X

ബാഴ്‌സിലോണ ഭീകരാക്രമണം: ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു; നാല് പേര്‍ പിടിയില്‍

മഡ്രിഡ്: സ്‌പെയിനിലെ ബാഴ്‌സിലോണയിലുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. ആക്രമണവുമായി ബന്ധമുള്ളതായി കരുതുന്ന അഞ്ച് പേരെ മറ്റൊരു ഏറ്റുമുട്ടലില്‍ പൊലീസ് വധിച്ചു. മറ്റു നാല് പേര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പിടിയിലായി.

അക്രമണത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് നാല് പേര്‍ അറസ്റ്റിലായത്. പിടിയിലായവരില്‍ മൂന്ന് മൊറോക്കന്‍ പൗരന്മാരും ഒരാള്‍ സ്പാനിഷുകാരനുമാണ്. ഇവരെല്ലാം തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ളവരാണ്. റിപ്പോള്‍ എന്ന ഗ്രാമത്തില്‍ നിന്നുമാണ് മൂന്നു പേരെ പൊലീസ് പിടിച്ചത്. മറ്റൊരാളെ അല്‍സനര്‍ നഗരത്തില്‍ നിന്നും കസ്റ്റഡിയിലെടുത്തു. പിടിയിലായവര്‍ യുവാക്കളാണെന്നും പൊലീസ് വ്യക്തമാക്കി. കാംബ്രില്‍സില്‍ ഭീകരാക്രമണ ശ്രമം നടത്തിയവര്‍ തന്നെയാണ് ബാഴ്‌സിലോണ ആക്രമണത്തിനു പിന്നിലെന്നും പൊലീസ് വ്യക്തമാക്കി. ബാഴ്‌സിലോണയിലും കാംബ്രില്‍സിലും ഭീകരര്‍ നടത്തിയത് വന്‍ ആക്രമണ പദ്ധതികളാണെന്നും പൊലീസ് അറിയിച്ചു. അതില്‍ ഒന്നു നടപ്പാക്കുകയും ചെയ്തു.

വ്യാഴാഴ്ച ആള്‍ക്കൂട്ടത്തിനിടയിലേക്ക് വാന്‍ ഇടിച്ചുകയറ്റിയുണ്ടായ ആക്രമണത്തില്‍ 13 പേരാണ് കൊല്ലപ്പെട്ടത്. 130 പേര്‍ക്ക് പരിക്കേറ്റു. വിനോദ സഞ്ചാര കേന്ദ്രമായ ലാസ് റാബലസില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരും പരിക്കേറ്റവും വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.
ലാസ് റാംബ്ലലാസിലേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനവിലക്കുള്ളതാണ്. ഈ മേഖലയില്‍ കാല്‍നടക്കാര്‍ക്കിടയിലേക്കാണ് വാന്‍ ഓടിച്ചുകയറ്റിയത്. അപകടം നടന്ന് ഒന്നര മണിക്കൂറുകള്‍ക്ക് ശേഷം വിക് നഗരത്തില്‍ നിന്നും അക്രമികള്‍ ഉപയോഗിച്ചതായി കരുതുന്ന വാഹനം പൊലീസ് കണ്ടെത്തി.
അക്രമത്തെ തുടര്‍ന്ന് ഫ്രാന്‍സ് സുരക്ഷ ശക്തമാക്കി. ഫ്രാന്‍സിന്റെയും സ്‌പെയിനിന്റെയും അതിര്‍ത്തി പങ്കിടുന്ന പ്രദേശത്ത് കൂടുതല്‍ സൈന്യത്തെയും സുരക്ഷാ സേനയെയും വിന്യസിച്ചതായി ഫ്രഞ്ച് ആഭ്യന്തര മന്ത്രി ഗെരാര്‍ഡ് കൊളമ്പ് അറിയിച്ചു. ഭീകരാക്രമണമാണ് രാജ്യത്തുണ്ടായതെന്ന് സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ റജോയി വ്യക്തമാക്കി. രാജ്യത്ത് മൂന്നു ദിവസത്തെ ദു:ഖാചരണവും പ്രഖ്യാപിച്ചു.

chandrika: