മാഡ്രിഡ്: സ്പാനിഷ് ലാലിഗ ഫുട്‌ബോളില്‍ ബാര്‍സലോണയുടെ തേരോട്ടം തുടരുന്നു. ലയണല്‍ മെസ്സി റെക്കോര്‍ഡ് കുറിക്കുകയും ലൂയിസ് സുവാരസ് ഇരട്ട ഗോളുകളുമായി മിന്നുകയും ചെയ്ത മത്സരത്തില്‍ ബാര്‍സ രണ്ടിനെതിരെ നാലു ഗോളിന് റയല്‍ സോഷ്യദാദിനെ തകര്‍ത്തു. ഇതിനു മുമ്പ് ഏഴ് തവണ സന്ദര്‍ശിച്ചപ്പോഴും ജയിക്കാന്‍ കഴിയാതിരുന്ന സോഷ്യദാദിന്റെ അനോറ്റ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ രണ്ടു ഗോൡന് പിന്നില്‍ നിന്ന ശേഷമായിരുന്നു ബാര്‍സയുടെ തിരിച്ചുവരവ്. മറ്റു മത്സരങ്ങളില്‍ ലിഗാനീസ്, സെല്‍റ്റ വിഗോ ടീമുകള്‍ ജയം കണ്ടപ്പോള്‍ എസ്പാന്യോളും അത്‌ലറ്റിക് ക്ലബ്ബും സമനിലയില്‍ പിരിഞ്ഞു.
2017-18 സീസണില്‍ ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ലാത്ത ബാര്‍സ ആത്മവിശ്വാസത്തോടെയാണ് തുടങ്ങിയതെങ്കിലും 11-ാം മിനുട്ടില്‍ ഷാബി പ്രീറ്റോയുടെ ക്രോസില്‍ നിന്ന ഹെഡ്ഡറുതിര്‍ത്ത് വില്ല്യന്‍ ഹോസെ ആതിഥേയരെ മുന്നിലെത്തിച്ചു. തൊട്ടുപിന്നാലെ വില്ല്യന്‍ ഹോസെ ഒരിക്കല്‍ക്കൂടി ബാര്‍സയുടെ വലയില്‍ പന്തെത്തിച്ചെങ്കിലും അതിനു മുമ്പ് ഇവാന്‍ റാകിറ്റിച്ച് ഫൗള്‍ ചെയ്യപ്പെട്ടതിനാല്‍ ഗോള്‍ അനുവദിക്കപ്പെട്ടില്ല. എങ്കിലും 30-ാം മിനുട്ടില്‍ ജുവാന്‍മിയിലൂടെ അവര്‍ ലീഡുയര്‍ത്തി. കനാലസ് ബോക്‌സിലേക്ക് ഉയര്‍ത്തി നല്‍കിയ പന്തില്‍ ജുവാന്‍മി തൊടുത്ത ഷോട്ട് സെര്‍ജി റോബര്‍ട്ടോയുടെ കാലില്‍ തട്ടി വലയില്‍ കയറുകയായിരുന്നു.
ആദ്യപകുതിക്കു പിരിയുന്നതിനു മുമ്പ് ഒരു ഗോള്‍ മടക്കാന്‍ സന്ദര്‍ശകര്‍ക്കായി. 39-ാം മിനുട്ടില്‍ ലൂയിസ് സുവാരസ് ഇടതുവിങില്‍ നിന്നു നല്‍കിയ ക്രോസ് പൗളിഞ്ഞോ വലയിലേക്ക് തട്ടിയപ്പോള്‍ ഗോള്‍കപ്പറുടെ കൈകളിലുരസി ലക്ഷ്യം കാണുകയായിരുന്നു. രണ്ടാം പകുതി തുടങ്ങി അഞ്ചു മിനുട്ടിനകം ബാര്‍സ ഒപ്പമെത്തി. റോബര്‍ട്ടോയില്‍ നിന്ന് പന്ത് സ്വീകരിച്ച് കുതിച്ച മെസ്സി ബോക്‌സിനു പുറത്തു നിന്ന് പന്ത് സുവാരസിന് കൈമാറി. ബോക്‌സിലെ ആള്‍ക്കൂട്ടത്തിനു മുകൡലൂടെ യൂറുഗ്വായ് താരം തൊടുത്ത ഷോട്ട് പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് വളഞ്ഞിറങ്ങി.
71-ാം മിനുട്ടില്‍ സോഷ്യദാദ് ഗോള്‍കീപ്പര്‍ റുള്ളിയുടെ പിഴവാണ് ഗോളില്‍ കലാശിച്ചത്. ഗോള്‍കിക്കില്‍ റുള്ളി ഉയര്‍ത്തിയടിച്ച പന്ത് അവരുടെ ഹാഫില്‍ വെച്ച് തോമസ് വെര്‍മാലീന്‍ ഹെഡ്ഡ് ചെയ്ത് മുന്നോട്ടു നല്‍കി. പ്രതിരോധക്കാര്‍ക്കിടയിലൂടെ മുന്നോട്ടുകയറിയ പന്ത്, ഓടിക്കുതിച്ചെത്തിയ സുവാരസ് കരുത്തുറ്റ ഷോട്ടിലൂടെ വലയിലാക്കി.
സമനില ഗോളിനായി സോഷ്യദാദ് ശ്രമിക്കുന്നതിനിടെ 85-ാം മിനുട്ടില്‍ മെസ്സി ബാര്‍സയുടെ നാലാം ഗോളും നേടി. 25 വാര അകലെ നിന്നെടുത്ത ഫ്രീകിക്ക് പ്രതിരോധ മതിലിനു മുകളിലൂടെ അര്‍ജന്റീനാ താരം വലയിലേക്ക് വളച്ചിറക്കിയപ്പോള്‍ റുള്ളിക്ക് നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ.
ലെവാന്റെയെ അവരുടെ തട്ടകത്തില്‍ നേരിട്ട സെല്‍റ്റ വിഗോ, 37-ാം മിനുട്ടില്‍ പിയോനെ സിസ്‌തോ നേടിയ ഏക ഗോളിലാണ് ജയം കണ്ടത്. കരുത്തരായ സെവിയ്യയെ ഡിപോര്‍ട്ടിവോ അലാവസ് മനു ഗാര്‍ഷ്യയുടെ ഗോളില്‍ കീഴടക്കി. അത്‌ലറ്റിക്കിനെതിരെ ജെറാര്‍ഡ് മൊറേനോയിലൂടെ എസ്പാന്യോള്‍ മുന്നിലെത്തിയിരുന്നെങ്കിലും ഇനാകി വില്യംസ് സന്ദര്‍ശകരെ ഒപ്പമെത്തിച്ചു.
19 മത്സരങ്ങളില്‍ നിന്ന് 51 പോയിന്റാണ് ഒന്നാം സ്ഥാനത്തുള്ള ബാര്‍സലോണക്കുള്ളത്. അത്‌ലറ്റികോ മാഡ്രിഡ് (42), വലന്‍സിയ (40) ടീമുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുമ്പോള്‍ ഒരു കളി കുറച്ചു കളിച്ച റയല്‍ മാഡ്രിഡ് 32 പോയിന്റോടെ നാലാം സ്ഥാനത്താണ്. റയലിനെ പിന്നിലാക്കാനുള്ള അവസരമാണ് സെവിയ്യ കളഞ്ഞു കുളിച്ചത്.