X

വലന്‍സിയോട് സമനില; ലാലിഗയില്‍ ബാര്‍സയുടെ ഒന്നാം സ്ഥാനം നഷ്ടമായി

വലന്‍സിയ: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ചാമ്പ്യന്മാരായ ബാര്‍സലോണയുടെ മോശം ഫോം തുടരുന്നു. സീസണിലെ എട്ടാം ഫിക്‌സ്ചറില്‍ വലന്‍സിയയെ അവരുടെ തട്ടകത്തില്‍ നേരിട്ട ലയണല്‍ മെസ്സിയും സംഘവം 1-1 സമനില വഴങ്ങി. ചാമ്പ്യന്‍സ് ലീഗില്‍ കരുത്തുറ്റ ഫോം പുറത്തെടുക്കുന്ന ബാര്‍സ സ്പാനിഷ് ലീഗില്‍ ഇത് തുടര്‍ച്ചയായ നാലാം മത്സരത്തിലാണ് ജയം നേടാന്‍ കഴിയാതെ പതറുന്നത്. ഇതോടെ കാറ്റലന്‍ സംഘത്തിന് ലാലിഗ പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനം നഷ്ടമാവുകയും ചെയ്തു. എസിക്വീല്‍ ഗരായ് വലന്‍സിയക്കു വേണ്ടി ഗോളടിച്ചപ്പോള്‍ ക്യാപ്ടന്‍ ലയണല്‍ മെസ്സിയുടെ ബൂട്ടില്‍ നിന്നായിരുന്നു സന്ദര്‍ശകരുടെ ഗോള്‍.

ചാമ്പ്യന്‍സ് ലീഗില്‍ ടോട്ടനം ഹോട്‌സ്പറിനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തില്‍ മെസ്റ്റല്ല സ്‌റ്റേഡിയത്തില്‍ ഇറങ്ങിയ ബാര്‍സക്ക് കനത്ത പരീക്ഷണമാണ് മാര്‍സലീനോയുടെ സംഘം സമ്മാനിച്ചത്. രണ്ടാം മിനുട്ടില്‍ തന്നെ വലന്‍സിയ മുന്നിലെത്തി. കോര്‍ണര്‍ കിക്ക് ക്ലിയര്‍ ചെയ്യുന്നതില്‍ ബാര്‍സ പ്രതിരോധം വീഴ്ചവരുത്തിയപ്പോള്‍ മാര്‍ക്ക് ചെയ്യപ്പെടാതെ ഓടിക്കയറിയ ഗരായ് അനായാസം പന്ത് വലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു.

23-ാം മിനുട്ടിലാണ് മെസ്സി സീസണിലെ ആറാം ഗോളിലൂടെ ടീമിനെ ഒപ്പമെത്തിച്ചത്. ലൂയിസ് സുവാരസിന് കൊടുത്തുവാങ്ങിയ പന്ത് ബോക്‌സിനു പുറത്തുവെച്ച്, അഞ്ച് പ്രതിരോധക്കാര്‍ നോക്കിനില്‍ക്കെ കൃത്യതയാര്‍ന്ന ഗ്രൗണ്ടറിലൂടെ സൂപ്പര്‍ താരം ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. പ്രതിരോധക്കാര്‍ക്കിടയില്‍ രൂപപ്പെട്ട ഇടനാഴിയിലൂടെ മെസ്സി ഇടങ്കാല്‍ കൊണ്ട് തൊടുത്തുവിട്ട പന്ത് തടയാന്‍ വലന്‍സിയ കീപ്പര്‍ നെറ്റോ മുഴുനീളന്‍ ഡൈവ് നടത്തിയെങ്കിലും പിടിനല്‍കാതെ പന്ത് ഇടതുപോസ്റ്റിന്റെ ഓരം ചേര്‍ന്ന് വലയിലേക്ക് കുത്തികയറുകയായിരുന്നു.

അതേസമയം ലാലീഗയില്‍ ബാര്‍സയെ പിന്തള്ളി സെവ്വിയ പോയിന്റ് ടേബിളില്‍ ഒന്നാംസ്ഥാനം പിടിച്ചു. സെല്‍റ്റ വിഗോയെ 2-1 തോല്‍പ്പിച്ചാണ് സെവ്വിയ ഒന്നാമന്മാരായത്. 16 പോയിന്റോടെയാണ് സെവിയ്യ ലാലിഗയില്‍ ഒന്നാം സ്ഥാനത്തെത്തിയത്. 15 പോയിന്റുമായി ബാര്‍സ രണ്ടും അത്‌ലറ്റികോ മാഡ്രിഡ് മൂന്നും സ്ഥാനങ്ങളിലാണ്. മൂന്നു മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളിലുള്ള റയല്‍ മാഡ്രിഡ്, എസ്പാന്യോള്‍, ഡിപോര്‍ട്ടിവോ അലാവസ് ടീമുകള്‍ക്ക് 14 പോയിന്റുണ്ട്.

chandrika: