X

എല്‍ ക്ലാസിക്കോ: രണ്ടടിച്ച് റയലും ബാഴ്‌സയും സമനിലയില്‍

ബാഴ്‌സലോണ: സീസണിലെ അവസാന എല്‍ ക്ലാസിക്കോയില്‍ റയലും ബാഴ്‌സയും രണ്ട് ഗോളുകള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു. ലയണല്‍ മെസ്സി നല്‍കിയ പാസില്‍ ലൂയി സുവാരസ് പത്താം മിനിറ്റില്‍ തന്നെ ബാഴ്‌സലോണയെ മുന്നിലെത്തിച്ചു. എന്നാല്‍ ആറ് മിനിറ്റിനകം കരീം ബെന്‍സേമ നല്‍കിയ സുന്ദരമായ ഹെഡര്‍ പാസ് ബാഴ്‌സയുടെ വലയിലാക്കി ക്രിസ്റ്റ്യാനോ റയലിനെ ഒപ്പമെത്തിച്ചു.

മത്സരം പലപ്പോഴും പരുക്കനായതോടെ റഫറിക്ക് മഞ്ഞക്കാര്‍ഡും ഒടുവില്‍ ചുവപ്പു കാര്‍ഡും പുറത്തെടുക്കേണ്ടി വന്നു. 44-ാം മിനിറ്റില്‍ പരസ്പരം കൊമ്പുകോര്‍ത്തതിനാണ് സുവാരസിനും റാമോസിനും മഞ്ഞക്കാര്‍ഡ് കിട്ടിയത്. റാമോസിനെ അപകടകരമായി ടാക്കിള്‍ ചെയ്ത മെസ്സിക്കും കിട്ടി മഞ്ഞക്കാര്‍ഡ്. ആദ്യ പകുതി അവസാനിക്കാനിരിക്കെ റയലിന്റെ മാഴ്‌സലോയെ തള്ളി വീഴ്ത്തിയതിന് സെര്‍ജി റോബര്‍ട്ടോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ ബാഴ്‌സ പത്ത് പേരായി ചുരുങ്ങി.

രണ്ടാം പകുതിയില്‍ ക്രിസ്റ്റ്യാനോയെ പിന്‍വലിച്ച സിദാന്‍ പകരം മാര്‍ക്കോ അസന്‍സിയോയെ കളത്തിലിറക്കി. രണ്ടാം പകുതിയുടെ ആറാം മിനിറ്റില്‍ മെസ്സി വീണ്ടും ബാഴ്‌സയെ മുന്നിലെത്തിച്ചു. എന്നാല്‍ 73-ാം മിനിറ്റില്‍ ബെയില്‍ ഉജ്ജ്വലമായ ഒരു ഷോട്ടിലൂടെ റയലിനെ ഒപ്പമെത്തിക്കുകയായിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: