മാഡ്രിഡ് : പരിക്കിനെ തുടര്‍ന്ന് ഇംഗ്ലീഷ് ക്ലബ് ചെല്‍സിക്കെതിരായ മത്സരത്തില്‍ ബാര്‍സലോണയുടെ നായകന്‍ ഇനിയേസ്റ്റ കളിച്ചേക്കില്ല. പ്രീ-ക്വാര്‍ട്ടറില്‍ നിര്‍ണായക മത്സരത്തില്‍ നായകന്റെ സേവനം നഷ്ടമാവുന്നത് ബാര്‍സക്ക് കനത്ത തിരിച്ചടിയാണ്.
കഴിഞ്ഞവാരം ലാലീഗയില്‍ അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള മത്സരത്തിനിടെയാണ് ഇനിയേസ്റ്റക്ക് പരിക്കേറ്റത്ത്. തുടര്‍ന്ന് താരത്തെ പരിശീലകന്‍ മത്സരത്തില്‍ നിന്നും പിന്‍വലിച്ചിരുന്നു. കാലിന്റെ പിന്‍തുട ഞരമ്പിന് പരിക്കേറ്റ താരം അതിനു ശേഷം ഇതുവരെ പരിശീലനത്തിന് ഇറങ്ങിയിട്ടില്ല. ആദ്യ പാദ മത്സരത്തില്‍ ചെല്‍സിക്കെതിരെ മിന്നും പ്രകടനമാണ് ഇനിയേസ്റ്റ പുറത്തെടുത്തത്. ഒരു ഗോളിന് പിറകിലായ ടീമിന് മെസ്സിയുടെ സമനില ഗോളിന് വഴിയൊരുക്കിയത് ഇനിയേസ്റ്റയായിരുന്നു.
ടീമിനൊപ്പം ഇനിയേസ്റ്റ ഇപ്പോള്‍ പരിശീലനം നടത്തുന്നില്ല, അതേസമയം ഒരുതിടുക്കവും ഇനിയേസ്റ്റയുടെ കാര്യത്തില്‍ ഞങ്ങള്‍ കാട്ടുന്നില്ല. ബാര്‍സ പരിശീലകന്‍ ഏണസ്‌റ്റോ വാല്‍വെര്‍ദെ പറഞ്ഞു. അടുത്തയാഴ്ചത്തെ കാര്യത്തെക്കുറിച്ച് ഇപ്പോള്‍ യാതൊരു ഉറപ്പും നല്‍കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്ത വ്യാഴാഴ്ച ബാഴ്‌സയുടെ മൈതാനമായ ന്യൂകാമ്പിലാണ് മത്സരം. നായകന്റെ അഭാവത്തില്‍ ഡെനിസ് സുവാരസ്, ആന്ദ്രേ ഗോമസ് തുടങ്ങിയവരേയാകും പരിശീലകന്‍ പരിഗണിക്കുക. ലിവര്‍പൂളിനായി ചാമ്പ്യന്‍സ് ലീഗ് കളിച്ചതിനാല്‍ ബ്രസീലിയന്‍ താരം ഫിലിപ്പ്് കുട്ടിഞ്ഞോക്ക് നടപ്പു സീസണില്‍ ബാര്‍സക്കായി ചാമ്പ്യന്‍സ് ലീഗില്‍ പന്തു തട്ടാനാകില്ല.