവര്‍ണര്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി തന്റെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നത്. തന്റെ അഡീഷണല്‍ പി.എ ആയി ബി.ജെ.പി നേതാവ് ഹരി എസ് കര്‍ത്തയെ നിയമിപ്പിക്കുന്നതിലുള്‍പ്പെടെ നിരവധി സംഭവങ്ങളില്‍ സര്‍ക്കാറിനെ വരച്ച വരയില്‍ നിര്‍ത്തി കാര്യങ്ങള്‍ നേടിയെടുക്കാന്‍ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സര്‍ക്കാറിന്റെ പ്രതിഷേധം നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന് 2020ല്‍ ഗവര്‍ണര്‍ നിലപാടെടുത്തിരുന്നു. ഈ വിഷയം പ്രതിപാതിക്കുന്ന 18 ാം ഖണ്ഡിക അദ്ദേഹം ഒഴിവാക്കുമോയെന്ന ആശങ്കയിലാണ് പിണറായിയും കൂട്ടരും അന്നു നേരംവെളുപ്പിച്ചത്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമത്തിനെതിരായ വിമര്‍ശനത്തിന്റെ പേരിലായിരുന്നു കഴിഞ്ഞ തവണത്തെ ഉടക്ക്. ഈ ഘട്ടത്തില്‍ കരിനിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കാന്‍ പ്രത്യേക നിയമസഭാ സമ്മേളനത്തിനു അനുമതിനല്‍കാന്‍ പോലും ഒരുവേള അദ്ദേഹം തയാറായില്ല.
ഭരണഘടനാ പദവി വഹിക്കുന്ന ആള്‍ എന്ന ഉത്തരവാദിത്തം മറന്ന് സംഘ്പരിവാര്‍ ഏജന്റിനെപോലെ തന്റെ പരിധിക്കു പുറത്തുള്ള കാര്യങ്ങളില്‍ പോലും ഇടപെടുകയും തീര്‍പ്പുകല്‍പ്പിക്കുകയും ചെയ്യുമ്പോള്‍ പോലും ഒരു കമ്മ്യൂണിസ്റ്റു സര്‍ക്കാറും അതിന്റെ തലവനായ മുഖ്യമന്ത്രിയും സ്വീകരിക്കുന്ന നിസ്സംഗ സമീപനം ദുരൂഹത നിറഞ്ഞതാണ്. പുതിയ സംഭവ വികാസത്തില്‍ ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ബലിയാടാക്കിയാണ് ഗവര്‍ണറുടെ ഇംഗിതത്തിന് മുഖ്യമന്ത്രി വഴങ്ങിക്കൊടുത്തത്. ഗവര്‍ണര്‍ക്കെതിരായി ഒരുറച്ച നിലപാടെടുക്കാന്‍ കഴിയാത്ത പിണറായിയുടെ ഈ സമീപനം ഒടുവില്‍ ഇടതുപക്ഷത്തിനു പോലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അവസ്ഥയിലെത്തി നില്‍ക്കുന്നു. ഗവര്‍ണര്‍ക്കുവേണ്ടി പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജ്യോതിലാലിനെ സ്ഥലം മാറ്റിയത് ശരിയായില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുറന്നടിച്ചിരിക്കുകയാണ്. ഗവര്‍ണറുടെ സ്വഭാവം ഇടക്ക് ഇത്തരത്തിലാണെന്നും മുമ്പ് കേക്കുമായി ചെന്നാണ് താന്‍ ഒരുപ്രശ്‌നം പരിഹരിച്ചതെന്നുമുള്ള മുന്‍മന്ത്രി എ.കെ ബാലന്റെ പ്രസ്താവനയിലും സര്‍ക്കാറിനെതിരായ ഒളിയമ്പുണ്ട്.
ബി.ജെ.പിയുടെ താളത്തിനൊത്ത് തുള്ളുന്ന ഗവര്‍ണറുടെ രീതിയോട് എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്ന് പ്രതിപക്ഷത്തില്‍ നിന്ന് മനസിലാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. പൗരത്വ വിഷയം, കാര്‍ഷിക നിയമം തുടങ്ങിയ കാര്യങ്ങളില്‍ ഗവര്‍ണര്‍ക്കെതിരെ ശക്തമായ നിലപാടെടുത്ത പ്രതിപക്ഷം ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടുക വരെയുണ്ടായി. എന്നാല്‍ സര്‍ക്കാര്‍ ഇതു നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് കെ.കരുണാകരന്‍ അനുസ്മരണ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കേണ്ടിയിരുന്ന ഗവര്‍ണറോട് വരേണ്ടതില്ലെന്ന് അറിയിക്കാന്‍ പോലും പ്രതിപക്ഷത്തിനു മടിയുണ്ടായിരുന്നില്ല. ഭരണഘടനാ പദവി വിരട്ടാനും വിലപേശാനുമൊക്കെ ഉപയോഗിക്കുന്ന ഗവര്‍ണറെ നിലക്കു നിര്‍ത്തണമെങ്കില്‍ ഒത്തുകളി അവസാനിച്ച് പ്രതിപക്ഷത്തിന്റെ ആര്‍ജവമുള്ള നിലപാടിനൊപ്പം നില്‍ക്കുകയാണ് ഇടതുപക്ഷം ചെയ്യേണ്ടത്. പക്ഷേ മടിയില്‍ കനമുള്ളിടത്തോളം കാലം മുഖ്യമന്ത്രിക്കും കൂട്ടര്‍ക്കും വഴിയില്‍ ഭയക്കാതിരിക്കാനാവില്ല എന്നതാണ് വസ്തുത.