മാഡ്രിഡ്:സെവിയ്യയെ എതിരില്ലാത്ത അഞ്ചു ഗോളിന് തോല്‍പിച്ച് ബാര്‍സലോണ കോപ ഡെല്‍ റെ കിരീടത്തില്‍ മുത്തമിട്ടു. ഇതു തുടര്‍ച്ചയായ നാലാം തവണയാണ് കറ്റാലന്‍ ക്ലബ് ഡെല്‍ റെ സ്വന്തമാക്കുന്നത്. ഇതോടെ ബാര്‍സയുടെ മൊത്തം കോപ ഡെല്‍ റെ കിരീട നേട്ടം മുപ്പതായി ഉയര്‍ന്നു. ലാലീഗയില്‍ നിലവില്‍ രണ്ടാം സ്ഥാനക്കാരായ അത്‌ലറ്റിക്കോ മാഡ്രിഡ് ഇന്ന് തോറ്റാല്‍ ലീഗ് കിരീടവും ബാര്‍സക്ക് സ്വന്തമാക്കാം.
ആദ്യ പകുതിയില്‍ തന്നെ ബാര്‍സ സെവിയയുടെ പോസ്റ്റില്‍ എണ്ണം പറഞ്ഞ മൂന്നു ഗോളുകള്‍ അടിച്ചു കയറ്റിയിരുന്നു. 14-ാം മിനിറ്റില്‍ സുവാരസാണ് ആദ്യ ഗോള്‍ നേടിയത്. ഫിലിപ്പ് കൗട്ടിന്യോയുടെ പാസ് സുവാരസ് വലയിലാക്കുകയായിരുന്നു. 31-ാം മിനിറ്റില്‍ ലയണല്‍ മെസി ബാര്‍സയുടെ ലീഡ് ഇരട്ടിയാക്കി. ഈ ഗോളോടെ അഞ്ചു കോപ ഡെല്‍ റേ ഫൈനലില്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡിനൊപ്പമെത്താനും മെസ്സിക്കായി. 40-ാം മിനിറ്റില്‍ സുവാരസ് തന്റെ ഗോള്‍ നേട്ടം ഇരട്ടിയാക്കി.
ബാര്‍സ കുപ്പായത്തില്‍ അവസാന ഫൈനലിന് ഇറങ്ങിയ 54-ാം നായകന്‍ ആന്ദ്രെ ഇനിയസ്റ്റയുടെ വകയായിരുന്നു ഗോള്‍. 69-ാം മിനിറ്റില്‍ പെനാല്‍ട്ടി കിക്ക് ലക്ഷ്യത്തിലെത്തിച്ച് ഫിലിപ്പെ കുട്ടിഞ്ഞ്യോ ബാര്‍സയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി ഒപ്പം കിരീടവും. ചാമ്പ്യന്‍സ് ലീഗില്‍ ഇറ്റാലിന്‍ ക്ലബ് എ.എസ് റോമയോട് അപ്രതീക്ഷിത തോല്‍വി പിണഞ്ഞ് പുറത്തായ ബാര്‍സക്ക് കൂടുതല്‍ ശക്തി പകരുന്നതാണ് കോപ ഡെല്‍ റെ കിരീടം.