ലാലീഗയില്‍ സെവിയ്യയുമായുള്ള മത്സരത്തില്‍ ഉഗ്രന്‍ ഗോളുമായി ടീം ജയിച്ചുനില്‍ക്കെ ബാഴ്സലോണയുടെ അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലിയോണല്‍ മെസിക്ക് പരിക്ക്. മത്സരത്തില്‍ 26-ാം മിനുറ്റിലാണ് മെസിക്ക് പരിക്കേറ്റത്. പരിക്ക് ഗുരുതരമാണെന്ന് വ്യക്തമായതോടെ താരം ഗ്രൗണ്ട് വിടുകയായിരുന്നു. വലത് കൈക്ക് പരിക്കേറ്റ സൂപ്പര്‍ താരത്തിന് മൂന്ന് ആഴ്ച്ചത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ അനുവദിച്ചിരിക്കുന്നത്. മെസിയുടെ വലത് കൈയിലെ എല്ലിന് പൊട്ടലുണ്ട് എന്ന് ബാഴ്സലോണ സ്ഥിരീകരിച്ചിട്ടുണ്ട്.
മെസ്സി പരിക്കേറ്റ് കളം വിട്ടെങ്കിലും ക്യാമ്പ് നൗവില്‍ നടന്ന മത്സരത്തില്‍ ബാഴ്സലോണ വിജയം സ്വന്തമാക്കി. സെവിയ്യയെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് ബാര്‍സ തോല്‍പ്പിച്ചത്.
26-ാം മിനുറ്റിനിടെ മനോഹരമായ ഒരു സോളോ ഗോള്‍ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത ശേഷമാണ് മെസ്സി കളം വിട്ടത്. കുട്ടിന്യോ നേടിയ ഗോളിലായിരുന്നു മെസ്സിയുടെ അസിസ്റ്റ്. രണ്ടാം പകുതിയില്‍ ഒരു പെനാല്‍റ്റിയിലൂടെ സുവാരസും അവസാന മിനിറ്റില്‍ ുന്ദരമായ ഒരു വോളിയിലൂടെ റാക്കിറ്റിച്ചും ബാഴ്സയ്ക്കായി ലക്ഷ്യം കണ്ടു. സെവിയ്യക്കായി രണ്ടാം പകുതിയില്‍ സരാബിയയും മുരിയലും ഗോള്‍ നേടി. വിജയത്തോടെ 18 പോയിന്റുമായി ലീഗില്‍ ബാഴ്സ ഒന്നാമതെത്തി. 17 പോയിന്റുള്ള അലാവസാണ് രണ്ടാമത്.
അതേസമയം പരിക്കേറ്റതോടെ റയല്‍ മാഡ്രിഡിനെതിരായ എല്‍ ക്ലാസിക്കോ മത്സരവും ചാമ്പ്യന്‍സ് ലീഗില്‍ മിലാനെതിരായ മത്സരവും മെസിക്ക് നഷ്ടമാകും. ഞായറാഴ്ച്ചയാണ് റയല്‍- ബാഴ്സ എല്‍ ക്ലാസിക്കോ.
അതേസമയം ലീഗില്‍ റയല്‍മാഡ്രിഡിന് വീണ്ടും തോല്‍വി. 481 മിനിറ്റുകള്‍ക്കുശേഷം ഗോള്‍ കണ്ടെത്തിയെങ്കിലും റയല്‍ മഡ്രിഡിന് തോല്‍വി തന്നെ കൂട്ട്. സ്പാനിഷ് ലാലീഗ ഫുട്‌ബോളില്‍ റയല്‍ മഡ്രിഡിന് ഇത് മൂന്നാം തോല്‍വിയാണ്. ശനിയാഴ്ച നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ടുഗോളിന് ലെവാന്റയാണ് യൂറോപ്യന്‍ ചാമ്പ്യന്‍മാരെ അട്ടിമറിച്ചത്.