X

പ്രിയപ്പെട്ട മെസ്സീ, പോകരുത്; ഉറങ്ങാതെ ബാഴ്‌സലോണ നഗരം-വീഡിയോ കാണാം

ബാഴ്‌സലോണ: ഇടിത്തീ പോലെയാണ് ബാഴ്‌സലോണ നഗരത്തില്‍ ആ വാര്‍ത്ത പരന്നത്, തങ്ങളുടെ പ്രിയപ്പെട്ട താരം സാക്ഷാല്‍ ലയണല്‍ മെസ്സി ക്ലബ് വിടുന്നു. ചങ്കില്‍ത്തറച്ച ആ വാര്‍ത്ത കേട്ട് ബാഴ്‌സലോണ നഗരം ഇന്നലെ ഉറങ്ങിയില്ല. ആയിരക്കണക്കിന് ആരാധകരാണ് പ്രിയപ്പെട്ട താരത്തിനായി ഉറക്കമിളച്ച് ഇന്നലെ തെരുവിലിറങ്ങിയത്.

ബാഴ്‌സയുടെ സ്റ്റേഡിയമായ നൗകാംപിന് മുമ്പിലായിരുന്നു പ്രധാന പ്രതിഷേധം. മെസ്സിയുടെ പത്താം നമ്പര്‍ ജഴ്‌സി കൈയില്‍പ്പിടിച്ചാണ് പ്രതിഷേധക്കാര്‍ എത്തിയത്. മെസ്സിക്കായി ഒത്തുകൂടിയ ജനം ക്ലബ് പ്രസിഡണ്ട് മരിയ ബര്‍തോമ്യൂവിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

ക്ലബുമായുള്ള രണ്ടു ദശാബ്ദം നീണ്ട ബന്ധമാണ് മെസ്സി അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്. ബാഴ്‌സയുടെ ഫുട്‌ബോള്‍ അക്കാദമി ലാ മാസിയയിലൂടെ വളര്‍ന്ന അര്‍ജന്റീനന്‍ താരം 2011ലാണ് ബാഴ്‌സയിലെത്തുന്നത്. 2004ലായിരുന്നു സീനിയര്‍ ടീമിനായുള്ള അരങ്ങേറ്റം.

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ഫൈനലില്‍ ബയേണ്‍ മ്യൂണിച്ചില്‍ നിന്നേറ്റ 8-2ന്റെ തോല്‍വി, ക്ലബിന്റെ നിലവിലെ പോക്ക്, പ്രസിഡണ്ടുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ എന്നിവയാണ് ഇതിഹാസ താരത്തെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. ബയേണിനെതിരെയുള്ള തോല്‍വിക്ക് ശേഷം ടീമിനെ ഉടച്ചു വാര്‍ക്കാന്‍ ക്ലബ് തീരുമാനിച്ചിരുന്നു.

ഇതിന്റെ ഭാഗമായി ഡച്ച് പരിശീലകന്‍ റൊണാള്‍ഡ് കുമാന്‍ നിയമിതനായി. ലൂയിസ് സുവാരസ്, ഇവാന്‍ റാകിറ്റിച്ച്, ആര്‍തുറോ വിദാല്‍ തുടങ്ങിയവര്‍ക്ക് ക്ലബ് വിടാനുള്ള അനുമതി നല്‍കി. ഇതിനിടെയാണ് അപ്രതീക്ഷിതമായി മെസ്സിയുടെ പ്രഖ്യാപനം വരുന്നത്.

മുന്‍ ബാഴ്‌സ പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കാണ് മെസ്സി പോകുന്നത് എന്നാണ് അഭ്യൂഹങ്ങള്‍. പി.എസ്.ജിയിലേക്ക് പോകുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.

Test User: