X

സമനില കുരുക്കില്‍ ബാഴ്‌സ; ലാലീഗ ആവേശകരമായ അന്ത്യത്തിലേക്ക്

മാഡ്രിഡ്: കിരീടപോരാട്ടത്തിലേക്ക് കടക്കുന്ന സ്പാനിഷ് ലാലീഗയില്‍ ബാഴ്‌സലോണയ്ക്ക് സമനില കുരുക്ക്. ദുര്‍ബ്ബലരായ ലാസ് പാല്‍മാസാണ് സമനിലയില്‍ തളച്ച് ബാഴ്‌സയെ ഞെട്ടിച്ചത്. ലാലീഗയില്‍ ഗ്രീസ്മാന്റെ മികവില്‍ കരുത്തുറ്റ പോരാട്ടം തുടരുന്ന അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ നിര്‍ണായക മത്സരത്തിന് മുമ്പാണ് കിരീടപോരാട്ടം കടുപ്പിച്ച് ബാഴ്‌സ സമനില വഴങ്ങിയത്. ഞായറാഴ്ച്ചയാണ് ബാഴ്‌സ-അത്‌ലറ്റിക്കോ പോരാട്ടം.

മെസിയുടെ ഒറ്റയാള്‍ പോരാട്ടം മാത്രം കണ്ട മത്സരത്തില്‍ ബാഴ്‌സയെ അര്‍ജന്റീനന്‍ സൂപ്പര്‍ താരം ആദ്യം മുന്നിലെത്തിച്ചു. കളി തുടങ്ങി 21ാം മിനിറ്റില്‍ മനോഹരമായ ഫ്രീ കിക്കിലൂടെയായിരുന്നു മെസ്സിയുടെ ഗോള്‍. എന്നാല്‍ രണ്ടാം പകുതിയില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ പാല്‍മാസ് തിരിച്ചടിക്കുകയായിരുന്നു. 48 ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ജൊനാഥന്‍ കല്ലേറി ബാഴ്‌സ ഗോളി സ്റ്റീഗനെ കടന്ന് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില വഴങ്ങിയതോടെ ലാലീഗ പോയന്റ് പട്ടികയില്‍ രണ്ടാമതുള്ള അത്‌ലറ്റിക്കോയുമായുള്ള ബാഴ്‌സയുടെ പോയിന്റ് വ്യത്യാസം അഞ്ച് ആയി കുറഞ്ഞു. നിലവില്‍ ബാഴ്‌സക്ക് 66 പോയിന്റും അത്‌ലറ്റിക്കോയ്ക്ക് 61 പോയിന്റുമാണുള്ളത്. 51 പോയിന്റുമായി റയല്‍ മാഡ്രിഡാണ് മൂന്നാം സ്ഥാനത്ത്.

അതിനിടെ പോരാട്ടം കടുക്കുന്ന സ്പാനിഷ് ലാലീഗയില്‍ നിലവിലെ ഒന്നാം സ്ഥാനക്കാരായ ബാര്‍സിലോണക്ക് ഷെഡ്യൂള്‍ പരാതി. പുലര്‍ച്ചെ ലാസ് പാമസിനെ നേരിട്ട ബാര്‍സ രണ്ട് ദിവസത്തിനുള്ളിലാണ് ചാമ്പ്യന്‍ഷിപ്പില്‍ വെല്ലുവിളി ഉയര്‍ത്തുന്ന അത്‌ലറ്റികോ മാഡ്രിഡുമായി കളിക്കേണ്ടത്. ബാര്‍സിലോണയില്‍ നിന്നും മൂന്നര മണിക്കൂര്‍ വിമാന യാത്രയുണ്ട് ലാസ്പാമസിലേക്ക്. അവിടെ നിന്നും തിരിച്ചെത്തിയതിന് പിറകെയാണ് സീസണിലെ വലിയ മല്‍സരം കളിക്കേണ്ടി വരുന്നത്. അത്‌ലറ്റികോ മാഡ്രിഡ് അവസാന മല്‍സരത്തില്‍ അയല്‍ക്കാരായ ലഗാനസിനെ നാല് ഗോളിന് തകര്‍ത്ത് സ്വന്തം നഗരത്തില്‍ തന്നെ തങ്ങുമ്പോള്‍ ബാര്‍സക്ക് കാര്യമായ യാത്ര വേണ്ടി വരുന്നുവെന്നാണ് കോച്ച് ഏര്‍ണസ്‌റ്റോ വെല്‍വാര്‍ഡോ പരാതിപ്പെടുന്നത്. മല്‍സരങ്ങളുടെ ടെലിവിഷന്‍ കവറേജിന്റെ ഭാഗമായാണ് ഷെഡ്യൂള്‍ ഈ വിധമായതെന്ന് പരോക്ഷമായി സമ്മതിച്ച പരിശീലകന്‍ നിരന്തര യാത്രകള്‍ ടീമിനെ തളര്‍ത്തുന്നതായി പരാതിപ്പെട്ടു. ബാര്‍സയും അത്‌ലറ്റികോയും തമ്മിലിപ്പോള്‍ നാല് പോയന്റിന്റെ അകലം മാത്രമാണുള്ളത്. യാത്രകളുടെ കാര്യത്തില്‍ സൂപ്പര്‍ താരങ്ങളായ മെസിക്കും സുവാരസിനുമെല്ലാം പരാതിയുമുണ്ട്.

chandrika: