ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സയ്ക്ക് മികച്ച വിജയം. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ബാഴ്‌സയുടെ വിജയം. ബൊറൂസിയ ഡോര്‍ട്ടമുണ്ട് ഉയര്‍ത്തിയ വെല്ലുവിളിയെ ബാഴ്‌സ ആയാസരഹിതമായി മറികടന്നു.അതേ സമയം മുന്‍ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി യുവന്റസിനെതിരെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍വി ഏറ്റുവാങ്ങി. സീസണില്‍ സിറ്റി മോശം ഫോം തുടരുകയാണ്. മൊണോക്കോയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ആര്‍സനലും മൂന്ന് പോയന്റുകള്‍ നേടിയെടുത്തു.
മത്സരത്തിലെ രണ്ടാം പകുതിയിലാണ് അഞ്ച് ഗോളുകളും പിറന്നത്. 52ാം മിനിറ്റില്‍ ബാഴ്‌സയുടെ റഫീന്യയിലൂടെ ഗോളുകള്‍ ആരംഭിച്ചു. 60ാം മിനിറ്റില്‍ പെനല്‍റ്റി ഗോളാക്കി സെര്‍ഹോ ഗ്വരാസി ഡോര്‍ട്ട്മുണ്ടിനെ ഒപ്പമെത്തിച്ചു. 75ാം മിനിറ്റില്‍ ഫെറാന്‍ ടോറസ് ബാഴ്‌സക്ക് ലീഡ് നല്‍കിയെങ്കിലും ഗ്വരാസി ഡോര്‍ട്ട്മുണ്ടിനായി സമനില ഗോള്‍ നേടി. ഒടുവില്‍ 85ാം മിനിറ്റില്‍ ഫെറന്‍ ടോറസ് നേടിയ രണ്ടാം ഗോളിലൂടെ വിജയം ബാഴ്‌സ കൈക്കലാക്കി. ആറ് മത്സരങ്ങളിലായി 15 പോയന്റ് നേടി പോയന്റ് പട്ടികയില്‍ ബാഴ്‌സ രണ്ടാമതാണ്. ആറ് മത്സരങ്ങളും ജയിച്ച ലിവര്‍പൂളാണ് ഒന്നാമത്.
53ാം മിനിറ്റില്‍ ഡുസാന്‍ വ്‌ളാഹോവിക്, 75ാം മിനിറ്റില്‍ വെസ്റ്റണ്‍ മെക്കന്നി എന്നിവരാണ് യുവന്റസിനായി സിറ്റിയുടെ ഹൃദയം പിറന്ന ഗോള്‍ നേടിയത്. ചാമ്പ്യന്‍സ് ലീഗില്‍ ആറുമത്സരങ്ങളില്‍ എട്ട് പോയന്റുള്ള സിറ്റി നിലവില്‍ 22ാം സ്ഥാനത്താണ്. പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലുമായി കളിച്ച അവസാനത്തെ പത്ത് മത്സരങ്ങളില്‍ നിന്നും സിറ്റിയുടെ ഏഴാം തോല്‍വിയാണിത്.
പന്തടക്കത്തിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും മുന്നിട്ടുനിന്ന ആര്‍സനല്‍ അര്‍ഹിച്ച വിജയമാണ് നേടിയത്. 34, 78 മിനുറ്റുകളില്‍ ബുകായോ സാക്ക നേടിയ ഇരട്ട ഗോളുകളും കൈ ഹാവര്‍ട്ടസ് 88ാം മിനുറ്റുകളില്‍ നേടിയ ഗോളുമാണ് ആര്‍സനലിന് വിജയമുറപ്പിച്ചത്.