X
    Categories: MoreViews

ഒടുക്കം ബാര്‍സ കലമുടച്ചു, നേട്ടം റയലിന്

നുവോ കാമ്പ്: ബാര്‍സിലോണ സ്വന്തം മൈതാനത്ത് കൊമ്പന്മാരായിരുന്നു… പക്ഷേ അവസാനത്തില്‍ കരുത്തോടെ കളിച്ച റയല്‍ ഒപ്പമെത്തി. ലാലീഗയില്‍ മുന്നില്‍ കുതിക്കുകയായിരുന്ന കൃസ്റ്റിയാനോ റൊണാള്‍ഡോയുടെ റയല്‍ മാഡ്രിഡിനെ ബാര്‍സ അവസാനം വരെ പേടിപ്പിച്ചിരുന്നു-പക്ഷേ സെര്‍ജിയോ റാമോസിന്റെ മിന്നും ഹെഡ്ഡര്‍ അവസാന മിനുട്ടില്‍ വലയില്‍ പതിച്ചപ്പോള്‍ മെസിയും നെയ്മറും സുവാരസും തലയില്‍ കൈ വെച്ചു. പോയന്റ് ് ടേബിളില്‍ മുന്നില്‍ പറക്കുന്ന റയലിനെ വിറപ്പിക്കുന്നതില്‍ ലൂയിസ് എന്‍ട്രികയുടെ സൂപ്പര്‍ സംഘം വിജയിച്ചിരുന്നു. ഗോള്‍ രരഹിതമായ ഒന്നാം പകുതിക്ക് ശേഷം ഉറുഗ്വേക്കാരന്‍ ലൂയിസ് സുവാരസാണ് നിര്‍ണായക ഗോള്‍ സ്‌ക്കോര്‍ ചെയ്ത് ടീമിന് ലീഡ് സമ്മാനിച്ചത്. സ്‌റ്റേഡിയം നിറഞ്ഞ കാണികള്‍ക്ക് നടുവില്‍ നെയ്മറിന്റെ അതിസുന്ദരമായ ഫ്രീകിക്ക്… പെനാല്‍ട്ടി ബോക്‌സില്‍ ഒപ്പം ചാടിയ റയല്‍ ഡിഫന്‍ഡര്‍മാരെ കബളിപ്പിച്ച് സുവാരസിന്റെ കനമുളള ഹെഡ്ഡര്‍…. സ്‌റ്റേഡിയം ഇളകി മറിഞ്ഞ ആ നിമിഷത്തിന് ശേഷം മൈതാനത്ത് ബാര്‍സ മാത്രമായിരുന്നു.

സുന്ദരമായൊരു സിറ്റര്‍ നെയ്മര്‍ പാഴാക്കി. ഗോള്‍ക്കീപ്പര്‍മാര്‍ മാത്രം മുന്നില്‍ നില്‍ക്കെ തകര്‍പ്പന്‍ വോളിയാണ് നെയ്മര്‍ പായിച്ചത്. പക്ഷേ ക്രോസ് ബാറിന് മുകളിലൂടെ പന്ത് പറന്നു. പിറകെ മെസിയും പാഴാക്കി കനകാവസരം. ഗോള്‍ക്കീപ്പര്‍ ജീസസിനെ കബളിപ്പിക്കാന്‍ പായിച്ച ഗ്രൗണ്ടര്‍ പുറത്തേക്കായിരുന്നു. മല്‍സരത്തില്‍ ബാര്‍സ വിജയമുറപ്പിച്ച നിമിഷത്തിലായിരുന്നു റാമോസിന്റെ ഹെഡ്ഡര്‍. കൃസ്റ്റിയാനോ മൂന്ന് സുവര്‍ണാവസരങ്ങള്‍ പാഴാക്കിയ ശേഷമായിരുന്നു റാമോസിന്റെ തല ഗോള്‍. പക്ഷേ അവസാന നിമിഷത്തില്‍ റയല്‍ ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. പ്രത്യാക്രമണത്തില്‍ പീക്വയുടെ ഫ്രീ കിക്ക് ഗോള്‍ക്കീപ്പര്‍ ജിസസ് പറന്ന് കുത്തിയകറ്റി. പക്ഷേ ഒഴിഞ്ഞ പോസ്റ്റിലേക്കുളള ഹെഡ്ഡര്‍ രക്ഷപ്പെടുത്താന്‍ ഡിഫന്‍ഡര്‍ കാസിമറോയുടെ ഹെഡ്ഡര്‍ വേണ്ടി വന്നു. റയല്‍ കോച്ച് സിദാന് ആശ്വാസത്തിന്റെ നിമിഷമായിരുന്നു പിന്നെ. അതേ സമയം ലൂയിസ് എന്‍ട്രികെ പതിവ് പോലെ നിരാശനായി കണ്ടു.

chandrika: