X

ഇനിയേസ്റ്റയും ബാഴ്‌സ വിടുന്നു

ബാഴ്‌സലോണ: താരങ്ങള്‍ ഒന്നൊന്നായി കൂടൊഴിയുന്ന ബാഴ്‌സലോണ ക്യാമ്പില്‍ നിന്നും മറ്റൊരു ട്രാന്‍സ്ഫര്‍ വാര്‍ത്ത കൂടി. സ്റ്റാര്‍ മിഡ്ഫീല്‍ഡര്‍ ആന്ദ്രേ ഇനിയേസ്റ്റയും ബാഴ്‌സലോണ വിടാന്‍ തയ്യാറെടുക്കുന്നു.  ഈ സീസണിന് ഒടുവില്‍ അവസാനിക്കുന്ന കരാര്‍ പുതുക്കേണ്ടെന്ന് ഇനിയേസ്റ്റ ബാഴ്‌സലോണ മാനേജുമെന്റിനെ അറിയിച്ചതായാണ് വിവരം. ബാഴ്‌സയുമായി കരാര്‍ പുതുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ, ബാഴ്‌സയോട് എന്നും എനിക്ക് സ്‌നേഹമായിരിക്കും, ഞാനില്ലെങ്കിലും ഇവിടെ ഒന്നും സംഭവിക്കില്ല. മൂന്ന് വര്‍ഷം മുമ്പ് ഇക്കാര്യം എനിക്ക് ആലോചിക്കാനെ കഴിയുമായിരുന്നില്ല, എന്നാല്‍ ഇപ്പോള്‍ ഞാനെന്റെ ഭാവിയെ കുറിച്ച് ആലോചിക്കുന്നു’ സ്പാനിഷ് ദിനപത്രമായ എല്‍ പാരീസിനോട് ഇനിയേസ്റ്റ പറഞ്ഞു.

അതെ സമയം ഈ സീസണില്‍ ഇനിയേസ്റ്റയ്ക്ക് വളരെ പ്രധാനപ്പെട്ട റോള്‍ ബാഴ്‌സയ്ക്കായി ചെയ്യാനുണ്ടെന്നാണ് ബാഴ്‌സ കോച്ച് ഏണെസ്‌റ്റോ വാല്‍വെര്‍ദേയുടെ അഭിപ്രായം. നേരത്തെ ബാഴ്‌സ ജഴ്‌സിയില്‍ തന്നെ വിരമിക്കും എന്നായിരുന്നു ഇനിയേസ്റ്റ പറഞ്ഞിരുന്നത്. ഈ തീരുമാനത്തില്‍ നിന്നുമാണ് ഇനിയേസ്റ്റ ഇപ്പോള്‍ പിന്മാറിയിരിക്കുന്നത്. ബാഴ്‌സയെ സംബന്ധിച്ച് ഏറ്റവും വികാരഭരിതമായ തീരുമാനമാണ് ഇനിയേസ്റ്റയെ പറഞ്ഞുവിടുകയെന്നത്. മെസ്സിയെ പോലെ കരിയറിലുടനീളം ബാഴ്‌സലോണയ്ക്കായി കളിച്ച താരമാണ് ഇനിയേസ്റ്റയും.

2002ലാണ് ഇനിയേസ്റ്റ ബാഴ്‌സലോണയുടെ സീനിയര്‍ ടീമിന്റെ കുപ്പായം അണിയുന്നത്. 412 മത്സരങ്ങള്‍ ഇതിനോടകം കളിച്ചിട്ടുളള താരം 34 ഗോളും ബാഴ്‌സയ്ക്കായി നേടിയിട്ടുണ്ട്. 119 മത്സരങ്ങള്‍ സ്‌പെയിനായി കളിച്ചിട്ടുളള ഇനിയേസ്റ്റ 13 ഗോളും ദേശീയ ടീമിനായി നേടിയിട്ടുണ്ട്.
നെയ്മര്‍ ക്ലബ് വിട്ടതിന് പിന്നാലെ ഇനിയേസ്റ്റയും ബാഴ്‌സയുമായി ബന്ധം ഉപേക്ഷിക്കാന്‍ ഒരുങ്ങുന്നത് ബാഴ്‌സലോണ മാനേജുമെന്റിന് തലവേദനയാണ്. നിലവില്‍ കനത്ത പ്രതിഷേധമാണ് മാനേജുമെന്റിന്റെ നടപടിയ്‌ക്കെതിരെ ആരാധകര്‍ക്കിടയിലുളളത്.

ഇതിനിടെ സൂപ്പര്‍താരം ലയണല്‍ മെസിയും, സുവാരസും ബാഴ്‌സ വിടുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റിയാണ് മെസിയെ സ്വന്തമാക്കാന്‍ മുന്നോട്ട് വന്നത്. മെസിയ്ക്ക് 300 മില്യണ്‍ യൂറോ(2300കോടി രൂപ) സിറ്റി വിലയിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. മെസി ഈ തുകയ്ക്ക് ബാഴ്‌സ വിടുകയാണെങ്കില്‍ അത് ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ട്രാന്‍സ്ഫറായി മാറും. നേരത്തെ 222 മില്യണ്‍ യൂറോയ്ക്കാണ് നെയ്മര്‍ ബാഴ്‌സയില്‍ നിന്ന് പിഎസ്ജിയിലേക്ക് കൂറുമാറിയത്.

chandrika: