വലന്‍സിയ: 2017-18 സീസണില്‍ മിന്നും ഫോമിലുള്ള ബാര്‍സലോണ ആദ്യ കിരീടത്തിനരികെ. 160 ദശലക്ഷം യൂറോയ്ക്ക് കഴിഞ്ഞ മാസം ടീമിലെത്തിയ ബ്രസീലിയന്‍ താരം ഫിലിപ്പ് കുട്ടിന്യോ കന്നി ഗോള്‍ നേടിയപ്പോള്‍ എതിരില്ലാത്ത രണ്ടു ഗോളിന് വലന്‍സിയയെ തകര്‍ത്ത് ബാര്‍സ സ്പാനിഷ് കിങ്‌സ് കപ്പ് (കോപ ദെല്‍ റേ) ഫൈനലിലെത്തി. നേരത്തെ ആദ്യപാദം ഒരു ഗോളിന് ജയിച്ചിരുന്ന വല്‍വെര്‍ദെയുടെ സംഘം 3-0 എന്ന വ്യക്തമായ ജയത്തോടെയാണ് മുന്നേറിയത്. കലാശപ്പോരില്‍ സെവിയ്യയാണ് ബാര്‍സക്ക് എതിരാളി.
ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം കളത്തിലെത്തിയ കുട്ടിന്യോ 49-ാം മിനുട്ടിലാണ് സന്ദര്‍ശകരെ മുന്നിലെത്തിച്ചത്. 82-ാം മിനുട്ടില്‍ ഇവാന്‍ റാകിറ്റിച്ച് രണ്ടാം ഗോളും സ്വന്തമാക്കി. രണ്ടു ഗോളുകള്‍ക്കും വഴിയൊരുക്കി ലൂയിസ് സുവാരസ് തിളങ്ങി.
രണ്ടാം പകുതിയില്‍ ആന്ദ്രെ ഗോമസിനെ പിന്‍വലിച്ച് കുട്ടിന്യോയെ കളത്തിലിറക്കിയ കോച്ചിന്റെ നീക്കം മിനുട്ടുകള്‍ക്കുള്ളില്‍ ഫലം കണ്ടു. പ്രതിരോധം ഭേദിച്ച് കുതിച്ചു കയറിയ സുവാരസിന്റെ കണക്കുകൂട്ടിയുള്ള പാസില്‍ മാര്‍ക്ക് ചെയ്യാതെ ഓടിക്കയറിയ കുട്ടിന്യോ നിര്‍ണായകമായ അവസാന സ്പര്‍ശനം നല്‍കുകയായിരുന്നു.
സമനില ഗോള്‍ കണ്ടെത്താന്‍ വലന്‍സിയ പൊരുതുന്നതിനിടെ റാകിറ്റിച്ച് പട്ടിക പൂര്‍ത്തിയാക്കി. ബോക്‌സിനു പുറത്തു നിന്നുള്ള സുവാരസിന്റെ പാസ് സ്വീകരിച്ച മിഡ്ഫീല്‍ഡര്‍ കരുത്തുറ്റ ഷോട്ടിലൂടെ വല കുലുക്കുകയായിരുന്നു.
സീസണില്‍ മൂന്നു കിരീടം ലക്ഷ്യമിടുന്ന ബാര്‍സലോണക്ക് കിങ്‌സ് കപ്പ് വിജയം ഏറെ ആത്മവിശ്വാസം പകരും. ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ അവര്‍ അടുത്തയാഴ്ച ചെല്‍സിയെ നേരിടുന്നുണ്ട്. സ്പാനിഷ് ലീഗില്‍ ബാര്‍സ മികച്ച ലീഡുമായി മുന്നിലാണ്.