X

ജിറോണയെയും തകര്‍ത്തു; ആറില്‍ ആറും നേടി ബാഴ്‌സ

മോണ്ടിവി: ജിറോണയെ എതിരില്ലാത്ത മൂന്നു ഗോളിന് തകര്‍ത്ത് ബാര്‍സലോണ ലാലിഗയില്‍ തുടര്‍ച്ചയായ ആറാം ജയം സ്വന്തമാക്കി. ജിറോണയുടെ തട്ടകമായ മോണ്ടിവി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ രണ്ട് ഓണ്‍ഗോളുകളും ലൂയിസ് സുവാരസിന്റെ ഗോളുമാണ് ബാര്‍സക്ക് ജയമൊരുക്കിയത്. ഇതോടെ, രണ്ടാം സ്ഥാനക്കാരായ അത്‌ലറ്റികോ മാഡ്രിഡിനേക്കാള്‍ നാലും നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിനേക്കാള്‍ ഏഴും പോയിന്റ് ലീഡ് നിലനിര്‍ത്താന്‍ ബാര്‍സക്ക് കഴിഞ്ഞു. ആറ് മത്സരങ്ങളില്‍ നിന്നും ആറും വിജയിച്ച്
ലാലിഗയില്‍ പോയിന്റ് പട്ടികയില്‍ 18 പോയിന്റുമായി ബാര്‍സയാണ് ഒന്നാമത്.

കാറ്റലോണിയന്‍ ക്ലബ്ബുകളായ ജിറോണയും ബാര്‍സയും തമ്മിലുള്ള ആദ്യ ലാലിഗ മത്സരത്തില്‍ 17-ാം മിനുട്ടിലാണ് ആദ്യ ഗോള്‍ പിറന്നത്. വലതുഭാഗത്തു നിന്ന് ലയണല്‍ മെസ്സി എടുത്ത കോര്‍ണര്‍ കിക്കില്‍ നിന്നുള്ള ജോര്‍ഡി ആല്‍ബയുടെ ഷോട്ട് ജിറോണ നായകന്‍ അഡായ് ബെനിറ്റസിന്റെ കാലില്‍ത്തട്ടി ഗോളിലേക്ക് വഴിമാറുകയായിരുന്നു. 48-ാം മിനുട്ടില്‍ ബോക്‌സിലേക്ക് ഓടിക്കയറി അലക്‌സ് വിദാല്‍ സുവാരസിനെ ലക്ഷ്യം വെച്ച് നല്‍കിയ ബാക്ക്ഹീല്‍ പാസ്, ആതിഥേയ ഗോള്‍കീപ്പര്‍ ഗോര്‍ക ഇറയ്‌സോസിന്റെ കാലുകള്‍ക്കിടയിലൂടെ ഗോള്‍ലൈന്‍ കടന്നു. ഗോളിയെ പറ്റിച്ചു നേടിയ ഗോള്‍ സുവാരസിന്റെ മിടുക്കില്‍ പിറന്ന ഗോളായി വിലയിരുത്താവുന്നതായിരുന്നു. 69-ാം മിനുട്ടില്‍ സെര്‍ജി റോബര്‍ട്ടോയുടെ ഹൈബോള്‍ സ്വീകരിച്ച് ബോക്‌സില്‍ കയറിയ ലൂയിസ് സുവാരസ് കുറ്റമറ്റ ഫിനിഷിലൂടെ പട്ടിക പൂര്‍ത്തിയാക്കുകയും ചെയ്തു.

മുന്‍ മത്സരങ്ങളില്‍ ബാര്‍സലോണയുടെ വിജയങ്ങളിലെ നെടുംതൂണായ ലയണല്‍ മെസ്സിയെ മാന്‍ മാര്‍ക്കിങ് ചെയ്തുകൊണ്ടാണ് ജിറോണ കളി തുടങ്ങിയത്. മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് ലോണിന് ടീമിലെത്തിയ മാഫിയോ ആ ദൗത്യം വിജയകരമായി ഏറ്റെടുത്തപ്പോള്‍ ബാര്‍സ നീക്കങ്ങള്‍ക്ക് താളം നഷ്ടമായി. തന്ത്രപരമായൊരുക്കിയ ഓഫ് സൈഡ് കെണികളിലും ബാര്‍സ മുന്നേറ്റം തുടരെ വീണു.

ബോക്‌സിനു പുറത്തു നിന്ന് മെസ്സി തൊടുത്ത ഫ്രീകിക്ക് ഗോര്‍ക തട്ടിയകറ്റിയതിനു ലഭിച്ച കോര്‍ണര്‍ കിക്കിനെ തുടര്‍ന്നാണ് മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നത്. എതിരാളികളെ പ്രതിരോധിക്കുന്നതിനൊപ്പം അവസരം കിട്ടുമ്പോള്‍ പ്രത്യാക്രമണം നടത്താനും ജിറോണ മടിച്ചില്ല. മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നെത്തിയ ബ്രസീല്‍ താരം ഡഗ്ലസ് ലൂയിസ് ബാര്‍സ പ്രതിരോധത്തിന് പലപ്പോഴും തലവേദന ഉയര്‍ത്തി. ബോക്‌സിനു പുറത്തുനിന്നുള്ള ഡഗ്ലസിന്റെ ലോങ് റേഞ്ചര്‍ മാര്‍ക് ആന്ദര്‍ ടെര്‍സ്‌റ്റെഗന്‍ പണിപ്പെട്ടാണ് തട്ടിയകറ്റിയത്. സ്‌ട്രൈക്കര്‍ ഒലുങ്കയുടെ ക്ലോസ് റേഞ്ചില്‍ നിന്നുള്ള ഹെഡ്ഡര്‍ ടെര്‍സ്റ്റെഗന്‍ വീണു തടഞ്ഞു.

ബാര്‍സലോണക്കു വേണ്ടിയുള്ള തന്റെ നൂറാം മത്സരത്തിലാണ് ലൂയിസ് സുവാരസ് ഈ സീസണിലെ തന്റെ രണ്ടാം ഗോള്‍ നേടിയത്. മത്സരങ്ങളുടെ എണ്ണത്തില്‍ മൂന്നക്കം കടന്ന സുവാരസ് 87 ഗോളുകള്‍ നേടുകയും 43 എണ്ണത്തിന് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്. ലീഗിലെ മറ്റൊരു മത്സരത്തില്‍ മാലഗ 3-3 ന് അത്‌ലറ്റിക് ബില്‍ബാവോയെ സമനിലയില്‍ തളച്ചു. 4-ാം മിനുട്ടില്‍ അഡുരിസ് അത്‌ലറ്റിക്കിനെ മുന്നിലെത്തിച്ചെങ്കിലും 35-ാം മിനുട്ടില്‍ ഡീഗോ റോളന്‍ ആതിഥേയരെ ഒപ്പമെത്തിച്ചു. 51, 70 മിനുട്ടുകളില്‍ ഇനാകി വില്യംസ് ഗോള്‍ നേടിയതോടെ അത്‌ലറ്റിക്കിന് മികച്ച ലീഡായി. എന്നാല്‍, 81-ാം മിനുട്ടില്‍ പൗള്‍ ബയ്‌സിയും മൂന്നു മിനുട്ടിനകം റോളനും ലക്ഷ്യം കണ്ടതോടെ മാലഗ സീസണിലെ ആദ്യ പോയിന്റ് സമ്പാദിച്ചു. ആറ് മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായാണ് ബാര്‍സ ലാലിഗയില്‍ ലീഡ് ചെയ്യുന്നത്. അത്‌ലറ്റികോ മാഡ്രിഡ് (14), സെവിയ്യ (13), റയല്‍ മാഡ്രിഡ് (11) ടീമുകളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

chandrika: