X

ബാഴ്‌സ വിട്ട് പി.എസ്ജി; നെയ്മറിന് കൂടുമാറ്റം എളുപ്പമാവില്ലെന്ന് റിപ്പോര്‍ട്ട്

മാഡ്രിഡ്: ബ്രസീലിയന്‍ സൂപ്പര്‍ സ്റ്റാര്‍ നെയ്മര്‍ പാരീസ് സെന്റ് ജെര്‍മനിലെത്തിയാല്‍ കാത്തിരിക്കുന്നത് സമാനതകളില്ലാത്ത നിയമയുദ്ധമെന്ന് റിപ്പോര്‍ട്ട്. പിഎസ്ജിയ്‌ക്കെതിരെ ലാ ലീഗ യുവേഫയില്‍ നിയമ നടപടി സ്വീകരിക്കുമെന്നാണ് വിവിധ സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുവേഫക്ക് പരാതി നല്‍കുമെന്ന് സ്പാനിഷ് ലീഗ് തലവന്‍ യാവിയര്‍ തീബസ് വ്യക്തമാക്കിയിട്ടുണ്ട്. ലാ ലീഗ നടത്തിപ്പുകാര്‍ക്കു പുറമെ റെക്കോര്‍ഡ് തുകയായ 1700 കോടി രൂപ നല്‍കി പിഎസ്ജി നെയ്മറെ വാങ്ങിയാല്‍ അത് യുവേഫയുടെ ധനകാര്യ ചട്ടങ്ങള്‍ ലംഘിക്കുന്നുവെന്നും ഈ പണത്തിന്റെ ഉറവിടം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബാഴ്‌സയും പരാതിപ്പെടുമെന്നാണ് സൂചന. യുവേഫക്ക് പുറമെ ഇക്കാര്യം ഫ്രാന്‍സിലെയും സ്‌പെയിനിലെയും ഉന്നത കോടതികളുടെ ശ്രദ്ധയിലും കൊണ്ടുവരുമെന്നു ലാ ലീഗ തലവന്‍ തീബസ് വ്യക്തമാക്കിയിട്ടുണ്ട്.

പ്രതിവര്‍ഷം 30 മില്ല്യണ്‍ യൂറോയാണ് പിഎസ്ജി നെയ്മറിന് വാഗ്ദാനം ചെയ്തത്. എന്നാല്‍ ഈ തുകയ്ക്ക് നെയ്മറെ വിട്ടുനല്‍കാന്‍ ബാഴ്‌സ ഒരുക്കമല്ല. ഇതോടെയാണ് ബാഴ്‌സ ആവശ്യപ്പെട്ട 1700കോടി രൂപ ഒരുമിച്ച് നല്‍കി നെയ്മറെ സ്വന്തമാക്കാന്‍ പിഎസ്ജി ഒരുങ്ങുന്നത്. എന്നാല്‍ ഇതാണ് നിയമക്കുരുക്കില്‍ ക്ലബിനെ കുടുക്കാന്‍ കാരണമാകുക. നെയ്മറെ 1700 കോടി രൂപയ്ക്ക് (222 മില്യണ്‍ യൂറോ) പിഎസ്ജി സ്വന്തമാക്കുകയാണെങ്കില്‍ അത് ഏറ്റവും വലിയ ട്രാന്‍സ്ഫര്‍ തുകയായി മാറും. പോഗ്ബയ്ക്കായി യുണൈറ്റഡ് മുടക്കിയ 89.3 മില്ല്യണ്‍ പൗണ്ട് ആണ് നിലവിലെ റെക്കോര്‍ഡ്. ഇത്രയും തുകമുടക്കി നെയ്മറെ പിഎസ്ജി സ്വന്തമാക്കിയാണ് അത് യുവേഫയുടെ ധനകാര്യചട്ടങ്ങള്‍ക്ക് വിരുദ്ധമാകുമെന്നാണ് ബാഴ്‌സ ആരോപിക്കുന്നത്. അതിനാലാണ് നിയമനടപടികളുമായി ബാഴ്‌സ മുന്നോട്ട് പോകാന്‍ ആലോചിക്കുന്നത്.

ഇതാദ്യമായല്ല പിഎസ്ജി ഇത്തരമൊരു കുരുക്കില്‍ പെടുന്നത്. 2014ലും സമാനമായ നിയമലംഘനത്തിന് യുവ്വേഫ പിഎസ്ജിയെ ശിക്ഷിച്ചിരുന്നു. 60 മില്യന്‍ യൂറോയാണ് യുവേഫ പി.എസ്.ജിക്ക് പിഴയിട്ടിരുന്നത്. തുടര്‍ച്ചയായി നിയമലംഘനം നടത്തുന്നുവെന്ന കാരണത്താല്‍ ഇത്തവണ കുറ്റം തെളിഞ്ഞാല്‍ വിലക്കില്‍ കുറഞ്ഞ ശിക്ഷയൊന്നും കിട്ടില്ല. അതിനാല്‍ തന്നെ നെയമറെ സ്വന്തമാക്കുന്നതില്‍ നിന്നും പിഎസ്ജി പിന്മാറുമെന്ന് തന്നെയാണ് ബാഴ്‌സ കണക്കുകൂട്ടുന്നത്. ഖത്തര്‍ ആസ്ഥാനമായുള്ള ഒറിക്‌സ് ഖത്തര്‍ സ്‌പോര്‍ട്‌സ് ഇന്‍വെസ്റ്റ്‌മെന്റാണ് പി.എസ്.ജിയുടെ ഉടമസ്ഥര്‍.

chandrika: