ബാര്‍സലോണ: ഫ്രഞ്ച് സ്‌ട്രൈക്കര്‍ ഉസ്മാന്‍ ഡെംബലെ ബാര്‍സലോണയുമായി കരാറില്‍ ഒപ്പുവെച്ചു. ഫുട്‌ബോള്‍ ചരിത്രത്തിലെ വലിയ രണ്ടാമത്തെ ട്രാന്‍സ്ഫര്‍ തുകയായ 105 ദശലക്ഷം യൂറോയ്ക്ക് (800 കോടി രൂപ) ബാര്‍സയിലെത്തിയ 20-കാരന്‍ അഞ്ചു വര്‍ഷ കരാറാണ് ഒപ്പിട്ടത്. ഞായറാഴ്ച ബാര്‍സലോണ നഗരത്തിലെത്തി ഇന്നലെ രാവിലെ മെഡിക്കല്‍ പൂര്‍ത്തിയാക്കിയ താരത്തെ ആസ്ഥാനമായ ക്യാംപ് നൗവില്‍ ക്ലബ്ബ് പ്രസിഡണ്ട് ജോസപ് മരിയ ബൊര്‍തമ്യു മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചു. 12,000-ലധികം ബാര്‍സ ആരാധകര്‍ക്കു മുന്നില്‍ ഡെംബലെ ക്യാംപ് നൗവില്‍ പന്തുതട്ടുകയും ചെയ്തു.
222 ദശലക്ഷം യൂറോ എന്ന റെക്കോര്‍ഡ് തുകയ്ക്ക് പി.എസ്.ജിയിലേക്ക് കൂടുമാറിയ നെയ്മറിന് പകരക്കാരനായാണ് ഡെംബലെ ബാര്‍സയിലെത്തിയത്. നെയ്മര്‍ അണിഞ്ഞിരുന്ന 11-ാം നമ്പര്‍ കുപ്പായമായിരിക്കും ബാര്‍സയില്‍ 20-കാരനായ ഡെംബലെയുടേത്. 4-3-3 ശൈലിയില്‍ മുന്‍നിരയില്‍ ലയണല്‍ മെസ്സിക്കും ലൂയിസ് സുവാരസിനുമൊപ്പമായിരിക്കും ഡെംബലെയെ ബാര്‍സ കോച്ച് ഏണസ്റ്റോ വല്‍വെര്‍ദെ കളിപ്പിക്കുക എന്നാണ് സൂചന. നെയ്മര്‍ ക്ലബ്ബ് വിട്ടതിനു ശേഷം പാകോ അല്‍കാസര്‍, ജെറാര്‍ഡ് ഡെലൊഫു എന്നിവര്‍ മുന്‍നിരയില്‍ കളിച്ചിരുന്നെങ്കിലും പ്രകടനം തൃപ്തികരമായിരുന്നില്ല.
നെയ്മറിന്റെ ട്രാന്‍സ്ഫര്‍ ഉറപ്പായതു മുതല്‍ ഡെംബലെക്കു വേണ്ടിയുള്ള ശ്രമങ്ങള്‍ ബാര്‍സ ശക്തമാക്കിയിരുന്നെങ്കിലും ദിവസങ്ങള്‍ക്കു മുമ്പ് മാത്രമാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. 2016-ല്‍ ഫ്രഞ്ച് ക്ലബ്ബ് റെന്നസില്‍ നിന്നു വാങ്ങിയ താരത്തെ വിട്ടുകൊടുക്കാന്‍ ബൊറുഷ്യ ഡോട്മുണ്ട് തയാറായിരുന്നില്ല. എന്നാല്‍, ബാര്‍സ മുന്നോട്ടുവെച്ച റെക്കോര്‍ഡ് തുകയ്ക്കും താരത്തിന്റെ കടുംപിടുത്തത്തിനും മുന്നില്‍ ഡോട്മുണ്ടിന് മുട്ടുമടക്കേണ്ടി വന്നു. പരിശീലനത്തില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ച ഡെംബലെയെ ഡോട്മുണ്ട് സസ്‌പെന്റ് ചെയ്തിരുന്നു.
ലോകത്തെ മികച്ച താരങ്ങള്‍ക്കൊപ്പം കളിക്കാമെന്നതില്‍ താന്‍ ആഹ്ലാദവാനാണെന്നും ചെറുപ്പം മുതല്‍ക്കേ ബാര്‍സക്കു വേണ്ടി കളിക്കുക എന്നത് തന്റെ സ്വപ്‌നമായിരുന്നുവെന്നും ഡെംബലെ പറഞ്ഞു. ഫ്രഞ്ച് താരത്തിന്റെ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൈമാറിയെന്ന് ഡോട്മുണ്ട് ഔദ്യോഗികമായി വ്യക്തമാക്കിയതിനു പിന്നാലെയാണ് ബാര്‍സയിലെ ഒപ്പുവെക്കല്‍ ചടങ്ങ്.