മാഡ്രിഡ് : റയല്‍ മാഡ്രിഡിനെതിരെയുള്ള എല്‍ ക്ലാസിക്കോ മത്സരത്തിനിടെ ചുവപ്പു കാര്‍ഡ് കണ്ട ബാര്‍സലോണ താരം സെര്‍ജി റോബര്‍ട്ടോക്ക് നാല് മത്സരങ്ങളില്‍ വിലക്ക്. ആദ്യപകുതിയുടെ ഇഞ്ച്വറി ടൈമില്‍ റയല്‍ ഫുള്‍ബാക്ക് മാര്‍സലോയെ പ്രഹരിച്ചതിനാണ് റഫറി ഹോസെ ഹെര്‍ണാണ്ടസ് ചുവപ്പുകാര്‍ഡ് കാണിച്ചത്. വിലക്കിനു പുറമെ സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്റെ കോമ്പറ്റീഷന്‍ കമ്മിറ്റി സ്പാനിഷ് താരത്തിന് 3005 യൂറോയും ബാര്‍സലോണക്ക് 1400 യൂറോയും പിഴ വിധിച്ചിട്ടുണ്ട്.
പന്ത് സമീപത്തില്ലാതിരിക്കെ എതിര്‍ ടീം കളിക്കാരനെ കൈ ഉപയോഗിച്ച് പ്രഹരിച്ചു, അമിത ബലപ്രയോഗം നടത്തി എന്നീ കുറ്റങ്ങളാണ് റഫറിയുടെ മാച്ച് റിപ്പോര്‍ട്ടില്‍ റോബര്‍ട്ടോക്കെതിരെ ഉള്ളത്. ഇതിനെതിരെ ബാര്‍സ അപ്പീല്‍ നല്‍കിയിട്ടുണ്ട്. വിലക്ക് നിലനില്‍ക്കുകയാണെങ്കില്‍ സീസണിലെ അവസാന നാല് ലാലിഗ മത്സരങ്ങളിലും അടുത്ത സീസണ്‍ ആദ്യത്തിലെ സ്പാനിഷ് സൂപ്പര്‍ കപ്പ് മത്സരത്തിലും പ്രതിരോധ താരത്തിന് പുറത്തിരിക്കേണ്ടി വരും.
നാല് മത്സരത്തില്‍ വിലക്കേര്‍പ്പെടുത്തിയതോടെ താരത്തിന് സീസണില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും.വിയ്യാറയല്‍, ലെവന്റെ, റയല്‍ സോസിഡാഡ് എന്നിവയുമായാണ് ലാലീഗ കിരീടം ഉറപ്പിച്ച ബാര്‍സയുടെ അടുത്ത മത്സരങ്ങള്‍. താരത്തിന്റെ വിലക്ക് ക്ലബിനെ സംബന്ധിച്ചിടത്തോളം അഭിമാനത്തിനേറ്റ ക്ഷതമാണ്. എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡ് താരങ്ങളാണ് കൂടുതലായും അച്ചടക്ക നടപടികള്‍ നേരിടാറ്. കളിക്കളത്തിലെ മോശം പ്രവൃത്തിക്ക്് താരത്തിന് വിലക്കേര്‍പ്പെടുന്നത് ഏതു ക്ലബിനും നാണക്കേടാണ്.
അപരാജിത കുതിപ്പുമായി സ്വന്തം തട്ടമായ ന്യൂകാംപില്‍ റയല്‍ മാഡ്രിഡ് നേരിട്ട ബാര്‍സ പത്തു പേരുമായി 2-2ന് മാഡ്രിഡിനെ സമനിലയില്‍ തളക്കുകയായിരുന്നു. തുടക്കം മുതല്‍ ഒടുക്കം വരെ അത്യധികം വാശിയേറിയ മത്സരത്തില്‍ പലപ്പോഴും താരങ്ങള്‍ തമ്മില്‍ കയ്യാങ്കളിയിലെത്തി. ഇതോടെ, മത്സരത്തില്‍ ഏഴ് മഞ്ഞക്കാര്‍ഡുകളും ഒരു ചുവപ്പു കാര്‍ഡും റഫറിക്ക് പുറത്തെടുക്കേണ്ടി വന്നിരുന്നു. മത്സരത്തില്‍ സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ഗോള്‍ നേടിയിരുന്നു.